ലക്ഷത്തില്‍ ഒരാളാണ്, അപൂര്‍വ സിദ്ധിയുണ്ട്, അന്‍സിബ ഹസന്‍ നയിക്കണം എന്ന് മാലാ പാര്‍വതി
കൊച്ചി: അമ്മയിലെ വിവാദങ്ങള്‍ക്ക് ശേഷം പുതിയ ഇടക്കാല ഭരണസമിതി നിലവില്‍ വന്നിരിക്കുകയാണ്. നാല് മാസത്തിനകം പുതിയ സ്ഥിരം ഭരണ സമിതി നിലവില്‍ വരുമെന്നാണ് താരങ്ങള്‍ വ്യക്തമാക്കിയത്. ഇതില്‍ നടി അന്‍സിബ ഹസന് ഇടമുണ്ടാകും എന്നാണ് പുറത്തുവന്ന വിവരങ്ങള്‍. എന്നാല്‍ ഇനി ഒരു ഭാരവാഹിത്വത്തിലേക്കും ഇല്ല എന്ന് അന്‍സിബ വ്യക്തമാക്കി.
അധികാര സ്ഥാനം വേണ്ട എന്ന് തോന്നുന്നത് സ്വാഭാവികമാണെങ്കിലും വരാതിരിക്കരുത് എന്ന് നടി മാലാ പാര്‍വതി പ്രതികരിച്ചു. നയിക്കാനുള്ള നേതൃപാടവവും അപൂര്‍വ സിദ്ധിയും അന്‍സിബയ്ക്കുണ്ട് എന്നാണ് മാലാ പാര്‍വതി പറയുന്നത്. താര സംഘടനയിലോ പൊതുരംഗത്തോ അന്‍സിബ ഉണ്ടാകണം എന്നും അന്‍സിബയുടെ തെളിഞ്ഞ ബുദ്ധി സമൂഹത്തിന് വേണം എന്നും മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.

തനിക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞാണ് ഇനി പുതിയ ഭാരവാഹിത്വത്തിലേക്ക് ഇല്ല എന്ന് അന്‍സിബ വ്യക്തമാക്കിയത്. ഇനി മല്‍സരിക്കാന്‍ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകട്ടെ. ശക്തവും കരുണയും ആര്‍ജവവുമുള്ള പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ എന്നും അന്‍സിബ ഫേസ്ബുക്കില്‍ കുറിച്ചു. ഇക്കാര്യം സൂചിപ്പിച്ചാണ് മാലാ പാര്‍വതിയുടെ പോസ്റ്റ്.
മാലാ പാര്‍വതി ഫേസ്ബുക്കില്‍ എഴുതിയത്: ''പ്രിയപ്പെട്ട അൻസിബ,
അൻസിബ ഇൻസ്റ്റായിൽ ഷെയർ ചെയ്ത കത്ത് കണ്ടു. പത്ത് മാസം നേരിട്ട അവഗണനകൾ, അപവാദ പ്രചരണങ്ങൾ, മനോവീര്യം തകർക്കാനുള്ള ഗൂഢാലോചനകൾ എല്ലാം നേരിട്ട് ,തല കുനിക്കാതെ, കണ്ണ് താഴ്ത്താതെ ആർജ്ജവത്തോടെ വാദിച്ച് ജയിച്ച ദിവസമായിരുന്നു ഇന്നലെ. അങ്ങനെ ഒരു ദിവസത്തിന് ശേഷം ഇനി ഒരു അധികാര സ്ഥാനവും വേണ്ട എന്ന് തോന്നുന്നത് സ്വാഭാവികമാണ്. മടുത്ത് പോയിട്ടുണ്ടാകും എന്നറിയാം.
പക്ഷേ.. അൻസിബയുടെ തെളിഞ്ഞ ബുദ്ധിയും കഴിവും സമൂഹത്തിന് വേണം. അമ്മ സംഘടനയിൽ അല്ലെങ്കിൽ പൊതുരംഗത്ത്.Because you are a born leader.
സമയമെടുത്തോളു. അടുത്ത തവണ ഇല്ലെങ്കിൽ വേണ്ട. പക്ഷേ വരാതിരിക്കരുത്. കാരണം ലക്ഷത്തിൽ ഒരാളാണ്.. അപൂർവ്വ സിദ്ധിയുണ്ട്.നയിക്കണം.
വേട്ടയാടപ്പെടും. തളരരുത്. ഇപ്പോൾ പോലും സൈബർ ആക്രമണങ്ങൾ അടക്കം ഇനിയും അഴിച്ച് വിടാം.കാരണം പലർക്കും മുറിഞ്ഞിട്ടുണ്ട്..
പക്ഷേ അൻസിബ ഇന്നൊരു പ്രതീക്ഷയാണ്. കേരളം അൻസിബയെ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. കാരണം വലിയ അക്ഷപങ്ങളെ, നിഷ്കളങ്കമായ ചോദ്യങ്ങൾ ചോദിച്ച് തകർത്ത് കളയാനുള്ള ഇച്ഛാശക്തി .. അത് ഒരു സാധാരണ വ്യക്തിയിൽ കാണാത്ത കഴിവാണ്. തെളിഞ്ഞ ബുദ്ധിയുടെ പ്രതിഫലനമാണ്.
അസാധാരണമായ എന്തോ ഒന്ന് അൻസിബയിലുണ്ട്. അത് നാടിൻ്റെ നന്മയ്ക്കായി വിനിയോഗിക്കണം. മടുത്ത് പോകണ്ട. ധൈര്യമായിട്ടിരിക്കു. ഈ മണ്ണ് ചതിക്കില്. ശക്തമായി മുന്നോട്ട് നടക്കണം.''














Click it and Unblock the Notifications