ജയിലറിൽ ആ വേഷത്തിന് ആദ്യം സമീപിച്ചത് ഷാരൂഖ് ഖാനെ, പക്ഷെ സംഭവിച്ചത്'; ആലപ്പി അഷ്റഫ് പറയുന്നു
ആരാധകരെ ഹരം കൊള്ളിച്ച് ജയിലർ 2 തീയറ്ററിൽ എത്തിയിരിക്കുകയാണ്. രജനികാന്ത് ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ് മസാലകൾ സിനിമയിൽ വേണ്ടുവോളം ഉണ്ട്. ഹിന്ദിയിൽ നിന്നുള്ള പ്രമുഖ താരങ്ങൾ ഉൾപ്പെടെയാണ് രജനിക്കൊപ്പം ജയിലറിൽ എത്തിയത്. സിനിമയിലെ സർപ്രൈസിംഗ് എലമെന്റുകളിലൊന്നായിരുന്നു വില്ലനായി എത്തിയ നടൻ റിത്തിക് റോഷൻ. എന്നാൽ റിത്തിക്കിന് പകരം സംവിധായകൻ ആദ്യം സമീപിച്ചത് ഷാരൂഖ് ഖാനെ ആയിരുന്നുവെന്നാണ് സംവിധായകൻ ആലപ്പി അഷ്റഫ് പറയുന്നത്. സിനിമയെ കുറിച്ച് ആലപ്പി അഷ്റഫിൻ്റെ വാക്കുകൾ ഇങ്ങനെ
'രജിനി ഫാൻസും മോഹൻലാൽ ഫാൻസും ഒക്കെ ചേർന്ന് തിയേറ്റർ ഇളക്കി മറിച്ച് അർമാദിക്കുകയായിരുന്നു. മലയാളി പ്രേക്ഷകർക്ക് ആനന്ദം പകരുവാനായി നമ്മൾക്കുള്ള സമ്മാനം എന്നോണം മലയാളികളായ പ്രശസ്തരും പ്രഗൽഭരുമായ നമ്മുടെയൊക്കെ ഇഷ്ടതാരങ്ങൾ കഥാപാത്രങ്ങളായി ഇതിലെത്തുന്നുണ്ട് .അതിഥി താരമായി എത്തുന്ന മോഹൻലാലിനെ കൂടാതെ സുരാജ് വെഞ്ഞാറമൂട് ,വിനായകൻ, ഷംന കാസിം, കോട്ടയം നസീർ, സുനിൽ സുഗത ,സുജിത് ശങ്കർ, രാജേഷ് മാധവൻ, അന്നാ രാജൻ, പ്രശസ്ത നടിയും മലയാളിയുമായ വിദ്യാ ബാലൻ തുടങ്ങി മലയാള താരങ്ങളുടെ ഒരു നിര തന്നെയുണ്ട്. ഹിന്ദിയിൽ നിന്നും പ്രശസ്ത നടന്മാരായ മിഥുൻ ചക്രവർത്തിയും ഋതിക് റോഷനും ജാക്കി ഷറാഫും കന്നടയിൽ നിന്നും ശിവരാജ് കുമാർ, തമിഴിലെ വിജയ് സേതുപതിയും ഇതിൽ അതിഥിവേഷത്തിൽ എത്തുന്നുണ്ട്.

ശരിക്കും ഹൃതിക് റോഷന്റെ വേഷം ചെയ്യാൻ ആദ്യം സമീപിച്ചിരുന്നത് സാക്ഷാൽ ഷാരുഖ് ഖാനെ ആയിരുന്നു. എന്നാൽ അദ്ദേഹം അഭിനയിച്ച് റിലീസിങ്ങിന് ഒരുങ്ങുന്ന കിങ് എന്ന ചിത്രത്തിനു വേണ്ടി വരുത്തിയ രൂപമാറ്റമാണ് ജയിലർ ടു വിൽ നിന്നും ഷാരുഖ് ഖാൻ ഒഴിവാകാൻ കാരണമെന്നാണ് പറഞ്ഞു കേൾക്കുന്നത്. റിത്തിക് റോഷൻ നല്ല കയ്യടി വാങ്ങുന്നുണ്ടെങ്കിലും ഷാരുഖ് ഖാൻ ആയിരുന്നുവെങ്കിൽ ലെവൽ ഒന്ന് വേറെ തന്നെ ആകുമായിരുന്നു. ഈ ചിത്രത്തിൽ അഭിനയിക്കുവാൻ വേണ്ടി മിഥുൻ ചക്രവർത്തിയെ സമീപിച്ചപ്പോൾ അദ്ദേഹം ഒരു ഡിമാൻഡ് വെച്ചിരുന്നതായി രജനികാന്ത് വെളിപ്പെടുത്തിയിട്ടുണ്ട്. രജനികാന്ത് തന്നെ തല്ലാനോ ഷൂട്ട് ചെയ്യാനോ പാടില്ല. അത് അംഗീകരിച്ചാൽ താൻ അഭിനയിക്കാം എന്നതായിരുന്നു ഡിമാൻഡ്.
അതുപോലെതന്നെ സംവിധായകൻ നെൽസൺ വെളിപ്പെടുത്തിയ മറ്റൊരു കാര്യമുണ്ട്. ഈ ചിത്രത്തിൽ വിദ്യാബാലൻ ജീവൻ പകരുന്ന കാന്ത എന്ന കഥാപാത്രം സിഗരറ്റ് വലിച്ച് പുക രജനികാന്തിന്റെ മുഖത്തേക്ക് ഊതുന്ന ഒരു രംഗമുണ്ട്. അത് പറഞ്ഞപ്പോൾ ആ രംഗം ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ അവർ ആകെ ടെൻഷനായി എന്ന്. ജയിലർ എന്ന സിനിമയുടെ കഥയുടെ തുടർച്ചയാണ് ജയിലർ രണ്ടാം ഭാഗം. ഒന്നാം ഭാഗത്തിൽ നടൻ വിനായകൻ അവതരിപ്പിച്ച വർമ്മൻ എന്ന കഥാപാത്രത്തിന്റെ കൊലപാതകിയെ തേടിയുള്ള അന്വേഷണത്തിലൂടെ ആരംഭിക്കുന്ന കഥ ഉദ്യോഗജനകമായി ആകാംക്ഷ ജനിപ്പിക്കും വിധമാണ് കടന്നുപോകുന്നത്.
ഒരു കാര്യം ഞാൻ തറപ്പിച്ചു പറയാം. എന്റർടൈയൻമെന്റ് സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കുള്ള ഒരു ഒന്നാംതരം വിരുന്നാണ് ഈ സിനിമ. നിങ്ങൾക്ക് പടം കണ്ടിറങ്ങിയാൽ നിരാശയുണ്ടാകില്ല. ആവശ്യത്തിന് സെന്റിമെൻറ്സും കോമഡിയും ആക്ഷനും മസാലയും ഒക്കെ കോർത്തിണക്കിയ ഒരു പക്ക എന്റർടൈൻമെന്റ് ചിത്രമാണ് ജയിലർ 2.
മോഹൻലാലിന്റെ കഥാപാത്രം കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിച്ചു പോകും. എങ്കിലും മാസ് ലുക്കിൽ കടന്നുവന്ന മോഹൻലാലിന്റെ വരവ് നമ്മെ ഒട്ടും നിരാശപ്പെടുത്തുന്നില്ല. കയ്യടി ഏറ്റുവാങ്ങി ആർപ്പുവിളികളോടെയാണ് കടന്നുവന്ന് മടങ്ങിപ്പോയത്. വിദ്യാബാലന്റെ വില്ലത്തിയായ കഥാപാത്രം ലുക്കിലും വർക്കിലും വേറിട്ട് നിന്നു. ആ കഥാപാത്രത്തോട് അവരും നീതി പുലർത്തി എന്ന് നിസ്സംശയം പറയാം. വില്ലൻ കഥാപാത്രങ്ങളുടെ ഒരു വലിയ പരമ്പര തന്നെ ഈ ചിത്രത്തിൽ ഉണ്ടെങ്കിലും ഹിന്ദി നടനായ മിഥുൻ ചക്രവർത്തിയുടെയും തമിഴ് നടനും സംവിധായകനുമായ എസ് ജെ സൂര്യയുടെയും വില്ലൻ കഥാപാത്രങ്ങൾ ഏറെ മികവുറ്റതായി അനുഭവപ്പെട്ടു.
ജയിലർ എന്ന ചിത്രം 650 കോടി കളക്ട് ചെയ്തു എന്നാണ് പറയപ്പെടുന്നത്. അങ്ങനെയെങ്കിൽ ജയിലർ ടു ആയിരം കോടി കടക്കുമെന്ന് സിനിമാവൃത്തങ്ങളിൽ പറഞ്ഞു കേൾക്കുന്നു. അങ്ങനെ സംഭവിച്ചാൽ ഒട്ടും അതിശയോക്തി തോന്നേണ്ടതില്ല.


Click it and Unblock the Notifications
