കിരൺ റാവുവിനും റീനയ്ക്കും ശേഷം ഗൗരി സ്പ്രാറ്റ് അമീറിന്റെ ജീവിതത്തിലേക്ക്; വിവാഹ ചിത്രങ്ങൾ പുറത്ത്
തന്റെ 61-ആം വയസ്സിൽ ബോളിവുഡ് സൂപ്പർതാരം അമീർ ഖാൻ വീണ്ടും വിവാഹിതനായി. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി തന്റെ പങ്കാളിയായിരുന്ന ഗൗരി സ്പ്രാറ്റിനെയാണ് താരം വിവാഹം കഴിച്ചത്. മുംബൈ ബാന്ദ്രയിലെ അമീർ ഖാന്റെ വസതിയിൽ വെച്ച് ഞായറാഴ്ച തികച്ചും ലളിതവും സ്വകാര്യവുമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ഇരുവർക്കും മുൻ വിവാഹങ്ങളിലുള്ള മക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
25 വർഷത്തെ പരിചയം, ഒടുവിൽ പ്രണയം
അമീർ ഖാനും ഗൗരി സ്പ്രാറ്റും തമ്മിൽ ഏകദേശം 25 വർഷത്തെ പരിചയമുണ്ട്. എന്നാൽ 2024-ലാണ് ഇരുവരും പ്രണയത്തിലാകുന്നത്. അമീറിന്റെ കസിൻ നുഷ്രത് ഖാൻ വഴിയാണ് ബെംഗളൂരുവിലായിരുന്ന ഗൗരിയുമായി താരം വീണ്ടും കണക്ട് ആകുന്നത്. തുടക്കത്തിൽ ഏകദേശം ഒരു വർഷത്തോളം ഇവർ ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലായിരുന്നു. തുടർന്ന് 2025 മാർച്ചിൽ തന്റെ 60-ാം ജന്മദിന ആഘോഷത്തിനിടയിലാണ് അമീർ ഖാൻ ഗൗരിയെ മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ 'പങ്കാളി' എന്ന് വിളിച്ച് പരിചയപ്പെടുത്തിയത്. ആ സമയത്ത് മൂന്നാമതൊരു വിവാഹത്തെക്കുറിച്ച് പ്ലാനുകളൊന്നുമില്ലെന്ന് താരം പറഞ്ഞിരുന്നെങ്കിലും ഗൗരിക്കൊപ്പം താൻ ഏറെ സന്തുഷ്ടനാണെന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് ഗൗരി തന്റെ മകനോടൊപ്പം ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് മാറുകയും കഴിഞ്ഞ ഒരു വർഷമായി ഇരുവരും ഒരുമിച്ചായിരുന്നു താമസമെന്നുമാണ് റിപ്പോർട്ടുകൾ.

മുൻപ് ഒരു പ്രമുഖ ഹെയർകെയർ ബ്രാൻഡിൽ ജോലി ചെയ്തിരുന്ന ഗൗരി, നിലവിൽ അമീർ ഖാന്റെ സിനിമാ നിർമ്മാണ കമ്പനിയായ 'അമീർ ഖാൻ പ്രൊഡക്ഷൻസി'ന്റെ പ്രവർത്തനങ്ങളിൽ അമീറിനെ സഹായിക്കുന്നുണ്ട്. കഴിഞ്ഞ മാസമാണ് ഈ ബാനർ തങ്ങളുടെ 25-ാം വാർഷികം ആഘോഷിച്ചത്. തങ്ങൾ രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിച്ച വിവരം ഈയിടെ രാജ്‌കുമാർ ഹിറാനിയുടെ വെബ് സീരീസ് പ്രീമിയർ ചടങ്ങിനിടെ അമീർ ഖാൻ തന്നെ വെളിപ്പെടുത്തിയിരുന്നു.
അമീർ ഖാന്റെ മൂന്നാം വിവാഹം
ഗൗരി സ്പ്രാറ്റുമായുള്ളത് അമീർ ഖാന്റെ മൂന്നാമത്തെ വിവാഹമാണ്. അമീറിന്റെ ആദ്യ ഭാര്യ റീന ദത്തയാണ്. 1986ലായിരുന്നു വിവാഹം. ഈ ബന്ധത്തിൽ രണ്ടു മക്കളുണ്ട്-നടൻ ജുനൈദ് ഖാനും ബിസിനസ്സുകാരിയായ ഇറാ ഖാനും. റീനയുമായുള്ള വിവാഹമോചനത്തിന് ശേഷം 2005-ലാണ് സംവിധായിക കിരൺ റാവുവിനെ അമീർ വിവാഹം കഴിക്കുന്നത്. ഇവർക്ക് 2011-ൽ വാടകഗർഭധാരണത്തിലൂടെ ആസാദ് എന്ന മകൻ ജനിച്ചു. 2021-ൽ ഇവർ വേർപിരിഞ്ഞെങ്കിലും മകന്റെ കാര്യങ്ങളിലും പാനി ഫൗണ്ടേഷൻ എന്ന തങ്ങളുടെ എൻജിഒയുടെ പ്രവർത്തനങ്ങളിലും ഇരുവരും ഇപ്പോഴും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്.
അമീറിന്റെ പുതിയ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ മക്കളായ ഇറാ ഖാൻ, ജുനൈദ് ഖാൻ എന്നിവർ നേരത്തെ തന്നെ എത്തിയിരുന്നു. ഇവർക്ക് പുറമെ അമീറിന്റെ അടുത്ത സുഹൃത്തും ലഗാൻ സിനിമയുടെ സംവിധായകനുമായ അശുതോഷ് ഗോവാരിക്കർ, നടി എല്ലി അവ്റാം, മുൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ, രാഷ്ട്രീയ നേതാവ് രാജ് താക്കറെ, നടൻ വീർ ദാസ് എന്നിവരും വസതിയിലെത്തി ആശംസകൾ നേർന്നു.












Click it and Unblock the Notifications