അന്‍സിബ പിന്നോട്ടില്ല; ലക്ഷ്മി പ്രിയക്കെതിരെ സ്വകാര്യ അന്യായം, ഹര്‍ജിയില്‍ പറയുന്നത് ഇതാണ്
കൊച്ചി: ലക്ഷ്മി പ്രിയക്കെതിരായ നടപടിയില്‍ നിന്ന് നടി അന്‍സിബ പിന്നോട്ടില്ല. അവര്‍ തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്‌ഐ രേഷ്മ എന്നിവര്‍ക്കെതിരെ കേസെടുക്കണം എന്നാണ് അന്‍സിബയുടെ ആവശ്യം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന കാര്യങ്ങളും അവര്‍ ബോധിപ്പിച്ചു.
അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്നും കേസെടുക്കേണ്ട സാഹചര്യമില്ലെന്നും നേരത്തെ പോലീസ് നിഗമനത്തില്‍ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്‍സിബ കോടതിയെ സമീപിച്ചിരിക്കുന്നത്. താന്‍ മണിക്കൂറുകളോളം തൃപ്പൂണിത്തുറ പോലീസ് സ്‌റ്റേഷനില്‍ മാനസികമായി പീഡിപ്പിക്കപ്പെട്ടതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണം എന്നാണ് അന്‍സിബയുടെ ആവശ്യം.

അന്‍സിബ നടി ലക്ഷ്മി പ്രിയക്ക് അയച്ച വാട്‌സാപ്പ് സന്ദേശമാണ് കേസിന്റെ തുടക്കം. ലക്ഷ്മി പ്രിയ ദുബായില്‍ പോയതുമായി ബന്ധപ്പെട്ട കാര്യമായിരുന്നു സന്ദേശം. ഇത് തന്റെ ഭര്‍ത്താവ് കണ്ടുവെന്നും കുടുംബത്തില്‍ പ്രശ്‌നമായി എന്നും ലക്ഷ്മി പ്രിയ ആരോപിച്ചു. അവര്‍ തൃപ്പൂണിത്തുറ വനിതാ സെല്ലില്‍ പരാതി നല്‍കി. അന്‍സിബയെ വിളിപ്പിച്ച പോലീസ് മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തുവെന്നാണ് പറയപ്പെടുന്നത്.
വളരെ നിസാരമായ ഒരു സന്ദേശമാണ് താന്‍ വാട്‌സാപ്പ് വഴി അയച്ചത്. മാസങ്ങള്‍ പിന്നിട്ട ശേഷമാണ് ലക്ഷ്മി പ്രിയ പോലീസില്‍ പരാതി നല്‍കിയത്. അമ്മയിലെ തര്‍ക്കങ്ങളുടെ ഭാഗമായിട്ടാണ് പരാതി എത്തിയിരിക്കുന്നത് എന്നും അന്‍സിബ സംശയം പ്രകടിപ്പിച്ചു. സ്റ്റേഷനില്‍ ഹാജരായ തന്നെ ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ്, എസ്‌ഐ രേഷ്മ എന്നിവര്‍ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത് മാപ്പ് എഴുതി ഒപ്പ് വയ്പ്പിച്ച ശേഷമാണ് വിട്ടയച്ചത് എന്ന് അന്‍സിബ പറയുന്നു.
കോടതി പോലീസിന്റെ പ്രതികരണം തേടി
ഇത്രയും നേരം താന്‍ നേരിട്ട മോശം അനുഭവത്തിന് ഉത്തരവാദികള്‍ ലക്ഷ്മി പ്രിയയും മറ്റുള്ളവരുമാണ്. അതുകൊണ്ടുതന്നെ അവര്‍ക്കെതിരെ നടപടി വേണം എന്ന് അന്‍സിബ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തുടര്‍ന്നാണ് തൃപ്പൂണിത്തുറ എസിപി അന്വേഷണം നടത്തി ഗൗരവമില്ലാത്ത പരാതിയാണ് എന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ലക്ഷ്മി പ്രിയയെയും അന്‍സിബയെയും എസ്‌ഐ രേഷ്മയെയും പോലീസ് വിളിപ്പിച്ചിരുന്നു.
കഴമ്പില്ലെങ്കില്‍ എന്തിന് തന്നെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു, മാപ്പ് എഴുതി ഒപ്പുവയ്പ്പിച്ചു എന്നാണ് അന്‍സിബയുടെ ചോദ്യം. കഴിഞ്ഞാഴ്ച അവര്‍ വീണ്ടും ഒരു പരാതി പോലീസിന് നല്‍കി. ഈ പരാതിയില്‍ കേസെടുക്കാന്‍ നിര്‍ദേശിക്കണം എന്നാണ് അന്‍സിബ കോടതിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി പോലീസിന്റെ മറുപടി തേടി.
പോലീസ് നല്‍കുന്ന റിപ്പോര്‍ട്ടിന് അനുസരിച്ചാകും അന്‍സിബയുടെ ഹര്‍ജിയുടെ ഭാവി. മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി എന്നതിനാല്‍ തിരിച്ചടി നേരിട്ടാല്‍ മേല്‍ക്കോടതിയില്‍ പോകാന്‍ സാധിക്കും. സുപ്രീംകോടതി വരെ പോകുമെന്ന് നേരത്തെ അന്‍സിബ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചെയ്യാത്ത കുറ്റത്തിന് തന്നെ മോശക്കാരിയാക്കി ചിത്രീകരിച്ചു, അതിന് ശേഷം അമ്മയുടെ ഭാരവാഹിത്വം ഒഴിയേണ്ടി വന്നു എന്നും അന്‍സിബ ബോധിപ്പിച്ചിട്ടുണ്ട്.















Click it and Unblock the Notifications