'ഒന്നുകിൽ ജീവിക്കാൻ അനുവദിക്കൂ, അല്ലെങ്കിൽ വിഷം തന്നു കൊല്ലൂ'; പൊട്ടിക്കരഞ്ഞ് നടൻ ബാല!
കഴിഞ്ഞ 10 വർഷമായി തന്നെയും തന്റെ കുടുംബത്തെയും ചിലർ നിയമത്തിന്റെ പേരിൽ നിരന്തരം വേട്ടയാടുകയാണെന്ന കടുത്ത ആരോപണവുമായി നടൻ ബാല രംഗത്ത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോയിലൂടെയാണ് അതീവ നിസ്സഹായനായി, കണ്ണീരോടെ ബാല തന്റെ അവസ്ഥ തുറന്നുപറഞ്ഞത്. ഇനിയും തന്നെയും കുടുംബത്തെയും ഉപദ്രവിക്കാൻ മുതിർന്നാൽ എല്ലാ തെളിവുകളും സഹിതം മാധ്യമങ്ങളെ വിളിച്ച് ചേർത്ത് വലിയൊരു വാർത്താസമ്മേളനം നടത്തുമെന്നും ബാല മുന്നറിയിപ്പ് നൽകി. തന്റെ ഇപ്പോഴത്തെ ഭാര്യയായ കോകിലയുടെ ജന്മദിനത്തിൽ പോലും തന്നെ കേസുകളിൽ കുടുക്കി പീഡിപ്പിക്കുകയാണെന്ന് ബാല വിഡിയോയിൽ പറയുന്നു. വൈക്കം ശിവക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം ദർശനം നടത്തിയ ശേഷമാണ് താരം വിഡിയോ പങ്കുവെച്ചത്.
പൊട്ടിക്കരഞ്ഞ് ബാല
കഴിഞ്ഞ 10 കൊല്ലമായി ഒരു മനുഷ്യനെ ഇവിടെ ചിലർ ക്രൂരമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. ഇൻ ദ് നെയിം ഓഫ് ലോ (നിയമത്തിന്റെ പേരിൽ). ഇപ്പോൾ എനിക്ക് ആരുടെയും പേരെടുത്ത് പറയാൻ നിയമപരമായ തടസ്സങ്ങളുണ്ട്. അവർക്ക് എന്റെ പേര് പറഞ്ഞ് എന്ത് വേണമെങ്കിലും ആരോപിക്കാം, പക്ഷേ എനിക്ക് തിരിച്ചു പറയാൻ പറ്റില്ല. എത്ര വലിയ സങ്കടം മനസ്സിൽ ഉണ്ടായാലും അത് പുറത്തുകാണിക്കാതെ ചിരിച്ചുകൊണ്ടേയിരിക്കേണ്ട അവസ്ഥയിലാണ് ഞാൻ."
കേരളത്തിൽ മാധ്യമങ്ങളെപ്പോലും സ്വന്തം സ്വാർത്ഥലാഭത്തിനായി ചതിക്കുന്ന ഒരു വ്യക്തിയുണ്ടെന്നും, അയാളുടെ യഥാർത്ഥ മുഖം പുറത്തുവന്നാൽ കേരളക്കരയാകെ ഞെട്ടിപ്പോകുമെന്നും ബാല അവകാശപ്പെടുന്നു. എല്ലാ കാര്യങ്ങളും ജനങ്ങൾക്ക് മുന്നിൽ എത്തിക്കേണ്ട സമയം അതിക്രമിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.
"ഇനി എന്നെയും എന്റെ കുടുംബത്തെയും ഉപദ്രവിക്കാൻ മുതിർന്നാൽ ഞാൻ വലിയൊരു പ്രസ് മീറ്റ് വയ്ക്കും. എല്ലാ തെളിവുകളും സത്യങ്ങളും മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറയും. ഇത് ഉറപ്പായും നടക്കും, നിങ്ങൾ എഴുതിവെച്ചോ! ആ സത്യങ്ങൾ കേൾക്കുമ്പോൾ നിങ്ങൾ ഞെട്ടിപ്പോകും. ഒന്നുകിൽ ഞങ്ങളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കൂ, അല്ലെങ്കിൽ ഞങ്ങളെ രണ്ടുപേരെയും വിഷം വച്ച് കൊന്നു കളയൂ" - അതീവ ദുഃഖത്തോടെ ബാല വിഡിയോയിൽ പറഞ്ഞു.

തന്റെ ഭാര്യ കോകില, അമ്മായിയമ്മ, അമ്മാവൻ എന്നിവർക്കൊപ്പമാണ് താൻ ക്ഷേത്രത്തിൽ എത്തിയതെന്നും ഇത്രയും മാനസിക പീഡനം നിറഞ്ഞ അന്തരീക്ഷത്തിൽ ജീവിക്കാൻ വലിയ ബുദ്ധിമുട്ടാണെന്നുമാണ് താരം പറയുന്നത്. വരും ദിവസങ്ങളിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് വലിയ വെളിപ്പെടുത്തലുകൾ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തുമെന്ന കൃത്യമായ സൂചന നൽകിയാണ് താരം പ്രതികരണം അവസാനിപ്പിച്ചത്. ഈ വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.












Click it and Unblock the Notifications