വര്‍ഗീയവാദിയും ജിഹാദിയുമാക്കി.. അവിഹിതകഥ പ്രചരിപ്പിച്ചു; ടിനി ടോമിനെതിരെ അന്‍സിബ
കൊച്ചി: നടന്‍ ടിനി ടോമിനെതിരെ ഗുരുതര ആരോപണവുമായി നടിയും താരസംഘടനയായ അമ്മയുടെ മുന്‍ എക്‌സിക്യൂട്ടീവ് അംഗവുമായ അന്‍സിബ ഹസന്‍. അമ്മ ജോയിന്റ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ തനിക്ക് എതിരെ ചിലര്‍ വ്യാജപ്രചരണം നടത്തുകയാണ് എന്ന് അന്‍സിബ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അന്‍സിബ ഹസന്റെ പ്രതികരണം.
താന്‍ അമ്മയുടെ എക്‌സിക്യൂട്ടീസ് അംഗത്വം രാജിവെച്ചതിനുള്ള കാരണങ്ങള്‍ എണ്ണപ്പറഞ്ഞ് കൊണ്ടാണ് അന്‍സിബ രംഗത്തെത്തിയിരിക്കുന്നത്. തന്നെ വര്‍ഗീയവാദിയാക്കാനും ജിഹാദിയാക്കാനും ശ്രമം നടന്നു എന്നും വ്യക്തിഹത്യ ചെയ്തു എന്നുമാണ് അന്‍സിബയുടെ വെളിപ്പെടുത്തല്‍. കമ്മിറ്റിയില്‍ പറയുന്ന അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും വ്യക്തിപരമായി എടുക്കുന്നുവെന്നും അന്‍സിബ പറഞ്ഞു.

അവിഹിത കഥകള്‍ വരെ തന്നെക്കുറിച്ച് പ്രചരിപ്പിച്ചു എന്നാണ് അന്‍സിബ പറയുന്നത്. മറ്റുള്ളവരോട് പറഞ്ഞത് താന്‍ അറിഞ്ഞിട്ടുണ്ട് എന്നും നടി പറഞ്ഞു. 'കുറെ ഞാന്‍ സഹിച്ചു. ഒരു പെണ്ണിനെ മോശക്കാരിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അവിഹിതം ആരോപിക്കലാണല്ലോ. ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറെ ഉള്‍പ്പെടെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്ന് വരെ ആരോപിച്ചു,' അന്‍സിബ പറഞ്ഞു.
അന്‍സിബയുടെ വാക്കുകള്‍ ഇങ്ങനെയാണ്..
ഇങ്ങനെയുള്ള ആളുകളുടെ കൂടെ എങ്ങനെ ജോലി ചെയ്യും. അറപ്പ് തോന്നും. എന്നെ കുറിച്ച് ഇങ്ങനെയെല്ലാം ടിനി ടോം പറഞ്ഞു എന്ന് പലരും വന്ന് പറഞ്ഞു. നടി നീനാ കുറുപ്പ് ഇക്കാര്യം എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. നീന കുറുപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറാണ്. നീന ചേച്ചി ഒഫീഷ്യലി അമ്മ പ്രസിഡന്റിനോടും സെക്രട്ടറിയോടും പരാതിയും അയച്ചിട്ടുണ്ട്. ടിനി ടോമിനോട് ഇക്കാര്യം ചോദിക്കാന്‍ പോയിട്ടില്ല.
എങ്ങനെ ചോദിക്കാന്‍ തോന്നും. ഇത്രയും കാലമായിട്ട് കണ്ടുകൊണ്ടിരിക്കുന്ന ഒരാള്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാനായി ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നോട് ഡയറക്ട് പറഞ്ഞിട്ടില്ല. പക്ഷെ മറ്റ് പലരോടും പറഞ്ഞോണ്ടിരിക്കുന്നു. നീന ചേച്ചിയാണ് എന്നോട് പറഞ്ഞത്. ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തു എന്ന് പറയാന്‍ അയാള്‍ക്ക് എങ്ങനെ തോന്നി എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.
എന്റെ പേര് അന്‍സിബ ഹസന്‍ എന്നുള്ളത് കൊണ്ട് മാത്രമല്ലേ അങ്ങനെ പറയുന്നത്. കമ്മിറ്റിയില്‍ ഞാന്‍ എന്റേതായ അഭിപ്രായം പറയുന്ന ആളാണ്. മറ്റുള്ളവര്‍ പറയുന്ന അഭിപ്രായം അംഗീകരിച്ച് കൊടുക്കേണ്ട ആവശ്യം എനിക്കില്ലല്ലോ. എനിക്ക് ശരിയെന്ന് ചതോന്നുന്നതെ അംഗീകരിക്കാറുള്ളൂ, കമ്മിറ്റിയിലിരിക്കുമ്പോള്‍. അങ്ങനെ നോക്കുമ്പോള്‍ പല അഭിപ്രായങ്ങള്‍ക്കും ഞാന്‍ അദ്ദേഹത്തിന്റെ കൂടെ നിന്നിട്ടില്ല. എതിര് അഭിപ്രായമുള്ളത് അങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്.
കുടുംബസംഗമം നടക്കുന്നതിന്റെ തലേദിവസം പോലും നീന ചേച്ചിയെ കൈയേറ്റം ചെയ്യാന്‍ വരെ ടിനി ടോം ശ്രമിച്ചിട്ടുണ്ട്. നീന ചേച്ചിയുടെ പരാതി ഇതിനോടകം പ്രസിഡന്റിനും സെക്രട്ടറിക്കും എത്തിയിട്ടുണ്ടാകും. അതില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട് ടിനി ടോം ചേട്ടന്‍ എന്തൊക്കെയാണ് നീന ചേച്ചിയെ അസഭ്യം പറഞ്ഞത് എന്ന്. മലയാളത്തില്‍ ഏറ്റവും വൃത്തികെട്ട രീതിയില്‍ പറയുന്ന വാക്കുകള്‍ എന്തൊക്കെയാണ് അത് തന്നെയാണ് വിളിച്ചത്.
കൂടെയുള്ളവര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചതിനാലാണ് നീന ചേച്ചിയെ തല്ലാതെ വിട്ടത് എന്നാണ് ഞാന്‍ അറിഞ്ഞത്. കൈയേറ്റം ചെയ്യാന്‍ പോകുന്ന തരത്തിലാണ് ബഹളമുണ്ടാക്കിയത് എന്നാണ് ഞാന്‍ അറിഞ്ഞത്. ആ സിറ്റുവേഷനില്‍ ഞാന്‍ അവിടെയില്ലായിരുന്നു. കുടുംബസംഗമത്തിന്റെ തലേദിവസം രാത്രി 11 നും 12 നും ഇടയില്‍ നടന്ന സംഭവമാണിത്. അടിക്കാന്‍ വേണ്ടി ഓങ്ങി എന്നാണ് ഞാന്‍ അറിഞ്ഞത്.
അസോസിയേഷനിലെ കുറെ മെമ്പേഴ്‌സ് പാവങ്ങളാണ്. ഈ കാര്യങ്ങള്‍ പുറത്തുപറഞ്ഞിട്ട് സംഘടനയ്ക്ക് ചീത്തപ്പേരാകും എന്ന് വിചാരിച്ചിട്ടാണ് പുറത്ത് പറയാത്തത്. എന്റെ കരിയറിനെ ബാധിക്കുമോ എന്ന് പേടിയുണ്ടായിരുന്നു. ഇത് കേട്ടതിന്റെ ഒരു ട്രോമയുണ്ടായിരുന്നു. എന്റെ മാനസിക സമ്മര്‍ദ്ദം വലുതായിരുന്നു. അതുകൊണ്ടാണ് അമ്മ കുടുംബസംഗമം കഴിഞ്ഞ് ഫെബ്രുവരി 21 ന് തന്നെ എന്റെ രാജി കൊടുത്തത്.
രാജിക്കത്തില്‍ ഞാന്‍ പറഞ്ഞത് ജോലിത്തിരക്കുകള്‍ കാരണം രാജി വെക്കുന്നു എന്നാണ്. വേറൊന്നും പറഞ്ഞിട്ടില്ല. ശ്വേത മേനോനോട് ഇക്കാര്യം സംസാരിച്ചിരുന്നു. എന്നെ വ്യക്തിഹത്യ ചെയ്യുന്നതിന്റെ ലിമിറ്റ് കഴിഞ്ഞു. അത്രയും വ്യക്തിഹത്യ ചെയ്തു. എവിടെ ചെന്നാലും സഹപ്രവര്‍ത്തകര്‍ പലകാര്യങ്ങളാണ് എന്നെ കുറിച്ച് പറയുന്നത്. ഇയാള്‍ മോശമായി സംസാരിക്കുന്നു എന്ന് പ്രസിഡന്റിനോട് പറഞ്ഞിരുന്നു.
പരാതി കൊടുത്തിട്ടില്ല. സെക്രട്ടറിയോട് പറഞ്ഞപ്പോള്‍ പരാതിയായി തരാന്‍ പറഞ്ഞു. ഇപ്പോള്‍ രേഖാമൂലം പരാതി കൊടുത്തിട്ടുണ്ട്. സെക്രട്ടറിയോട് ഞാന്‍ എല്ലാ കാര്യങ്ങളും പറഞ്ഞു. എന്നെ അവസാനം മതതീവ്രവാദിയാക്കി, ജിഹാദി എന്ന് പറഞ്ഞു. അതും കൂടെ കേട്ടിട്ട് എനിക്ക് അവിടെ നില്‍ക്കാന്‍ പറ്റില്ല എന്ന് സെക്രട്ടറിയോട് പറഞ്ഞു. അപ്പോള്‍ സെക്രട്ടറി എന്നോട് പറഞ്ഞു രാജിക്കത്തില്‍ ഇക്കാര്യം കൂടി പറയാന്‍.
ഇപ്പോള്‍ ഞാന്‍ പറയുന്നതിന് കൂടി പ്രതികാരം ചെയ്യാന്‍ ടിനി ടോം പലതും അടിച്ചിറക്കും. അയാളുടെ കൂടെ ഒരു സംഘമുണ്ട്. താങ്ങുന്നതിന് പരിധിയുണ്ട്. ഞാന്‍ എന്റെ കുടുംബം നോക്കുന്ന ആളാണ്. എന്നെ കൊണ്ട് പറ്റുന്ന രീതിയില്‍ ഞാന്‍ അമ്മയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അത് അവിടെ ഉള്ള എല്ലാവര്‍ക്കും അറിയാം. എന്റെ രാജി അമ്മ സ്വീകരിച്ചതിന് ശേഷം മുതിര്‍ന്ന താരങ്ങള്‍ക്ക് ഞാന്‍ മെസേജ് അയച്ചു.
ഞാന്‍ രാജി വെക്കാന്‍ കാരണം ടിനി ടോം ചേട്ടനാണ്. പിന്നെ മറ്റൊരു അംഗം എനിക്കെതിരെ പൊലീസില്‍ പരാതി കൊടുത്തിരുന്നു. ഞാന്‍ അയച്ച മെസേജ് കാരണം അവരുടെ ഭര്‍ത്താവ് ഗാര്‍ഹിക പീഡനം നടത്തുന്നു എന്ന് പറഞ്ഞിട്ട്. പൊലീസ് സ്റ്റേഷനില്‍ ഞാന്‍ 3 മണിക്കൂര്‍ ഇരുന്നു. എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലെ വനിതാ അംഗമാണ് പരാതി കൊടുത്തത്. തൃപ്പുണ്ണിത്തുറ പൊലീസ് സ്റ്റേഷനില്‍ ആണ് പരാതി കൊടുത്തത്.















Click it and Unblock the Notifications