ക്ലോസറ്റിൽ എന്തിനാണ് ആളുകൾ വെളുത്തുളളി ഇടുന്നത്? കീടാണുക്കളെ വെളുത്തുളളി അകറ്റുമോ?
ടോയ്ലറ്റ് ക്ലോസറ്റിൽ വെളുത്തുള്ളി ഇടുന്നത് പല വീടുകളിലും ഒരു ശീലമാണ്. പലപ്പോഴും പ്ലംബിംഗ് പ്രശ്നങ്ങളോ കീടശല്യമോ ഉണ്ടാകുമ്പോൾ ആരെങ്കിലും ഇത് നിർദ്ദേശിക്കുക പതിവാണ്. വില കുറഞ്ഞതും പരിചിതവും ഉപയോഗിക്കാൻ എളുപ്പവുമാണ് വെളുത്തുള്ളി. കക്കൂസിലിടുക, ഫ്ലഷ് ചെയ്യുക, മറക്കുക എന്ന ലളിത രീതി. എന്നാൽ ഇത് കൊണ്ട് ഫലമുണ്ടോ എന്നത് ആരും ചിന്തിക്കുന്നില്ല.
കക്കൂസിൽ വെളുത്തുള്ളി ഒഴുക്കിവിടുന്നതിൻ്റെ പ്രധാന പ്രചോദനം കീടങ്ങളെ അകറ്റുമെന്ന വിശ്വാസമാണ്. വെളുത്തുള്ളിയുടെ രൂക്ഷമായ ഗന്ധം പ്രാണികൾക്കും എലികൾക്കും അരോചകമാണെന്ന് കരുതപ്പെടുന്നു. പാറ്റ, എലി, ഡ്രെയിൻ പ്രാണികൾ എന്നിവയുളള വീടുകളിൽ, ഈ ഗന്ധം പൈപ്പുകളിലൂടെ വ്യാപിക്കുകയും കീടങ്ങൾ ഒഴിവാക്കുന്ന ഒരന്തരീക്ഷം സൃഷ്ടിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
ദുർഗന്ധം മറയ്ക്കാനും ഇത് ഉപയോഗിക്കാറുണ്ട്. രാസവസ്തുക്കൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഇടങ്ങളിൽ ഈ രീതിക്ക് പ്രചാരമേറെയാണ്. ഇത് വിദഗ്ദ്ധോപദേശത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. ദോഷകരമല്ലാത്തതും പ്രായോഗികവുമാണെന്ന് തോന്നുന്നതുകൊണ്ടാണ് ഈ ശീലം പ്രചരിക്കുന്നത്. വ്യക്തമായ തെളിവില്ലെങ്കിൽ പോലും, പ്രകൃതിദത്തമെന്ന് തോന്നുന്ന കാര്യങ്ങളെ ആളുകൾ വിശ്വസിക്കുന്നു.

കുളിമുറികളിൽ പ്രതീക്ഷിച്ചതിലും കൂടുതൽ സമയം ദുർഗന്ധം നിലനിൽക്കാറുണ്ട്. എയർ ഫ്രെഷനറുകളുടെ മണം മങ്ങുമ്പോൾ ആളുകൾ മറ്റ് പരിഹാരങ്ങൾ തേടുന്നു. വെളുത്തുള്ളിക്ക് രൂക്ഷവും എന്നാൽ നൈമിഷികവുമായ ഗന്ധമാണുള്ളത്. ദുർഗന്ധം അകറ്റുന്നതിൽ വെളുത്തുള്ളിയുടെ പങ്ക് അതിൻ്റെ ഗന്ധത്തെയും അതിൽ നിന്നുള്ള അല്ലിസിൻ്റെ ഗുണങ്ങളെയും ആശ്രയിച്ചിരിക്കും. വെള്ളത്തിൽ കുതിരുമ്പോൾ രൂക്ഷസുഗന്ധം പുറത്തുവിടുന്ന വെളുത്തുള്ളി, ചതയ്ക്കുമ്പോൾ അല്ലിസിൻ പുറത്തുവിടും. ഇത് ചില ബാക്ടീരിയകളുടെ വളർച്ചയെ മന്ദഗതിയിലാക്കുമെങ്കിലും, കക്കൂസിലെ വെള്ളത്തിൽ ഫലം കുറയും; അണുവിമുക്തമാക്കാനാവില്ല.
രാത്രിയിൽ, കുളിമുറി ഉപയോഗിക്കാത്ത സമയത്ത്, വെളുത്തുള്ളിക്ക് നിശ്ശബ്ദം പ്രവർത്തിക്കാൻ സമയം ലഭിക്കുന്നു. ഇതുവഴി രാവിലെ കുളിമുറിക്ക് സുഗന്ധമില്ലെങ്കിലും, ശുദ്ധിയുള്ളതായി തോന്നുമെന്നാണ് പലരുടെയും അനുഭവം. രൂക്ഷവും പ്രകൃതിദത്തവുമായ ഗന്ധം ഉപയോഗിച്ച് നേരിയ ദുർഗന്ധങ്ങളെ മറയ്ക്കാൻ ഇതിന് കഴിയും. വലിയ പ്ലംബിംഗ് പ്രശ്‌നമില്ലാത്ത വീടുകളിൽ, ഒറ്റപ്പെട്ട ദുർഗന്ധ പ്രശ്നങ്ങൾക്ക് ഇത് മതിയാകുമെന്ന് തോന്നും. ശുചീകരണത്തിന് പകരമാകില്ല; നിലവിലുള്ള ഗന്ധങ്ങളെ നേരിയ തോതിൽ മെച്ചപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.
കക്കൂസിലെ മഞ്ഞക്കറകൾ നീക്കം ചെയ്യാൻ വെളുത്തുള്ളി ചായ ചിലർ ഉപയോഗിക്കാറുണ്ട്. അല്ലികൾ ചതച്ച് ചൂടുവെള്ളത്തിൽ കുതിർത്ത് ആ മിശ്രിതം കക്കൂസിലിടുന്നതാണിത്. കടുപ്പമുള്ള വെള്ളം കാരണം വരുന്ന മഞ്ഞക്കറകൾ മാറ്റാമെന്ന് കരുതുന്നു. വെളുത്തുള്ളിയിലെ സൾഫർ സംയുക്തങ്ങൾ ഉപരിതലത്തിലെ കറകളെ അയവുള്ളതാക്കാൻ സഹായിച്ചേക്കാം. ഇത് ഉടനടി ഫലം നൽകില്ല; കഠിനമായ അഴുക്കുകൾക്ക് ഫലപ്രദവുമല്ല. നേരിയ നിറവ്യത്യാസങ്ങൾക്ക്, രാത്രി മുഴുവൻ ഇട്ടേക്കുകയാണെങ്കിൽ മാറ്റമുണ്ടാകാം.
ചെറിയ അളവിൽ വെളുത്തുള്ളി ഉപയോഗിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കില്ല. ഒരു അല്ലിയോ സത്തോ തടസ്സങ്ങളില്ലാതെ ഒഴുകിപ്പോയേക്കാം. പതിവായി ഇത് ചെയ്യുന്നത് ചെറിയ തടസ്സങ്ങളുണ്ടാക്കാം, പഴയ പ്ലംബിംഗിൽ പ്രത്യേകിച്ചും. സെപ്റ്റിക് സിസ്റ്റങ്ങൾ സെൻസിറ്റീവായതിനാൽ മാലിന്യം അടിഞ്ഞുകൂടാനും സാധ്യതയുണ്ട്. വെളുത്തുള്ളിയെ ദീർഘകാല ശുചീകരണ ഉൽപ്പന്നമായി കാണരുത്. ഇടയ്ക്കിടെ ഉപയോഗിക്കുന്നത് ദോഷകരമാകില്ല. എന്നാൽ ദിവസവും ഉപയോഗിക്കുന്നത് പിന്നീട് പല പ്രശ്നങ്ങൾക്കും വഴിവെച്ചേക്കാം.












Click it and Unblock the Notifications