ലാപ്‌ടോപ്പ് ബാഗ് ഒരു തോളില്‍ തൂക്കി പോകുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യം അറിഞ്ഞിരിക്കണം
എല്ലാ ദിവസവും ഒരു നിശ്ചിത ഭാരം തോളിലേറ്റുന്നവരായിരിക്കും നമ്മളില്‍ പലരും. ഓഫീസ് ജോലിയുള്ളവരില്‍ പലരും ദിവസും ലാപ്‌ടോപ്പ് ബാഗ് തോളിലേറ്റിയായിരിക്കും പോകുന്നത്. ഒരു ലാപ്‌ടോപ്പ് ബാഗില്‍ ലാപ്‌ടോപ്പും ചാര്‍ജറും അടക്കം രണ്ട് കിലോ ഭാരമെങ്കിലും ഉണ്ടായിരിക്കും എന്നാണ് ഏകദേശ കണക്ക്. ഇതിനോടൊപ്പം ഒരു ലഞ്ച് ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, എന്നിവ കൂടി ചേര്‍ത്താല്‍ അത് 2.5 മുതല്‍ 3 കിലോ വരെയാകാം.
സ്ഥിരമായി 3 കിലോ ഭാരം ചുമന്ന് കിലോമീറ്ററുകളോളം യാത്ര ചെയ്യുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ ഭാരം നമ്മുടെ ഭാവത്തിലും എല്ലുകളിലും മൊത്തത്തിലുള്ള ആരോഗ്യത്തിലും ചെലുത്തുന്ന സ്വാധീനം അറിയേണ്ടത് പ്രധാനമാണ്. സ്ഥിരമായി നമ്മള്‍ ഇത് ചുമക്കുന്നതിനാല്‍ അത് വലിയ പ്രയാസകരമായി നമുക്ക് തോന്നിയേക്കില്ല.

എന്നാല്‍ ഇതിന് ശരിയായ പരിചരണം നല്‍കിയില്ലെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് പ്രതികൂലമായി ബാധിക്കും. ഇത് നിങ്ങളുടെ പേശികളില്‍ പ്രത്യേകിച്ച് തോളിലും കഴുത്തിലും പുറകിലുമുള്ള പേശികളില്‍ അമിതമായ ആയാസം ഉണ്ടാക്കും. കാലക്രമേണ ഇത് പേശികളുടെ ക്ഷീണം, അസ്വാസ്ഥ്യം, വേദന എന്നിവയ്ക്ക് കാരണമാകും. ഭാരമുള്ള ബാഗുകള്‍ തുടര്‍ച്ചയായി ചുമക്കുന്നത് നിങ്ങളുടെ നട്ടെല്ലിനെ ബാധിക്കുകയും വിട്ടുമാറാത്ത വേദനയ്ക്കും അസ്വസ്ഥതയ്ക്കും ഇടയാക്കുകയും ചെയ്യും.
ഭാരമേറിയ ബാഗ് ചുമക്കുമ്പോള്‍ പലപ്പോഴും ഭാരത്തെ സന്തുലിതമാക്കാന്‍ ആളുകള്‍ മുന്നോട്ട് ചായാറുണ്ട്. ഇത് നിങ്ങളുടെ കഴുത്തിലെ പേശികളെ പ്രയാസകരമാക്കി കഴുത്ത് വേദന, തലവേദന, സെര്‍വിക്കല്‍ നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നയിക്കുന്നു. കൗമാരക്കാരില്‍ ഭാരമേറിയ ബാഗുകള്‍ ചുമക്കുന്നത് സ്‌കോളിയോസിസ് പോലെയുള്ള നട്ടെല്ല് വൈകല്യങ്ങളിലേക്ക് നയിച്ചേക്കാം.
ദിവസവും ഭാരമേറിയ ബാഗുകള്‍ ചുമക്കുന്നതിന്റെ ദോഷഫലങ്ങള്‍ തടയാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഓഫീസില്‍ വെക്കാന്‍ സാധിക്കുന്നവ അവിടെ തന്നെ വെക്കുക. അത് തോളിലേറ്റി പോകുന്ന ശീലം ഒഴിവാക്കുക. ശുദ്ധമായ വെള്ളം ഓഫീസില്‍ തന്നെ ലഭിക്കുമെങ്കില്‍ അത് വീട്ടില്‍ നിന്ന് കൊണ്ടുപോകുന്നത് ഒഴിവാക്കാം. ശരിയായ ബാഗുകള്‍ ഉപയോഗിക്കുക. പാഡഡ് സ്ട്രാപ്പുകളും ബാക്ക് സപ്പോര്‍ട്ടും ഉള്ള ബാഗുകള്‍ തിരഞ്ഞെടുക്കുക.
വീതിയേറിയതും ക്രമീകരിക്കാവുന്നതുമായ ഷോള്‍ഡര്‍ സ്ട്രാപ്പുകളും പാഡഡ് ബാക്ക് പാനലും ഉള്ള ബാഗുകളാണ് ഉചിതം. ബാഗില്‍ സാധനങ്ങള്‍ വെക്കുമ്പോള്‍ ഭാരമേറിയവ നിങ്ങളുടെ പുറകിലേക്ക് അടുപ്പിക്കുകയും ഭാരം കുറഞ്ഞ ഇനങ്ങള്‍ ബാഗിന്റെ പുറം ഭാഗത്തേക്കും വെക്കുക. ഇത് മികച്ച ബാലന്‍സ് നിലനിര്‍ത്താനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ബാഗിന്റെ രണ്ട് സ്ട്രാപ്പുകളും ധരിക്കുക.












Click it and Unblock the Notifications