പനി പിടിച്ചു കിടക്കുമ്പോള്‍ കാണുന്ന വിചിത്രമായ സ്വപ്നങ്ങള്‍; അതിനുള്ള ശാസ്ത്രീയ കാരണം ഇതാണ്
പനി പിടിച്ചു കിടക്കുക എന്നത് എല്ലാവര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ശരീരവും മനസും ഒരുപോലെ തളരുന്ന ഒരു സമയമാണ് പനിക്കാലം. തുമ്മലും ചുമയും ശരീര വേദനയും ഒക്കെ ദൈനംദിന ജീവിതത്തെ ദുഷ്‌കരമാക്കുന്നു. കട്ടിലില്‍ കിടക്കാമെന്ന് വച്ചാലും അസ്വസ്ഥതകള്‍ വിടാതെ പിന്തുടരും. നല്ല ഉറക്കം ലഭിക്കാത്തതാണ് ഏറ്റവും വലിയ പ്രതിസന്ധി.
പനിയുള്ള സമയത്ത് പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് ഉറങ്ങുമ്പോള്‍ അസ്വസ്ഥതപ്പെടുത്തുന്നതും വിചിത്രവുമായ സ്വപ്നങ്ങള്‍ കാണുന്നത്. ഈ സമയത്ത് പലപ്പോഴും അസാധാരണമായ സ്വപ്നങ്ങളാണ് കാണുന്നത്. പലപ്പോഴും ഉറക്കത്തിനിടെ ഞെട്ടി ഉണരാനും പിന്നീടുള്ള ഉറക്കം നഷ്ടപ്പെടാനും ഇത് കാരണമാകും.
പനിക്കാലത്ത് ഇത്തരം പേടിപ്പെടുത്തുന്ന സ്വപ്നങ്ങള്‍ കാണുന്നതിന് ശാസ്ത്രീയമായ കാരണങ്ങള്‍ ഉണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ശരീരത്തിലെ താപനിലയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളിലും മാറ്റം വരുത്തുന്നു. ഇത് ഉറക്കത്തില്‍ വിചിത്രമായ സ്വപ്നങ്ങള്‍ കാണാനും നെഗറ്റീവായ ചിന്തകള്‍ക്കും കാരണമാകുന്നു.

ശരീര താപനില സാധാരണ 97-99 ഡിഗ്രി ഫാരന്‍ഹീറ്റ് എന്ന പരിധിയില്‍ നിന്ന് രണ്ട് ഡിഗ്രി ഫാരന്‍ഹീറ്റ് മുകളിലേക്ക് ഉയരുമ്പോഴാണ് വിചിത്രമായ സ്വപ്നങ്ങള്‍ കാണുന്നത്. ഉറക്കത്തിന്റെ ദ്രുത നേത്ര ചലന ഘട്ടത്തിലാണ് ഇത്തരം വിചിത്രമായ സ്വപ്നങ്ങള്‍ കൂടുതല്‍ കാണുന്നതെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
അസുഖം വരുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളിലും പ്രകടമായ മാറ്റം വരും. പനി ഉള്ളപ്പോള്‍ കാണുന്ന സ്വപ്നങ്ങള്‍ കൂടുതലും നെഗറ്റീവ് ആണെന്നാണ് പഠനത്തില്‍ പങ്കെടുക്കുന്ന ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. അസുഖം ബാധിച്ച് ശരീരവും മനസും തളരുമ്പോള്‍ അത് തലച്ചോറിലേക്കും വ്യാപിക്കും. ഇത് സ്വപ്നങ്ങളിലും പ്രതിഫലിക്കും.
ഉയര്‍ന്ന താപനില, ക്ഷീണം, ചില മരുന്നുകള്‍, പ്രതിരോധ കുത്തിവെപ്പുകള്‍ എന്നിവ ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ ബാധിക്കുകയും ഉറക്കത്തിലും അത് പ്രതിഫലിക്കുകയും ചെയ്യും. ഈ സമയത്ത് നിങ്ങളുടെ ഓര്‍മ്മകളെയും വികാരങ്ങളെയുമൊക്കെ തലച്ചോറ് വ്യത്യസ്തമായി പ്രതിഫലിപ്പിക്കും.
ഉറക്കം നഷ്ടപ്പെടുമ്പോള്‍ അടുത്ത ദിവസങ്ങളില്‍ തലച്ചോറിന്റെ ഭാരം വര്‍ദ്ധിക്കും. ഇത് വീണ്ടും ഇത്തരം സ്വപ്നങ്ങള്‍ കാണാനിടയാക്കും. വിചിത്രമായ സ്വപ്നങ്ങള്‍ക്ക് പുറമേ ആശയക്കുഴപ്പം, ഭ്രമാത്മകത എന്നിവയ്ക്ക് കാരണമാകും. ഇത്തരം സ്വപ്നങ്ങളെ പൂര്‍ണമായും തടയാന്‍ കഴിയില്ലെങ്കിലും ചില ട്രിക്കുകളിലൂടെ അവയുടെ നെഗറ്റിവിറ്റി കുറയ്ക്കാന്‍ കഴിയും. പനിയുള്ള സമയത്ത് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ജലാംശം നിലനിര്‍ത്തുകയും വേണം. മുറിയിലെ താപനില ഉറക്കത്തിന് അനുയോജ്യമായി ക്രമീകരിക്കുക. ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ധ്യാനം, ശ്വസന വ്യായാമം പോലെയുള്ള രീതികള്‍ പരീക്ഷിക്കുക.












Click it and Unblock the Notifications