എഡിറ്റ് ചെയ്ത വ്യാജ ചിത്രം പ്രചരിപ്പിക്കുന്നു, ഇത് ലജ്ജാകരം; കേസ് കൊടുക്കുമെന്ന് അന്ന രാജന്‍
സോഷ്യല്‍ മീഡിയയിലൂടെ അശ്ലീലമായി എഡിറ്റ് ചെയ്ത് തന്റെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ നടി അന്ന രേഷ്മ രാജന്‍. തന്റെ സല്‍പ്പേരിന് കളങ്കം വരുത്തുക എന്ന ദുരുദ്ദേശ്യത്തോടെയാണ് ഇത്തരം പ്രവൃത്തികള്‍ക്ക് ചെയ്യുന്നത് എന്നും ഇതില്‍ കര്‍ശന നടപടി സ്വീകരിക്കണം എന്ന് കേരള പൊലീസിനോടും സൈബര്‍ സെല്ലിനോടും ആവശ്യപ്പെടുന്നതായും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വ്യാജ ചിത്രം പങ്കുവച്ച ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരങ്ങള്‍ അടക്കം പുറത്തുവിട്ട് കേരള പൊലീസ്, സൈബര്‍ഡോം കേരള, മുഖ്യമന്ത്രി വിഡി സതീശന്‍ എന്നിവരുടെ പേജുകള്‍ ടാഗ് ചെയ്താണ് അന്ന രാജന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്. അശ്ലീലകരവും അപകീര്‍ത്തികരവുമായ രീതിയില്‍ തന്റെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുകയാണ് എന്ന് നടി പറഞ്ഞു.

'ഇത് ലജ്ജാകരവും, അംഗീകരിക്കാനാവാത്തതും, എന്റെ സ്വകാര്യതയുടെയും അന്തസിന്റെയും ഗുരുതരമായ ലംഘനവുമാണ്. ഞാന്‍ ഈ അക്കൗണ്ട് ഔദ്യോഗികമായി ഇന്‍സ്റ്റാഗ്രാമിന് റിപ്പോര്‍ട്ട് ചെയ്യുകയാണ്. കൂടാതെ ബാധകമായ സൈബര്‍ നിയമങ്ങള്‍ക്ക് അനുസരിച്ച് പൊലീസില്‍ പരാതിയും ഫയല്‍ ചെയ്യും. ഈ എഡിറ്റ് ചെയ്ത ചിത്രങ്ങളും മറ്റും ഉണ്ടാക്കുകയോ പങ്കുവയ്ക്കുകയോ ചെയ്തവര്‍ ആരായാലും ഉത്തരം പറയേണ്ടിവരും,' അന്ന രാജന്‍ പറഞ്ഞു.
പ്രസ്തുത വിഷയത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും എന്നും നീതി ഉറപ്പാക്കും വരെ താന്‍ ഈ കാര്യത്തില്‍ മുന്നോട്ട് പോകും എന്നും അവര്‍ വ്യക്തമാക്കി. ഇത്തരം വ്യാജവും അശ്ലീലവും അപകീര്‍ത്തികരവുമായ ഉള്ളടക്കത്തെ പിന്തുണയ്ക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യരുത് എന്നും അന്ന രാജന്‍ ആവശ്യപ്പെട്ടു. നേരത്തേയും പലപ്പോഴും അന്ന രാജന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.
ഉദ്ഘാടന വേദികളിലെ നടിയുടെ വസ്ത്രധാരണത്തിന്റെ പേരില്‍ നിരന്തരമായി താരത്തിനെതിരെ വിമര്‍ശനങ്ങളും ബോഡി ഷെയ്മിംഗും നേരിടാറുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലൂടെയാണ് അന്ന രാജന്‍ മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് 'വെളിപാടിന്റെ പുസ്തകം', 'മധുരരാജ', 'അയ്യപ്പനും കോശിയും' തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്തു.
നിലവില്‍ രജനീകാന്തിന്റെ ജയിലര്‍ 2 വില്‍ ആണ് അഭിനയിക്കുന്നത്. ഇതാദ്യമായാണ് അന്ന രാജന്‍ തമിഴില്‍ അഭിനയിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 7 ലക്ഷത്തോളം ഫോളോവേഴ്‌സ് ആണ് അന്ന രാജനുള്ളത്. അന്ന രാജന്‍ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ടെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ ആണ് അന്ന സജീവം.















Click it and Unblock the Notifications