പാത്രത്തിൽ പറ്റിപ്പിടിച്ച കറ നിമിഷങ്ങൾ കൊണ്ട് കളയാം; ഐസ്ക്യൂബ് മതി
പാചകം ഇഷ്ടപ്പെടുന്നവർ പോലും പാചകത്തിൽ നിന്ന് വിട്ടുനിൽക്കാൻ കാരണം പാചക ശേഷമുള്ള പാത്രം വൃത്തിയാക്കൽ ഓർത്താണ്. പാചകം ചെയ്യുന്നതിനേക്കാൾ സമയം ആവശ്യം പാത്രം കഴുകാനാണ്. മീനായാലും ചിക്കനായാലും കറി വെച്ച് കഴിക്കുന്നതിനേക്കാൾ രുചി പൊരിച്ച് കഴിക്കുന്നതിന് തന്നെയാണ്. എന്നാൽ പൊരിച്ച് കഴിഞ്ഞ ശേഷം പാത്രത്തിന്റെ അവസ്ഥ കഷ്ടമായിരിക്കും. എണ്ണയുടേയും മസാലയുടേയുമൊക്കെ കറ കളയുക എന്നത് എളുപ്പം അല്ല.
എന്നാൽ ഇനി കറയാകുമെന്ന ടെൻഷൻ ഇല്ലാതെ തന്നെ മത്സ്യവും ചിക്കനുമൊക്കെ വറുക്കാം. പാത്രത്തിൽ നിന്ന് എളുപ്പത്തിൽ കറ നീക്കുകയും ചെയ്യാം. ഇതിന് വേണ്ടുന്നത് ഐസ് ക്യൂബുകൾ മാത്രമാണ്. പാചകം കഴിഞ്ഞ ശേഷം പാത്രത്തിലേക്ക് ഒന്നോ രണ്ടോ ഐസ് ക്യൂബ് ഇട്ട് കൊടുക്കുക. അതിലേക്ക് കുറച്ച് ഡിഷ് വാഷ് ചേർക്കാം. അതിന് ശേഷം പാത്രം ചുറ്റിക്കുക. ഇങ്ങനെ ചെയ്യുന്ന സമയത്ത് തന്നെ പാത്രത്തിലെ എണ്ണയും കരിഞ്ഞുപിടിച്ച മസാലയുമൊക്കെ ഇളകിപ്പോകും. ഈ കറയും വഴുക്കും ഐസിൽ പറ്റിപ്പിടിക്കും.

പാത്രത്തിലെ എണ്ണമയം മുഴുവനും ഐസ് ക്യൂബുകളിൽ പറ്റിപിടിച്ചാൽ വെള്ളം ഒഴിച്ചു കളയാം. പാത്രത്തിലെ എണ്ണമയം മുഴുവൻ നീങ്ങിയിരിക്കും. സ്‌ക്രബർ ഉപയോഗിച്ച് നന്നായി ഒന്ന് ഉരച്ചെടുക്കുക പാത്രം നന്നായി തിളങ്ങും. റെസ്മീസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ടിപ്പ് പങ്കുവെച്ചിരിക്കുന്നത്
ഇനി തോരനോ മെഴുക്ക് പുരട്ടിയതോ ഉണ്ടാക്കുമ്പോൾ പാത്രത്തിൽ കരിഞ്ഞ് പിടിച്ചാലും ആശങ്കവേണ്ട. കുറച്ച് ബേക്കിംഗ് സോഡയും ചെറുനാരങ്ങയുടെ തൊലിയും മതി കറ എളുപ്പത്തിൽ വൃത്തിയാക്കാം. അതിന് നിങ്ങൾ ചെയ്യേണ്ടത് കരിഞ്ഞു പിടിച്ച പാത്രത്തിലേക്ക് കുറച്ചു ബേക്കിംഗ് സോഡ ഇട്ട ശേഷം നാരങ്ങയുടെ തൊലി ഉപയോഗിച്ച് നന്നയി ഉരയ്ക്കണം.
പാത്രത്തിനടിയിൽ ഒട്ടിപ്പിടിച്ച കറകളെല്ലാം ഇളകി വരുന്നത് കാണാം. ഇനി ഇതിലേക്ക് വെള്ളം ഒഴിച്ച് നല്ലത് പോലെ ഉരച്ച് കഴുകാം.കറയെല്ലാം നീങ്ങി പാത്രം വൃത്തിയായി കിട്ടും. കറ ബാക്കിയുണ്ടെങ്കിൽ ഡിഷ് വാഷ് ലിക്വിഡ് വളരെ കുറച്ച് ഒഴിച്ച് സ്ക്രബർ ഉപയോഗിച്ച് ഉരച്ച് കഴുകാം. ഡിഷ് വാഷ് ലിക്വിഡ് കൂടുതൽ ചെലവാകാതെ കറ വൃത്തിയാക്കാൻ കഴിയുമെന്നത് തന്നെയാണ് ശ്രദ്ധേയമായ കാര്യം












Click it and Unblock the Notifications