Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനത്തിന് തീ പിടിക്കു​മ്പോൾ ഡോർ തുറക്കാൻ പറ്റാത്തത് എന്തുകൊണ്ട്?- ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിച്ച് ഗർഭിണിയ്ക്ക് ജീവൻ നഷ്ടപ്പെട്ട അപകടം പുത്തൻ വിവാദങ്ങളിലേക്ക് നീങ്ങുമ്പോൾ, വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നത് കൂടി ചർച്ചയാകുകയാണ്. കക്കറമുക്കി​ലെ സംഭവത്തിൽ പിൻസീറ്റിലായിരുന്ന സോന എന്ന യുവതിക്ക് പിൻ ഡോർ തുറക്കാൻ കഴിയാഞ്ഞതുകൊണ്ടാണ് ദാരുണമായി മരണത്തിന് മുന്നിൽ കീഴടങ്ങേണ്ടി വന്നത്.

കാറിന് തീ പിടിച്ചാൽ പലപ്പോഴും ഡോർ തുറക്കാൻ കഴിയാത്തതുകൊണ്ട് അകത്തുകുടങ്ങിപ്പോകുന്ന സംഭവങ്ങൾ നിരവധി കണ്ടുവരുന്നുണ്ട്. ഡോറിന്റെ വയറിങ് തകരാറിലാകുന്നതാണ് ഡോർ തുറക്കാൻ പറ്റാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. വയറിങ് പോയിട്ടുണ്ടെങ്കിൽ അകത്തിരിക്കുന്ന ആൾ മാന്വൽ ആയി തുറന്നുകൊടുത്താൽ മാത്രമേ പുറത്തുനിന്നും ഡോർ തുറക്കാനാകൂ. ഡോർ മെക്കാനിസം പ്രവർത്തിക്കുന്നത് കേബിൾ ഉപയോഗിച്ചാണ്. കേബിൾ ഉരുകിപ്പോയാൽ ലോക്കിങ് മെക്കാനിസം പ്രവർത്തിക്കാതെവരും. അതുകൊണ്ടാണ് ഡോർ തുറക്കാൻ കഴിയാതെവരുന്നത്.

car-catching-fire-car-1

വണ്ടി ഓടിക്കുന്നവരുടെ അശ്രദ്ധ കൊണ്ടും സാങ്കേതിക തകരാർ കൊണ്ടുമൊക്കെ ഇത്തരം അപകടങ്ങൾ ഉണ്ടാകാറുണ്ട്. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ അതിനുള്ളിലെ എൻജിൻ തകരാറിലായാൽ, വാഹനങ്ങൾ കൂട്ടിയിടിച്ചോ മറ്റോ അപകടം ഉണ്ടാകുമ്പോൾ, വയറിങിൽ തകരാർ സംഭവിക്കുമ്പോൾ, ഷോർട്ട് സർക്യൂട്ട് തുടങ്ങി നിരവധി കാരണങ്ങൾ ഉണ്ടാകാറുണ്ട്. ചെറിയ ശ്രദ്ധ വലിയ ദുരന്തത്തിലേക്ക് നയിക്കാറുമുണ്ട്. എന്തെങ്കിലും കാരണവശാല്‍ നമ്മുടെ കാറിന് തീപിടിക്കുകയാണെങ്കില്‍ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

കൃത്യമായ ഇടവേളകളിൽ വണ്ടി മെയിന്റനൻസ് ചെയ്യാൻ ശ്രദ്ധിക്കണം. വാഹനം നിർത്തിയിട്ടിരുന്ന തറയിൽ ഓയിൽ ലീക്കേജ് ഉണ്ടോ എന്നു പരിശോധിക്കുന്നതും ദിവസത്തിൽ ഒരിക്കലെങ്കിലും ബോണറ്റ് തുറന്നു പരിശോധിക്കുന്നതും നല്ലതാണ്. എൻജിൻ കംപാർട്മെന്റ് വൃത്തിയാക്കി സൂക്ഷിക്കുന്നത് ലീക്കേജ് കണ്ടെത്തുന്നതിനു മാത്രമല്ല, ചെറിയ അഗ്നിബാധ ഗുരുതരമാകുന്നതു തടയുന്നതിനും ഉപകാരപ്പെടും. കൃത്യമായ ഇടവേളകളിൽ ഗ്യാസ്‌ലൈനുകളിൽ പരിശോധന നടത്തുകയും ഗ്യാസ് ലീക്ക് ഉണ്ടോയെന്ന് ഇടയ്ക്കിടെ പരിശോധിക്കുകയും വേണം. പെട്രോളിന്റെയോ ഗ്യാസിന്റെയോ ഗന്ധം അനുഭവപ്പെട്ടാൽ പരിശോധന പൂർത്തിയാക്കി മാത്രമേ വാഹനം സ്റ്റാർട്ട് ചെയ്യാവൂ.

അനാവശ്യ ഓൾട്ടറേഷനുകളും വയറിങ്ങും കൂട്ടിച്ചേർക്കലുകളും ഒഴിവാക്കണം. ഇന്ധനക്കുഴലുകളും വയറുകളും ക്ലിപ്പ് ചെയ്ത് ഉറപ്പിക്കണം.

പാനൽ ബോർഡ് വാണിങ് ലാംപുകളും മീറ്ററുകളും സദാ നിരീക്ഷിക്കുകയും കൃത്യമായ ഇടവേളകളിൽ കൂളന്റും എൻജിൻ ഓയിലും മാറ്റുകയും ചെയ്യണം. കന്നാസിലും മറ്റും ഇന്ധനം വാങ്ങി സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും കർശനമായി ഒഴിവാക്കണം.

വലിയ വാഹനങ്ങളിൽ പ്രൊപ്പല്ലർ ഷാഫ്റ്റിന് ഇരുമ്പ് ബ്രാക്കറ്റുകൾ ഘടിപ്പിക്കണമെന്നും വിദഗ്ധർ പറയുന്നു. വളരെ ചൂടുള്ള കാലാവസ്ഥയിൽ ഡാഷ്‌ബോർഡിൽവച്ചിട്ടുള്ള വാട്ടർബോട്ടിലുകൾ ലെൻസ്‌പോലെ പ്രവർത്തിച്ച് സീറ്റ് അപ്ഹോൾസ്റ്ററിയും പ്ലാസ്റ്റിക് ഭാഗങ്ങളും തീപിടിച്ചിട്ടുള്ള സംഭവങ്ങളും സർവ സാധാരണമാണ് ഇപ്പോൾ. വിനോദയാത്രകളും മറ്റും പോകുമ്പോൾ സ്റ്റൗ ഉപയോഗിച്ചു ഭക്ഷണം പാകം ചെയ്യുന്നത് വാഹനത്തിൽ വെച്ചാകരുത്, വാഹനത്തിനകത്ത് ഇന്ധനം തീപ്പെട്ടി, ലൈറ്ററുകൾ, സ്പ്രേകൾ, സ്ഫോടകവസ്തുക്കൾ എന്നിവ സൂക്ഷിക്കരുത്,

ആംബുലൻസുകളിൽ ഓക്സിജൻ സിലിണ്ടറുകൾ ബ്രാക്കറ്റുകൾ ഉപയോഗിച്ച് ഉറപ്പിക്കണം തുടങ്ങിയ കാര്യങ്ങളും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സാധാരണ കാറിന്റെ സീറ്റുകളും മറ്റും അഗ്‌നിബാധ ചെറുക്കുന്ന മെറ്റീരിയൽകൊണ്ടാണു നിർമിക്കുക. എന്നാൽ, റെക്സിൻ കവറുകളും പോളിയസ്റ്റർ തുണിക്കവറുകളും പെട്ടെന്നു തീ ആളിപ്പിടിക്കുന്നതിനു കാരണമാകാം.

തീ അണയ്ക്കുന്നതിനുള്ള കെമിക്കൽ പൗഡർ (Dry Chemical Powder-fire extinguisher), കാർ സേഫ്ടി വിൻഡോ ഹാമ്മർ, എമർജൻസി സീറ്റ് ബെൽറ്റ് കട്ടർ, ടോർച്ച്, ഫസ്റ്റ്എയ്ഡ് കിറ്റ് എന്നീ സാധനങ്ങൾ വാഹനത്തിൽ സൂക്ഷിക്കണം. തീ പൊള്ളലേറ്റാൽ പൊള്ളലേറ്റ വ്യക്തിയെ തീയിൽനിന്നു മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. വള, മോതിരം, ബെൽറ്റ് പോലുള്ളവ അഴിച്ചുമാറ്റിയില്ലെങ്കിൽ ആ ഭാഗം നീരുവയ്ക്കും. ശ്വാസഗതി നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ കൃത്രിമ ശ്വാസം നൽകുകയും ചെയ്യണം. പൊള്ളലേറ്റ വസ്ത്രങ്ങൾ നീക്കണം. ശരീരവുമായി ഉരുകിപ്പിടിച്ചിട്ടുണ്ടെങ്കിൽ അയഞ്ഞ ഭാഗം മുറിച്ചുമാറ്റാം. വലിച്ചെടുക്കാൻ ശ്രമിക്കരുത്. പൊള്ളലേറ്റ ശരീരഭാഗം വെള്ളം (ടാപ്പ് വെള്ളം) ഒഴിച്ചു തണുപ്പിക്കുക. നനഞ്ഞ തുണി ഉപയോഗിച്ചു മൃദുവായി ഒപ്പിക്കൊടുക്കുക. പൊള്ളലിന്റെ ആഘാതം കുറയ്ക്കുന്നതിനായി ടൂത്ത് പേസ്റ്റ്, എണ്ണ, ബട്ടർ പോലുള്ളവയൊന്നും പുരട്ടരുതെന്ന കാര്യം പ്രത്യേകം ഓർക്കുക. പരിക്കേറ്റ വ്യക്തിക്ക് വെള്ളം കൊടുക്കരുത്. അത് ശ്വാസകോശത്തിലെത്താം. അടിയന്തിരമായി ശസ്ത്രക്രിയ ചെയ്യേണ്ടിവന്നാൽ ബുദ്ധിമുട്ടാകും.

ഓടിക്കൊണ്ടിരിക്കെ വാഹനത്തിനുള്ളില്‍ നിന്നും പുകയോ മണമോ വന്നാല്‍ പരിഭ്രാന്തരാകാതെ വാഹനം സുരക്ഷിതമായി റോഡരികിലേക്ക് നിര്‍ത്തുകയാണ് വേണ്ടത്. മറ്റു വാഹനങ്ങള്‍ക്ക് സമീപത്തോ ഉണങ്ങിയ പുല്ല് പോലെ എളുപ്പം തീപിടിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലോ നിര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. വാഹനം നിര്‍ത്തിയ ഉടന്‍ തന്നെ ഇന്ധനത്തിന്റെ ഒഴുക്കും ഇലക്ട്രിക്കല്‍ കണക്ഷനുകളും വിച്ഛേദിക്കാന്‍ എന്‍ജിന്‍ ഓഫാക്കണം. ഹാന്‍ഡ് ബ്രേക്ക് കൃത്യമായി ഇടാനും ഓർക്കണം.

ഡോറുകളെല്ലാം അണ്‍ലോക്കാക്കി കാറിനുള്ളിലുള്ളവരെ പുറത്തിറക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. വാഹനത്തിനുള്ളിലെ സാധനങ്ങളോ രേഖകളോ ഫോണോ ഒന്നും എടുക്കാന്‍ ശ്രമിച്ച് സമയം കളയരുത്. തീയോ പുകയോ വരുന്നത് എന്‍ജിന്റെ ഭാഗത്താണെങ്കില്‍ ബോണറ്റ് പെട്ടെന്ന് വലിച്ചു തുറക്കരുത്. ബോണറ്റ് വലിച്ചു തുറക്കുമ്പോള്‍ എന്‍ജിനിലേക്ക് വലിയ തോതില്‍ ഓക്‌സിജന്‍ പ്രവേശിക്കുകയും വലിയൊരു അഗ്നിഗോളത്തിന് കാരണമാവുകും ചെയ്യും.

കാറുകളില്‍ ഉപയോഗിക്കുന്ന ക്ലാസ് ബി, ക്ലാസ് സി വിഭാഗങ്ങളിലെ ഡ്രൈ കെമിക്കല്‍ ഫയര്‍ എക്സ്റ്റിംഗുഷറുകള്‍ ഉണ്ടെങ്കില്‍ മാത്രം അത് തീ കെടുത്താന്‍ ഉപയോഗിക്കാം. ബോണറ്റ് നേരിയ തോതില്‍ തുറന്ന് ആ ഗ്യാപ്പിലൂടെയോ ഫ്രണ്ട് ഗ്രില്ലിലൂടെയോ വേണം ഫയര്‍ എക്സ്റ്റിംഗുഷര്‍ ഉപയോഗിക്കാന്‍. തീ ഇന്ധന ടാങ്കിന് അടുത്താണെങ്കിലോ കാറിനുള്ളില്‍ നിന്നും വലിയ തോതില്‍ പുക വരുന്നുണ്ടെങ്കിലോ സ്വയം കെടുത്താന്‍ ശ്രമിക്കാതെ ഫയര്‍ഫോഴ്‌സിനെ അറിയിക്കണം. മറ്റു വാഹനങ്ങള്‍ക്കും മനുഷ്യര്‍ക്കും മുന്നറിയിപ്പ് നൽകുന്ന എന്തെങ്കിലും റോഡില്‍ വെക്കുകയും വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+