പുകവലിക്കാത്ത സ്ത്രീകളിലും COPD രോഗം വര്‍ധിക്കുന്നു; ഈ നിശബ്ദ കൊലയാളി നിങ്ങളുടെ വീടിനുള്ളിലുണ്ട്
പുകവലി ശരീരത്തിന് എത്രത്തോളം ദോഷം വരുത്തുമെന്ന് ഏവര്‍ക്കും അറിയുന്ന കാര്യമാണ്. പുകവലി ഉള്ളവരില്‍ കണ്ടുവരുന്ന രോഗമാണ് ക്രോണിക് ഒബ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (Chronic Obstructive Pulmonary Disease - COPD). എന്നാല്‍ പുകവലി ശീലമില്ലാത്ത സ്ത്രീകളില്‍ ശ്വാസകോശ രോഗമായ ക്രോണിക് ഒബ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (COPD) വര്‍ധിക്കുന്നത് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.
പുകവലിയാണ് COPD രോഗത്തിന്റെ പ്രധാന കാരണം എന്ന പൊതുധാരണ നിലനില്‍ക്കുമ്പോള്‍ തന്നെ നമ്മുടെ വീടിന്റെ അകത്തളങ്ങളില്‍, പ്രത്യേകിച്ച് അടുക്കളകളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു വലിയ ആരോഗ്യ പ്രശ്‌നം ഉണ്ട്. അതാണ് ഗാര്‍ഹിക വായു മലിനീകരണം. ഇതിന്റെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളാണ്. അതായത് പുകവലിക്കാതെ തന്നെ സ്ത്രീകള്‍ ഈ രോഗത്തിന് ഇരകളാകുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 250 കോടിയിലധികം ആളുകള്‍ ഇപ്പോഴും ജൈവ ഇന്ധനങ്ങളെ ആശ്രയിച്ചാണ് പാചകം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള COPD കേസുകളില്‍ 25 ശതമാനത്തോളം ഗാര്‍ഹിക വായു മലിനീകരണവുമായി ബന്ധപ്പെട്ടതാണ്. ഇതില്‍ ഭൂരിഭാഗവും പുകവലി ശീലമില്ലാത്ത സ്ത്രീകളിലാണ് കണ്ടുവരുന്നത്. ഇതുകൂടാതെ വായുസഞ്ചാരം കുറഞ്ഞ അടുക്കളകള്‍ മുതല്‍ ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍ വരെ വീടിനകത്തെ വായു മലിനീകരണം വര്‍ധിപ്പിക്കുന്നു.

അടുക്കളയിലെ പുക: സ്ത്രീകളുടെ നിശബ്ദ കൊലയാളി
നാട്ടിന്‍പുറങ്ങളിലും പ്രത്യേകിച്ച് മതിയായ വായുസഞ്ചാരമില്ലാത്ത അടുക്കളകളുള്ള വീടുകളിലും, വിറക് പോലുള്ള ജൈവ ഇന്ധനങ്ങള്‍ ഉപയോഗിച്ച് പാചകം ചെയ്യുന്ന രീതി ഇപ്പോഴുമുണ്ട്. ഈ ഇന്ധനങ്ങള്‍ കത്തുമ്പോള്‍ പുറത്തുവരുന്ന പുകയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡുകള്‍, അതിസൂക്ഷ്മമായ കണികകള്‍, മറ്റ് വിഷവാതകങ്ങള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. (വിറകിനൊപ്പം, ചിലയിടങ്ങളില്‍ കല്‍ക്കരിയും മറ്റും ഉപയോഗിക്കുന്നത് അപകട സാധ്യത ഇരട്ടിക്കുന്നു)
വീട്ടിലെ അടുക്കളകളില്‍, പാചകത്തിനായി ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നതും ഈ പുക നേരിട്ട് ശ്വസിക്കുന്നതും സ്ത്രീകളാണ്. പുകവലിക്കുന്ന പുരുഷന്മാര്‍ക്ക് സിഗരറ്റ് പുക എത്രത്തോളം അപകടകരമാണോ, അതുപോലെ തന്നെയാണ് പുകവലിയില്ലാത്ത സ്ത്രീകള്‍ക്ക് അടുക്കളയിലെ പുക. ഇത് ശ്വാസകോശത്തിന്റെ ലോലമായ ഭാഗങ്ങളില്‍ നീര്‍ക്കെട്ട് (Inflammation) ഉണ്ടാക്കുകയും, എയര്‍വേകളെ ചുരുക്കുകയും കാലക്രമേണ ശ്വാസംമുട്ടലിനും ചുമയ്ക്കും കാരണമാകുന്ന COPDയിലേക്ക് നയിക്കുകയും ചെയ്യുന്നു.
എന്തുകൊണ്ട് സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധിക്കണം?
- ശരാശരി ഒരു ദിവസം 3 മുതല്‍ 5 മണിക്കൂര്‍ വരെ സ്ത്രീകള്‍ പാചകവുമായി ബന്ധപ്പെട്ട് അടുക്കളയില്‍ ചെലവഴിക്കുന്നു. ഈ സമയം അവര്‍ തുടര്‍ച്ചയായി വിഷപ്പുക ശ്വസിക്കുന്നു.
- മാറുന്ന ജീവിതശൈലി: LPG പോലുള്ള വൃത്തിയുള്ള ഇന്ധനങ്ങളിലേക്ക് മാറിയവര്‍ പോലും, പലപ്പോഴും വായുസഞ്ചാരം കുറഞ്ഞ അടുക്കളകളിലാണ് പാചകം ചെയ്യുന്നത്. മാത്രമല്ല, കൊതുക് തിരികള്‍, ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗവും വീടിനകത്തെ വായു മലിനീകരണം വര്‍ദ്ധിപ്പിക്കുന്നു.
അദൃശ്യമായ രോഗലക്ഷണങ്ങള്‍ തിരിച്ചറിയുക
പലപ്പോഴും, സ്ത്രീകള്‍ തങ്ങളുടെ COPD ലക്ഷണങ്ങളെ 'പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ക്ഷീണം' അല്ലെങ്കില്‍ 'സാധാരണ ചുമ' എന്ന് കരുതി അവഗണിക്കാറുണ്ട്. എന്നാല്‍ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്:
- നടക്കുമ്പോഴോ പടികള്‍ കയറുമ്പോഴോ ഉള്ള കിതപ്പ്
- മാറാതെ നില്‍ക്കുന്ന ചുമ
- കഫക്കെട്ട്
- നെഞ്ചില്‍ ഇറുക്കം (Chest Tightness)
COPDക്കെതിരേ നമുക്ക് എന്തുചെയ്യാന്‍ കഴിയും?
COPDയെ തടയാനും നിയന്ത്രിക്കാനും ചില ലളിതമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും:
- ശുദ്ധമായ ഇന്ധനത്തിലേക്ക് മാറുക: പാചകത്തിന് കഴിയുമെങ്കില്‍ LPG, ഇന്‍ഡക്ഷന്‍ സ്റ്റൗവ് പോലുള്ള ശുദ്ധമായ ഇന്ധനങ്ങള്‍ ഉപയോഗിക്കുക.
- നല്ല വെന്റിലേഷന്‍ ഉറപ്പാക്കുക: അടുക്കളയില്‍ എക്‌സ്‌ഹോസ്റ്റ് ഫാന്‍, ചിമ്മിനി എന്നിവ നിര്‍ബന്ധമായും സ്ഥാപിക്കുക. ജനലുകള്‍ തുറന്നിട്ട് നല്ല വായുസഞ്ചാരം ഉറപ്പാക്കുക.
- രോഗനിര്‍ണയം: പുകവലി ശീലമില്ലെങ്കിലും നിരന്തരമായ ചുമയോ കിതപ്പോ ഉണ്ടെങ്കില്‍ ഒരു പള്‍മണോളജിസ്റ്റിനെ കണ്ട് സ്‌പൈറോമെട്രി എന്ന ശ്വാസകോശ പരിശോധന നടത്തുക. നേരത്തെയുള്ള രോഗനിര്‍ണയം ചികിത്സയില്‍ വളരെ നിര്‍ണായകമാണ്.
- പൊതുജന അവബോധം: അടുക്കളപ്പുകയുടെ ദോഷങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബോധവല്‍ക്കരിക്കുക.
COPD ഒരു പരിധി വരെ തടയാവുന്നതും, ചികിത്സിച്ചു നിയന്ത്രിക്കാവുന്നതുമായ രോഗമാണ്. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെയെല്ലാം കടമയാണ്. COPD ദിനത്തില്‍, നമുക്ക് ഈ 'അദൃശ്യ കൊലയാളി'യെക്കുറിച്ച് തുറന്നു സംസാരിക്കാം. ആരോഗ്യമുള്ള ഒരു നാളെയ്ക്കു വേണ്ടി ഇന്ന് തന്നെ മാറ്റങ്ങള്‍ വരുത്തി തുടങ്ങാം.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. അസീസ് കെഎസ്
സീനിയര്‍ കണ്‍സള്‍ട്ടന്റ്, പള്‍മണോളജി
അപ്പോളോ അഡ്ലക്‌സ് ഹോസ്പിറ്റല്‍, അങ്കമാലി












Click it and Unblock the Notifications