വീട്ടില്‍ തടി ഫര്‍ണിച്ചറുകള്‍ സൂക്ഷിക്കേണ്ടത് എവിടെ; ഇങ്ങനെ സൂക്ഷിച്ചാല്‍ കുത്തല്‍ വീഴുന്നത് ഒഴിവാക്കാം
തടി കൊണ്ടുള്ള ഫര്‍ണിച്ചറുകള്‍ ഏതൊരു വീടിനും പഴമയുടെ പ്രൗഡിയും ഭംഗിയും ഗാംഭീര്യവും നല്‍കുന്നു. ഇപ്പോള്‍ പുതിയ വീടുകളില്‍ തടി കൊണ്ടു നിര്‍മ്മിച്ച ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. പരമ്പരാഗത ശൈലിയില്‍ പണിതുയര്‍ത്തുന്ന വീടുകള്‍ക്ക് ഏറ്റവും അനുയോജ്യം തടി ഫര്‍ണിച്ചറുകള്‍ ആണ്.
എന്നാല്‍ തടി ഫര്‍ണിച്ചറുകളുടെ ഏറ്റവും വലിയ പോരായ്മ എന്നു പറയുന്നത് ശരിയായ പരിചരണം ഇല്ലെങ്കില്‍ അവയുടെ തിളക്കം നഷ്ടപ്പെടും എന്നതാണ്. കാലക്രമേണ കുത്തല്‍ വീഴാനും പോറലുകളും പാടുകളും കേടുപാടുകളും ഒക്കെ ഉണ്ടാകാനും സാധ്യതയുണ്ട്. എന്നാല്‍ ലളിതമായ മാര്‍ഗങ്ങളിലൂടെ തടി ഫര്‍ണിച്ചറുകള്‍ വര്‍ഷങ്ങളോളം പുതുമയോടെ നിലനിര്‍ത്താന്‍ കഴിയും. വീട്ടിലെ തടി ഫര്‍ണിച്ചറുകള്‍ പരിപാലിക്കുന്നതിനുള്ള ചില ലളിതമായ നുറുങ്ങുകള്‍ ഇതാ.

ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയെങ്കിലും ഫര്‍ണിച്ചറുകള്‍ തുടയ്ക്കാന്‍ മൈക്രോ ഫൈബര്‍ തുണി ഉപയോഗിക്കുക. കൂടുതല്‍ നന്നായി വൃത്തിയാക്കാനായി നേരിയ ഈര്‍പ്പമുള്ള തുണി കൊണ്ടു തുടയ്ക്കുക. നനവ് മാറാന്‍ ഉടന്‍തന്നെ ഉണങ്ങിയ തുണി കൊണ്ട് നന്നായി ഫര്‍ണിച്ചര്‍ തുടയ്ക്കുക.
പതിവായി തുടയ്ക്കുന്നത് തടി ഫര്‍ണിച്ചറിന്റെ സ്വാഭാവിക തിളക്കം നിലനിര്‍ത്തുന്നു. മരം കൊണ്ടുള്ള ഫര്‍ണിച്ചറുകളില്‍ നേരിട്ട് സൂര്യപ്രകാശം കിട്ടുന്ന വിധത്തില്‍ വയ്ക്കരുത്. അള്‍ട്രാവയലറ്റ് രശ്മികളും ചൂടും തടി വരണ്ടതാക്കുകയും വിള്ളലുകള്‍ വീഴ്ത്തുകയും ചെയ്യും. സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷണം നല്‍കി വേണം ഫര്‍ണിച്ചറുകള്‍ സൂക്ഷിക്കാന്‍. ജനലിന്റെ അടുത്താണെങ്കില്‍ കര്‍ട്ടണുകള്‍ കൊണ്ട് സംരക്ഷണമേകാം.
അതുപോലെ മരത്തിന്റെ ഫര്‍ണിച്ചര്‍ ഈര്‍പ്പം ഇല്ലാതെയും സൂക്ഷിക്കണം. അമിതമായ ഈര്‍പ്പം മരം വീര്‍ക്കാനും വിള്ളലിനും കാരണമാകും. ബാത്‌റൂമുകള്‍ക്കു സമീപം അല്ലെങ്കില്‍ ബാല്‍ക്കണി പോലുള്ള ഈര്‍പ്പമുള്ള ഇടങ്ങളില്‍ തടി ഫര്‍ണിച്ചറുകള്‍ സൂക്ഷിക്കരുത്. മഴക്കാലത്ത് കവറുകള്‍ ഉപയോഗിച്ച് ഫര്‍ണിച്ചര്‍ സംരക്ഷിക്കുന്നത് അതിന്റെ ആയുസ് വര്‍ധിപ്പിക്കാന്‍ നല്ലതാണ്.
ചെറിയ കേടുപാടുകള്‍ പോളിഷ് ചെയ്ത് പരിഹരിക്കുക. ഫര്‍ണിച്ചറിന്റെ ഫിനിഷിന് അനുയോജ്യമായ വുഡ് പോളിഷ് ഉപയോഗിക്കുക. ഇത് ഫര്‍ണിച്ചറില്‍ കുത്തല്‍ വീഴാതിരിക്കാനും സഹായിക്കും. കേടുപാടുകള്‍ ഉടനടി നന്നാക്കിയാല്‍ അത് പടരുന്നത് തടയാന്‍ കഴിയും. പതിവായി പോളിഷ് ചെയ്യുന്നത് ചിതലിനെ തടയുന്നു. ഫര്‍ണിച്ചറിനെ പുതിയതു പോലെ നിലനിര്‍ത്തുകയും ചെയ്യും.












Click it and Unblock the Notifications