അന്‍സിബ വിളിച്ചിരുന്നു; ക്ഷേത്രവുമായി ബന്ധപ്പെട്ട സ്‌പോണ്‍സര്‍ഷിപ്പ് വിഷയം പറഞ്ഞു- മാലാ പാര്‍വതി
താരസംഘടനയായ അമ്മയില്‍ വിവാദങ്ങള്‍ ഒഴിയുന്നില്ല. ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരുചേരിയായി തിരിഞ്ഞ അമ്മ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തുടര്‍ച്ചയായ തര്‍ക്കങ്ങളിലും ആരോപണ പ്രത്യാരോപണങ്ങളിലും നിറയുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദവും മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതുമെല്ലാമായിരുന്നു ഇതിന് മുമ്പുള്ള ചര്‍ച്ച.
അമ്മയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു അന്‍സിബ ഹസന്‍. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി കൂടിയായിരുന്നു ഇവര്‍. അടുത്തിടെയാണ് അന്‍സിബ രാജി സമര്‍പ്പിച്ചത്. തന്റെ പദവി രാജിവയ്ക്കാനുള്ള കാരണം ഇന്ന് അന്‍സിബ മാധ്യമങ്ങളോട് വെളിപ്പെടുത്തി. നടന്‍ ടിനി ടോം വളരെ മോശമായി തന്നെ ചിത്രീകരിക്കുകയും മതപരമായി അധിക്ഷേപിക്കുകയും ചെയ്തുവെന്ന് അന്‍സിബ പറയുന്നു.

അന്‍സിബയെ മോശമായി താന്‍ ഒന്നും പറഞ്ഞിട്ടില്ല എന്ന് ടിനി ടോം മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ് രംഗത്തുവന്നു. അമ്മയിലെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളോട് പറയുന്നതില്‍ യോജിപ്പില്ലെന്നും എല്ലാം സംഘടനയില്‍ തീര്‍പ്പാക്കണമെന്നും പ്രിയങ്ക പറഞ്ഞു. അന്‍സിബ രാജിവച്ച കാര്യത്തില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി രംഗത്തുവന്നു.
രാജിവച്ച വേളയില്‍ അന്‍സിബ തന്നെ വിളിച്ചിരുന്നു എന്ന് മാലാ പാര്‍വതി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ''നിര്‍ഭാഗ്യകരമാണ് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍. താരസംഘടനയിലെ തിരഞ്ഞെടുപ്പിന് വനിതകള്‍ മുന്നോട്ട് വന്നപ്പോള്‍ സന്തോഷിച്ച വ്യക്തിയാണ് താന്‍. തിരഞ്ഞെടുപ്പിന് ശേഷം ഭാരവാഹികള്‍ എന്നോട് സംസാരിച്ചിട്ടില്ല. എല്ലാ വിഷയങ്ങളും സംഘടനയില്‍ തന്നെ തീര്‍ക്കണം എന്ന വിചാരമാണ് എന്ന് കരുതുന്നു...
അന്‍സിബ രാജിവച്ചത് കുറച്ച് നാള്‍ മുമ്പാണ്. ആ വേളയില്‍ തന്നെ വിളിച്ചിരുന്നു. കാര്യം തിരക്കിയപ്പോള്‍ ക്ഷേത്രത്തിന്റെ സ്‌പോണ്‍സറിങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞു. വെണ്ണല ശിവക്ഷേത്രവുമായി ബന്ധപ്പെട്ട സ്‌പോണ്‍സര്‍ഷിപ്പ് അമ്മയുടെ കുടുംബ സംഗമ പരിപാടിക്ക് ലഭിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്‍സിബ അനുകൂലിച്ചില്ല. അതിന് ശേഷം തനിക്കെതിരെ വലിയ അറ്റാക്ക് നടക്കുന്നു എന്ന് അന്‍സിബ സങ്കടം പറഞ്ഞിരുന്നു- മാലാ പാര്‍വതി വിശദമാക്കി.
ശിവക്ഷേത്രത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് അന്‍സിബ മാധ്യമങ്ങളോട് ഇന്ന് വിശദീകരിച്ചു. അമ്മ ഇതുവരെ ഒരു മതസ്ഥാപനങ്ങളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് എടുത്തിട്ടില്ല. അവരുടെ സംഭാവന വാങ്ങാം. സ്‌പോണ്‍സര്‍ഷിപ്പ് വേണ്ടതില്ല എന്ന് അന്‍സിബ നിലപാട് എടുത്തു. ഇതിനെ ചിവര്‍ അനുകൂലിച്ചു. മറ്റു ചിലര്‍ എതിര്‍ക്കുകയും ചെയ്തു.
ടിനി ടോം തന്നെ ജിഹാദി എന്ന് വിളിച്ചു എന്ന് അന്‍സിബ മാധ്യമങ്ങളോട് പറഞ്ഞു. മതംമാറ്റാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചു. പലരുമായും അവിഹിതമുണ്ടെന്ന് ആരോപിക്കുകയും ചെയ്തുവെന്നും അന്‍സിബ പറയുന്നു. രാജിവയ്ക്കാനുള്ള യഥാര്‍ഥ കാരണം സെക്രട്ടറി കുക്കു പരമേശ്വരനോട് പറഞ്ഞിരുന്നു. ടിനി ടോം തന്നെ കുറിച്ച് മോശമായി സംസാരിച്ചുവെന്ന് നീന കുറുപ്പാണ് പറഞ്ഞതെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.














Click it and Unblock the Notifications