'എല്ലാം പഴയപടി തന്നെ..'; അമ്മയില്‍ നിന്ന് രാജിവെച്ച് രേവതിയും പത്മപ്രിയയും
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് രാജി വെച്ച് നടിമാരായ രേവതിയും പത്മപ്രിയയും. കഴിഞ്ഞ പത്ത് വര്‍ഷത്തോളം സംഘടനയ്ക്കുള്ളില്‍ നടത്തിയ പോരാട്ടം ഫലം കാണുന്നില്ല എന്ന തിരിച്ചറിവിലാണ് രാജി പ്രഖ്യാപനം എന്ന് ഇരുവരും വ്യക്തമാക്കി. രാജി സംബന്ധിച്ച സംയുക്ത പ്രസ്താവന ഇരുവരും സോഷ്യല്‍ മീഡിയ പേജിലൂടെ പങ്ക് വെച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ മലയാള സിനിമയില്‍ രൂപപ്പെട്ട മാറ്റം ആവശ്യപ്പെടുന്ന വിഭാഗത്തിന്റെ വക്താക്കളായിരുന്നു രേവതിയും പത്മപ്രിയയും. മലയാള സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ രൂപീകരണ സമയം തൊട്ട് സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ പല സമയങ്ങളിലായി ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു.

റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, പാര്‍വതി തിരുവോത്ത് എന്നിവരെല്ലാം ഇത്തരത്തില്‍ നേരത്തെ തന്നെ രാജി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംഘടനയ്്ക്ക് പുറത്തുപോയി സംസാരിച്ചിരുന്നെങ്കിലും രേവതിയും പത്മപ്രിയയും രാജി നല്‍കിയിരുന്നില്ല. അതേസമയം രാജി തിടുക്കത്തില്‍ എടുത്തതല്ല എന്നും ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തിനോടുള്ള പ്രതികരണമല്ല എന്നും ഇരുവരും വ്യക്തമാക്കി.
സുരക്ഷിതമായ തൊഴിലിടം, ഉത്തരവാദിത്തബോധം, തുല്യപരിഗണന എന്നിവയ്ക്ക് വേണ്ടിയായിരുന്നു പോരാട്ടം എന്നും എല്ലാവര്‍ക്കും അവകാശപ്പെട്ട മിനിമം അടിസ്ഥാന മൂല്യങ്ങള്‍ എല്ലാവരെയും ഒരുമിപ്പിക്കും എന്ന് വിശ്വസിച്ചിരുന്നു എന്നും ഇരുവരും പറഞ്ഞു. എന്നാല്‍ സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഇതിന് യാതൊരു പിന്തുണയും ലഭിച്ചില്ല എന്നും രേവതിയും പത്മപ്രിയയും പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം ഉണ്ടായ രാജികള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായിരുന്നു എന്നും പൊതുജനശ്രദ്ധ കുറഞ്ഞതോടെ പഴയ രീതികളും അധികാരക്രമവും വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് എന്നും ഇരുവരും ആരോപിച്ചു.
പ്രസ്താവനയുടെ പൂര്‍ണരൂപം വായിക്കാം
ഇന്ന് ഞങ്ങള്‍ എഎംഎംഎയില്‍ നിന്ന് രാജിവെക്കുകയാണ്. ഇത് എഎംഎംഎയില്‍ നടക്കുന്ന വിവാദപരമ്പരയുടെ മറ്റൊരു അധ്യായം മാത്രമാണെന്ന് തോന്നാം. അങ്ങനെയല്ല എന്ന് വ്യക്തമാക്കുന്നു. ഞങ്ങളുടെ രാജി തിടുക്കത്തില്‍ എടുത്തതോ, ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തിനോടുള്ള പ്രതികരണമോ അല്ല. ഏകദേശം ഒരു ദശാബ്ദക്കാലത്തോളം ആവശ്യം ലളിതമായിരുന്നു.
സുരക്ഷിതമായ തൊഴിലിടം, അന്തസ്സോടെയുള്ള പെരുമാറ്റം, ഉത്തരവാദിത്തബോധം, തുല്യപരിഗണന. എല്ലാവര്‍ക്കും അവകാശപ്പെട്ട മിനിമം അടിസ്ഥാന മൂല്യങ്ങള്‍ എല്ലാവരെയും ഒരുമിപ്പിക്കും എന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു. ഉത്തരം മൗനവും അകല്‍ച്ചയുമായിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും, ഒരുകാലത്ത് സ്വന്തം വീട് എന്ന് കരുതിയിരുന്ന ഇടങ്ങളില്‍ നിന്നുമെല്ലാം.
എന്നിട്ടും ഞങ്ങള്‍ തുടര്‍ന്നു. കാരണം, പ്രതീക്ഷയ്ക്ക് ഏത് നിരാശയേയും അതിജീവിക്കാനുള്ള അപൂര്‍വമായ കരുത്തുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം ഉണ്ടായ രാജികള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായിരുന്നു. പൊതുശ്രദ്ധ കുറഞ്ഞതോടെ പഴയ രീതികളും അധികാരക്രമവും വീണ്ടും തിരിച്ചെത്തി. അധികാരത്തിന്റെ മുഖങ്ങള്‍ മാറും. രീതികള്‍ മാറും. എന്നാല്‍ അസമത്വത്തിന്റെ ഘടനകള്‍ മാറ്റമില്ലാതെ തുടരുകയാണ്.















Click it and Unblock the Notifications