13 വർഷത്തെ ദാമ്പത്യം, താരജോഡികളിൽ ജനപ്രിയർ; വിനു മോഹനും വിദ്യയും വിവാഹമോചിതരായി
ജനപ്രിയ താരജോഡികളായ വിനു മോഹനും വിദ്യയും വിവാഹമോചിതരായി. ഇരുവരും തമ്മിൽ അകൽച്ചയിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഒരു മാസത്തിൽ അധികമായി ഇരുവരും പിരിഞ്ഞു കഴിയുകയാണ്. ഇതിന് പിന്നാലെ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അതിനിടയിലാണ് ഇപ്പോൾ ഇരുവരും വിവാഹമോചിതരായി എന്ന വാർത്തകൾ പുറത്തുവരുന്നത്. പരസ്‌പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിയുന്നത്.
അമ്മ സംഘടനയിലെ ഭാരവാഹി എന്ന നിലയിൽ വിനു മോഹനെ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ കാണാമായിരുന്നു. എന്നാൽ വിദ്യയാവട്ടെ വിവാഹത്തിന് ശേഷം അഭിനയത്തിൽ അത്രത്തോളം സജീവമായിരുന്നില്ല. എങ്കിലും സോഷ്യൽ മീഡിയയിൽ ധാരാളം ചിത്രങ്ങൾ പങ്കുവച്ചിരുന്ന ആൾ കൂടിയാണ് വിദ്യ. ഓരോ ആഘോഷ ദിനങ്ങളിലും അല്ലാതെയും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ അടക്കം വിദ്യ പങ്കുവച്ചിരുന്നു.

വേർപിരിയുന്നതിന്റർ കൃത്യമായ കാരണങ്ങൾ വ്യക്തമല്ല. അടുത്തകാലത്തായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ അധികം കണ്ടിരുന്നില്ല. അതോടെ തന്നെ ആരാധകർ സംശയം ഉയർത്തിയിരുന്നു. ഇവർക്കിടയിൽ ബന്ധത്തിൽ വിള്ളലുണ്ടായി എന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിനോടൊന്നും ഇരുവരും പ്രതികരിച്ചിരുന്നില്ല.
2013-ലായിരുന്നു മലയാള സിനിമയിലെ താര കുടുംബത്തിൽ നിന്നുള്ള വിനു മോഹൻ അഭിനേത്രിയായ വിദ്യയെ വിവാഹം ചെയ്‌തത്. നടൻ കോട്ടക്കര ശ്രീധരൻ നായരുടെ കൊച്ചു മകനും, സായി കുമാറിന്റെ അനന്തരവനും ആയ വിനു മോഹന് സിനിമയിലേക്ക് വരവ് എളുപ്പമായിരുന്നു. അമ്മ ശോഭ മോഹനും മലയാളത്തിലെ അറിയപ്പെടുന്ന നടിയായിരുന്നു.
അതിന് ശേഷം സിനിമയിലൂടെ പ്രണയത്തിലായ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹിതരായത്. നിരവധി സിനിമകളിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ജോഡികളായിരുന്നു ഇവർ. പെട്ടെന്നുള്ള വിവാഹ മോചന വാർത്തയുടെ ഞെട്ടലിലാണ് ആരാധകർ ഇപ്പോൾ.
വിദ്യയും ചിത്രങ്ങൾ എല്ലാം വിനു മോഹൻ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്‌തിരിക്കുകയാണ് ഇപ്പോൾ. എന്നാൽ വിദ്യയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ ഇപ്പോഴും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഉണ്ട്. മാത്രമല്ല അക്കൗണ്ട് പേര് ഇപ്പോഴും വിദ്യ വിനു മോഹൻ എന്ന് തന്നെയാണ്. മാത്രമല്ല വിവാഹമോചന വാർത്തയിൽ ഇരുവരും ഇതുവരെയും പരസ്യമായി പ്രതികരിച്ചിട്ടുമില്ല.
എന്നാൽ ഇരുവരും തങ്ങളുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനത്തിലാണെന്നാണ് ലഭ്യമായ വിവരം. നിവേദ്യത്തിലൂടെ സിനിമയിൽ എത്തിയ വിനു മോഹൻ ഒട്ടേറെ സിനിമകളിൽ നായകനായും സഹതാരമായും തിളങ്ങിയിരുന്നു. 2007ലെ തമിഴ് ചിത്രമായ 'ദണ്ഡയുതപാണി'യിൽ നായികയായാണ് വിദ്യയുടെ സിനിമാ പ്രവേശം. 2009-ൽ 'നീലാംബരി'യിലൂടെ മലയാളത്തിലെത്തി. പിന്നീടാണ് ഇരുവരും തമ്മിൽ ഇഷ്‌ടത്തിലാവുന്നത്.


Click it and Unblock the Notifications
