തണുപ്പു കാലത്തെ ക്ഷീണവും മടിയും; സ്വയം കുറ്റപ്പെടുത്തരുതേ: വില്ലന്‍ മറഞ്ഞിരുന്ന് ചിരിക്കുന്നുണ്ട്
ശൈത്യകാലം തുടങ്ങിയാല്‍ പലര്‍ക്കും ക്ഷീണവും ഊര്‍ജ്ജക്കുറവും പതിവാണ്. എന്നാലിത് മടിയാണെന്നു കരുതി പലരും അവഗണിക്കാറുണ്ട്. തണുപ്പുകാലത്ത് ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറയുന്നതാണ് ഉന്മേഷത്തെ ബാധിക്കുന്നത്. പകലിന്റെ ദൈര്‍ഘ്യം കുറയുന്നത് ശരീരത്തില്‍ സൂര്യപ്രകാശമേല്‍ക്കുന്നത് കുറയ്ക്കും. ഇത് വിറ്റാമിന്‍ ഡിയുടെ അളവിനെ കുറയ്ക്കുകയും ദൈനംദിന ഉന്മേഷത്തെ ബാധിക്കുകയും ചെയ്യും.
അസ്ഥികളുടെ ആരോഗ്യത്തിനും കാല്‍സ്യം ആഗിരണം ചെയ്യാനും വിറ്റാമിന്‍ ഡി അത്യന്താപേക്ഷിതമാണ്. ഇത് പേശികളെയും രോഗപ്രതിരോധ ശേഷിയെയും കരുത്തുറ്റതാക്കുന്നു. വിറ്റാമിന്‍ ഡിയുടെ അളവ് കുറയുന്നത് ക്ഷീണം, പേശിവേദന, മാനസികാവസ്ഥയിലെ വ്യതിയാനം എന്നിവയ്ക്ക് കാരണമാകാം. ഈ ലക്ഷണങ്ങള്‍ പൊതുവായതിനാല്‍ പലപ്പോഴും ആളുകള്‍ അവഗണിക്കാറുണ്ട്.
തണുപ്പുകാലത്ത് ആളുകള്‍ കൂടുതല്‍ സമയം വീടിനുള്ളില്‍ ചെലവഴിക്കുന്നു. ഈ സമയത്ത് സൂര്യപ്രകാശവും ദുര്‍ബലമായിരിക്കും. ഇത് ചര്‍മ്മത്തില്‍ വിറ്റാമിന്‍ ഡിയുടെ ഉത്പാദനത്തെ കുറയ്ക്കുന്നു. ഇരുണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഒരേ അളവ് വിറ്റാമിന്‍ ഡി ലഭിക്കാന്‍ കൂടുതല്‍ വെയില്‍ ആവശ്യമാണ്. തണുപ്പില്‍ ശരീരം മുഴുവന്‍ മൂടുമ്പോള്‍ സൂര്യപ്രകാശമേല്‍ക്കുന്ന അളവ് പിന്നെയും കുറയുന്നു.

ഓഫീസ് ജീവനക്കാര്‍ക്കും പ്രായമായവര്‍ക്കും വിറ്റാമിന്‍ ഡിയുടെ കുറവിന് സാധ്യത കൂടുതലാണ്. വേനല്‍ക്കാലത്തു പോലും അവര്‍ക്ക് പുറത്ത് പോകാന്‍ അവസരം കുറവായിരിക്കും. ശൈത്യകാലത്ത് ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകും. വൈകിയുള്ള സൂര്യോദയവും നേരത്തെയുള്ള അസ്തമയവും വീടിന് പുറത്ത് ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തുന്നു. ഇത് ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ കരുതല്‍ ശേഖരം കുറയ്ക്കും.
വിറ്റാമിന്‍ ഡി കുറയുന്നത് എല്ലുകളെ ബാധിക്കാന്‍ സാധ്യതയുണ്ട്. പലര്‍ക്കും നിരന്തരമായ ക്ഷീണവും അനുഭവപ്പെടാറുണ്ട്. രാവിലെ ഉണരുമ്പോള്‍ തളര്‍ച്ച ഉണ്ടാകാം. മിക്കവരും ഇതിനെ കാലാവസ്ഥയുടെ പ്രശ്‌നമായി മാത്രം കാണുന്നു, ആരോഗ്യപ്രശ്‌നമായി പരിഗണിക്കാറില്ല.
ശൈത്യകാലത്ത് ഭക്ഷണത്തിലൂടെ മാത്രം ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കണമെന്നില്ല. മുട്ട, കൊഴുപ്പുള്ള മത്സ്യം, ഫോര്‍ട്ടിഫൈഡ് പാല്‍ തുടങ്ങിയവ വിറ്റാമിന്‍ ഡിയുടെ സ്രോതസുകളാണ്. എന്നിരുന്നാലും, ഇന്ത്യയില്‍ പലരുടെയും ഭക്ഷണത്തില്‍ മത്സ്യം ഒരു വിഭവം അല്ലാത്തതിനാല്‍ പോഷകാഹാരക്കുറവ് ഉണ്ടാവാം. അതിനാല്‍, സൂര്യപ്രകാശം പ്രധാനമാണ്.
ശൈത്യകാലത്ത് രാവിലെ മുഖത്തും കൈകളിലും വെയില്‍ ഏല്‍ക്കുന്നത് വിറ്റാമിന്‍ ഡി ഉത്പാദനത്തിന് സഹായിക്കും. കഠിനമായ ഉച്ചവെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. കൂടുതല്‍ സമയം വെയിലത്ത് നില്‍ക്കുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത് പ്രധാനമാണ്.
ശൈത്യകാലത്തെ ക്ഷീണത്തിന് മറ്റു പല കാരണങ്ങളുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വിറ്റാമിന്‍ ഡിയുടെ കുറവ് ഒരു ഘടകം മാത്രമാണ്. ഉറക്കത്തിന്റെ ക്രമം തെറ്റുന്നത്, മാനസിക പിരിമുറുക്കം, ഭക്ഷണക്രമം, നിലവിലുള്ള രോഗങ്ങള്‍ എന്നിവയും പ്രധാനമാണ്. എന്നാല്‍, വിറ്റാമിന്‍ ഡിയുടെ കുറവ് പലപ്പോഴും കണ്ടുപിടിക്കപ്പെടാതെ പോകുന്നു.
വിറ്റാമിന്‍ ഡിയുടെ അളവ് പരിശോധിക്കാന്‍ രക്തപരിശോധന മതിയാകും. ഇത് ആവശ്യമാണോ എന്ന് ഡോക്ടര്‍ നിര്‍ദേശിക്കും. ലക്ഷണങ്ങള്‍, ജീവിതശൈലി, ഭക്ഷണക്രമം എന്നിവ വിലയിരുത്തിയ ശേഷം വിറ്റാമിന്‍ ഡിയുടെ അളവ് കുറവാണെങ്കില്‍ സപ്ലിമെന്റുകള്‍ നിര്‍ദ്ദേശിച്ചേക്കാം. മരുന്നിന്റെ ഡോസും കാലയളവും ഓരോ വ്യക്തിയുടെയും ആവശ്യകതകള്‍ക്കനുസരിച്ച് ക്രമീകരിക്കും.












Click it and Unblock the Notifications