Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിമ്മിൽ പെട്ടെന്ന് കുഴഞ്ഞ് വീണുളള മരണങ്ങൾ കൂടുന്നത് ഭയപ്പെടുത്തുന്നോ? ഹൃദയം പറയുന്നത് കേൾക്കണം

ഇന്ന് സെപ്റ്റംബർ 29 ലോക ഹൃദയാരോഗ്യ ദിനം, ഈയടുത്ത് നിയമസഭയിലെ ഓണാഘോഷത്തിന് ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവാവിന്റെയും രോഗിയെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ട യുവ ഡോക്ടറുടെയും വാർത്തകൾ നമ്മൾ കണ്ടതാണ്. പെട്ടെന്നുള്ള ഹൃദയാഘാതം മൂലമുള്ള മരണം (സഡൻ കാർഡിയാക് ഡെത്ത്) ഒരു ആഗോള പ്രശ്നമായി മാറിയിരിക്കുകയാണ്.

നമ്മുടെ രാജ്യത്തെ വലിയ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ ഈ മരണനിരക്ക് വളരെ വലുതാണ്, മാത്രമല്ല ചെറുപ്പക്കാരായ ആളുകളുടെ ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള പഠനങ്ങൾ ആശങ്കയുണർത്തുന്നതുമാണ്. ഈ സാഹചര്യത്തിൽ, നമ്മുടെ ഹൃദയം നൽകുന്ന സൂചനകൾ ശ്രദ്ധിക്കുക എന്നത് വളരെ പ്രധാനമാണ്. ഈ ആശങ്കകൾക്കിടയിൽ, ഹൃദയം പറയുന്നത് ശ്രദ്ധിക്കുക മാത്രമാണ് ഒരു പോംവഴി. 'ഒരു ഹൃദയമിടിപ്പ് പോലും നഷ്ടമാകാതെ കാക്കാനായി' ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട്.

എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?

ഒരു വ്യക്തിക്ക് പെട്ടെന്ന് ഭാരം കുറയ്ക്കാനും, മസിലുകൾ കൂട്ടാനും, സിക്സ് പായ്ക്ക് നേടാനുമുള്ള ആഗ്രഹം കൊണ്ട്, ജിമ്മിൽ പോയി കഠിനമായി വ്യായാമം ചെയ്യുമ്പോൾ പലപ്പോഴും അത് ശരീരത്തിന് താങ്ങാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ആഘാതം സൃഷ്ടിച്ചേക്കാം. പുകവലി, മദ്യപാനം പോലുള്ള ശീലങ്ങളുള്ളവർക്കും, രക്തസമ്മർദ്ദം, പ്രമേഹം, അല്ലെങ്കിൽ ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർക്കും ഈ കഠിനമായ വ്യായാമം ഹൃദയത്തിന് കൂടുതൽ ദോഷകരമാവാം. അതുകൊണ്ട്, ജിമ്മിൽ പോയി വ്യായാമം തുടങ്ങുന്നതിന് മുൻപ് ഓരോരുത്തരുടെയും ശരീരത്തിന് അത് താങ്ങാൻ കഴിയുമോ എന്ന് മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്.

heart

കാരണങ്ങൾ തിരിച്ചറിയാം

പെട്ടെന്ന് കുഴഞ്ഞുവീണുണ്ടാകുന്ന മരണങ്ങളുടെ കാരണം ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും അല്ലാത്തവയുമായി രണ്ടായി തിരിക്കാം. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഹൃദയത്തിലെ രക്തക്കുഴലുകളുമായി ബന്ധപ്പെട്ടവയും (കൊറോണറി) അല്ലാത്തവയും ഉണ്ട്.

1) രക്തക്കുഴലുകളിലെ തടസ്സം (ആർട്ടറി ബ്ലോക്ക്)

പൊതുവെ ഹാർട്ട് അറ്റാക്ക് എന്ന രോഗാവസ്ഥയിലേക്ക് നയിക്കുന്നത് ഇതാണ്. ഈ ബ്ലോക്കുകൾക്ക് കാരണമാകുന്ന ഘടകങ്ങൾ പലതാണ്:

ഉയർന്ന രക്തസമ്മർദ്ദം (ഹൈപ്പർ ടെൻഷൻ/ബി.പി.)
പുകവലി
അമിതമായ കൊളസ്ട്രോൾ
കുടുംബത്തിൽ ഹൃദ്രോഗ ചരിത്രം

ഈ അപകടസാധ്യതകൾ ഉള്ള, 35-50 വയസ്സിനിടയിലുള്ളവരിൽ, അമിതമായ വ്യായാമം ചെയ്യുന്ന സാഹചര്യമുണ്ടായാൽ അത് പെട്ടെന്നുള്ള ഹാർട്ട് അറ്റാക്കിന് വഴിവെക്കാൻ സാധ്യത വളരെ കൂടുതലാണ്.

2) ബ്ലോക്കല്ലാത്ത വില്ലൻ - കാർഡിയോ മയോപ്പതി

രക്തക്കുഴലിലെ ബ്ലോക്ക് അല്ലാത്ത പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനം ഹൃദയത്തിന്റെ മസിലുകളെ ബാധിക്കുന്ന രോഗാവസ്ഥയായ കാർഡിയോ മയോപ്പതിയാണ്. വർഷങ്ങളായി കഠിനമായ വ്യായാമം ചെയ്യുന്നവർ കളിക്കളത്തിൽ കുഴഞ്ഞുവീണ് മരിക്കുന്ന വാർത്തകൾ നാം കേട്ടിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ വില്ലനാകുന്നത് പലപ്പോഴും കാർഡിയോ മയോപ്പതിയാണ്.

സ്ഥിരമായ ഹെവി വർക്കൗട്ട് കൈകാലുകളിലെ മസിലുകളെ ദൃഢമാക്കുന്നതുപോലെ ഹൃദയത്തിന്റെ മസിലുകളെയും കൂടുതൽ കട്ടിയുള്ളതാക്കും. ഈ ഘട്ടത്തിൽ, ചെറിയ സമ്മർദ്ദം പോലും ഹൃദയത്തിന്റെ താളം തെറ്റിക്കുകയും ഹാർട്ട് അറ്റാക്കിലേക്ക് നയിക്കുകയും ചെയ്യാം. അമിതവ്യായാമം ശീലമാക്കിയ 35-50 വയസ്സുകാരിൽ കാർഡിയോ മയോപ്പതി അപകടകരമായേക്കാം.

വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

കോവിഡ് വ്യാപനത്തിനു ശേഷം ആളുകളിൽ ഹെൽത്ത് കോൺഷ്യസ്നെസ്സ് (ആരോഗ്യ ആശങ്ക) വർദ്ധിക്കുകയും കൂട്ടത്തോടെയുള്ള ഫിറ്റ്നസ് പരിപാടികൾ സജീവമാകുകയും ചെയ്തിട്ടുണ്ട്. എന്നാൽ വ്യായാമം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:

1. വിദഗ്ദ്ധ പരിശീലനം അനിവാര്യം

മസിലുകൾക്ക് വ്യായാമം നൽകുന്നതിനൊപ്പം കൃത്യമായ വിശ്രമവും നൽകണം. ഓരോ സെറ്റ് മസിലുകൾക്കും വ്യായാമം ചെയ്യാനായി പ്രത്യേക ദിവസങ്ങൾ ചിട്ടപ്പെടുത്തുന്നത് ഉചിതമാണ്. എല്ലാ മസിലുകൾക്കും വേണ്ടത്ര വിശ്രമം ലഭിച്ചില്ലെങ്കിൽ വ്യായാമം ശരീരത്തിന് ദോഷകരമായി മാറും.

2. അണുബാധകൾ ശ്രദ്ധിക്കുക

ബാക്ടീരിയ, വൈറൽ അണുബാധകൾ ഹൃദയത്തിന്റെ മസിലുകളെ ബാധിക്കാനിടയുണ്ട്. അത്തരം സന്ദർഭങ്ങളിൽ, സമ്മർദ്ദം താങ്ങാനുള്ള കരുത്ത് ഹൃദയത്തിന് കുറയും. പനിയോ ജലദോഷമോ ഉണ്ടെങ്കിൽ ജിമ്മിൽ പോകുന്നവരും അല്ലാത്തവരും പൂർണ്ണമായി വിശ്രമിക്കുക.

3. ഹൃദയമിടിപ്പിന്റെ കണക്ക്

ആർക്കൊക്കെ വ്യായാമം ചെയ്യാം, എത്രത്തോളം കഠിനമാവാം എന്നറിയാൻ ഹൃദയമിടിപ്പിന്റെ കണക്ക് ഉപയോഗിക്കാം. നടന്നു കയറുമ്പോൾ ഹൃദയമിടിപ്പ് കൂടുന്നത് ശ്രദ്ധിച്ചിട്ടില്ലേ? അതുപോലെ, ഒരാൾക്ക് താങ്ങാൻ കഴിയുന്ന പരമാവധി ഹൃദയമിടിപ്പ് കണക്കാക്കിയാണ് വ്യായാമം തീരുമാനിക്കേണ്ടത്.

ഇതിനായി ഉപയോഗിക്കുന്ന ഫോർമുല: 220- നിങ്ങളുടെവയസ്സ്

ഉദാഹരണത്തിന്: 40 വയസ്സുള്ള ഒരാൾക്ക് താങ്ങാനാവുന്ന പരമാവധി ഹൃദയമിടിപ്പ് മിനിറ്റിൽ 180 ആണ് (220-40). ഹെവി വർക്കൗട്ട് ചെയ്യുമ്പോൾ ഇത് 80 ശതമാനം (140) വരെ മാത്രമേ ഉയരാവൂ. ഇതിലും കൂടുന്നത് ഹൃദയാരോഗ്യത്തിന് ഭീഷണിയാണ്. അതിനാൽ, ആദ്യമായി വ്യായാമം തുടങ്ങുന്നവർ ചെറിയ വ്യായാമങ്ങളിലൂടെ ശരീരം പാകപ്പെടുത്തി മുന്നോട്ട് പോകണം.

4. മസ്തിഷ്ക രക്തസ്രാവ സാധ്യത

പെട്ടെന്ന് അമിതവ്യായാമം ചെയ്യുന്നവരിൽ ഹൃദയമിടിപ്പ് കൂടുകയും രക്തസമ്മർദ്ദം വർദ്ധിക്കുകയും ചെയ്യുമ്പോൾ തലച്ചോറിൽ രക്തസ്രാവമുണ്ടാകാൻ സാധ്യതയുണ്ട്. ഇത് കുഴഞ്ഞുവീഴുന്നതിനോ സ്ട്രോക്കിനോ കാരണമായേക്കാം.

5. ജനിതക ഘടകങ്ങൾ

ജനിതകമായി തന്നെ ഇ.സി.ജി. വ്യതിയാനമുള്ളവർ 16 ശതമാനത്തോളം ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇത്തരക്കാർക്ക് ഹൃദയത്തിന് അമിതസമ്മർദ്ദം താങ്ങാനുള്ള ശേഷി കുറവായിരിക്കും. ഈ അവസ്ഥ അറിയാതെ ഹെവി വർക്കൗട്ട് ചെയ്യുന്നത് ഹാർട്ട് അറ്റാക്കിൽ കലാശിച്ചേക്കാം.

വ്യായാമവും ഡീഹൈഡ്രേഷനും

വ്യായാമം ചെയ്യുമ്പോൾ നന്നായി വിയർക്കുന്നത് വഴി ഡീഹൈഡ്രേഷൻ സംഭവിക്കുകയും ശരീരത്തിലെ ഇലക്ട്രോലൈറ്റുകൾ നഷ്ടപ്പെടുകയും ചെയ്യും. സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം എന്നിവ ഹൃദയത്തിന്റെ മസിലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഇവയുടെ അളവിലുണ്ടാകുന്ന അസന്തുലിതാവസ്ഥ ഹൃദയപ്രവർത്തനത്തെ താറുമാറാക്കുകയും കാർഡിയാക് അറസ്റ്റിലേക്ക് നയിക്കുകയും ചെയ്യാം. അതുകൊണ്ട്, വ്യായാമം ചെയ്യുമ്പോൾ ഇലക്ട്രോലൈറ്റുകൾ അടങ്ങിയ വെള്ളം കുടിക്കുകയും ഡീഹൈഡ്രേഷൻ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

ഹൃദയാരോഗ്യം എന്നത് കേവലം രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, ചിട്ടയായ ജീവിതശൈലിയിലൂടെ നാം നേടിയെടുക്കേണ്ട ഒരു സന്തുലിതാവസ്ഥയാണ്. അതുപോലെ, ബി.പി., കൊളസ്ട്രോൾ, പുകവലി തുടങ്ങിയ ഹൃദ്രോഗ സാധ്യതകൾക്ക് കാരണമാകുന്ന ഘടകങ്ങളെ നിയന്ത്രിക്കേണ്ടതും അത്യാവശ്യമാണ്. പനിയും ജലദോഷവും പോലുള്ള അണുബാധകൾ ഉണ്ടാകുമ്പോൾ ഹൃദയത്തിന് പൂർണ്ണ വിശ്രമം നൽകാനും ശ്രദ്ധിക്കുക. നിയന്ത്രിതമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം, കൃത്യമായ വിശ്രമം, അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് ഒഴിവാക്കൽ, ഈ നാല് തൂണുകളിൽ അധിഷ്ഠിതമാണ് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം. ഹൃദയത്തെ ശ്രദ്ധിക്കുക, ഹൃദയത്തെ കേൾക്കുക.

ലേഖനം തയ്യാറാക്കിയത്: ഡോ. റിനെറ്റ് സെബാസ്റ്റ്യൻ, സീനിയർ കൺസൾട്ടന്റ് കാർഡിയോതൊറാസിക് & വാസ്കുലർ സർജറി, അപ്പോളോ അഡ്ലക്സ് ആശുപത്രി, അങ്കമാലി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+