'മമ്മൂട്ടിയെ സ്ത്രീവിരുദ്ധതയുടെ പേരിൽ ആക്ഷേപിച്ചവർക്ക് പണി കിട്ടി';ആലപ്പി അഷ്റഫ് പറയുന്നു
യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കിയ ടോക്സിക് സിനിമയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. ചിത്രത്തിന്റെ വിജയം ആഘോഷിക്കേണ്ടതിനു പകരം നിരൂപകർ വലിയ ആഘോഷമാക്കി മാറ്റി പടത്തിനെ പിച്ചിച്ചീന്തിയെന്നും ഈ അടുത്ത കാലത്തൊന്നും നിരൂപകർ ഒരിക്കലും ഇത്രത്തോളം ഒരു ചിത്രത്തെ അപമാനിക്കുന്നത് കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ്റെ വാക്കുകൾ ഇങ്ങനെ
'മലയാളിയായ നടി സംവിധാനം ചെയ്ത ചിത്രമാണ് ടോക്സിക്. ഇതൊരു സാധാരണ ചിത്രമല്ല വിവിധ ഭാഷകളിലായി യാഷ് എന്ന സൗത്ത് ഇന്ത്യൻ സൂപ്പർ ഹീറോ അഭിനയിച്ച ചിത്രമാണ് .ഇതിന്റെ മുതൽ മുടക്കിനെ കുറിച്ച് പറയുകയാണെങ്കിൽ അത്ഭുതപ്പെടുത്തുന്നതാണ്, 500 കോടിക്ക് മേലെ എന്നാണ് അവകാശപ്പെടുന്നത്. ഗീതു മോഹൻദാസിനെ കുറിച്ച് പറയുകയാണെങ്കിൽ മലയാള സിനിമ ചരിത്രത്തിൽ വമ്പൻ സംവിധായകർക്ക് പോലും ലഭിക്കാത്ത ഒരു അവസരമാണ് കൈവന്നുചേർന്നത്. ഈ ചിത്രത്തിന്റെ നിർമ്മാതാവ് തന്നെയാണ് വിജയിയെ വെച്ച് ജനനായകൻ എന്ന ചിത്രം 400 കോടി രൂപ മുടക്കി നിർമ്മിച്ചത്. ഈ ചിത്രത്തിന്റെ നിർമ്മാതാവ് തന്നെയാണ് പ്രിയദർശന്റെ ഉടൻ റിലീസ് ചെയ്യാൻ പോകുന്ന ഒപ്പം എന്ന ചിത്രത്തിന്റെ റീമേക് നിർമ്മിച്ചത്.

അങ്ങനെ പണം വാരി ചെലവാക്കുന്ന പതിനായിരക്കണക്കിന് കോടികളുടെ ആസ്ഥിയുള്ള ഒരു നിർമ്മാതാവാണ് അദ്ദേഹം എന്നാണ് പറഞ്ഞു കേൾക്കുന്നത്. ഇവിടെ ഗീതു മോഹൻദാസിന് ഇതുപോലുള്ള ഒരു നിർമ്മാതാവിനെയും യാഷ് എന്ന സൂപ്പർ നായകനെയും ഒന്നിച്ചു ലഭിക്കുക എന്നത് ഒരു മഹാസംഭവമാണ്. കൂടാതെ പടത്തിന്റെ മേൽ യാഷിനുള്ള അമിത വിശ്വാസം മൂലം അദ്ദേഹവും ചിത്രത്തിന്റെ നിർമ്മാണ പങ്കാളി ആവുകയും ചെയ്തു. മാത്രമല്ല യാഷ് ഗീതുവിനോടൊപ്പം തിരക്കഥാരചനയിലും പങ്കുചേർന്നിട്ടുണ്ട്. ഈ ചിത്രത്തിന്റെ റെ ഷൂട്ടിങ് 2024 ആഗസ്റ്റിലാണ് ബാംഗ്ലൂരിൽ ആരംഭിച്ചത്. നയൻതാര ഉൾപ്പെടെ ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. എല്ലാ അഭിനേതാക്കളും വലിയ താരമൂല്യമുള്ളവർ. അങ്ങനെ പണം വാരി ചെലവാക്കി ഒരു ബ്രഹ്മാണ്ഡ ചിത്രം ഒരുക്കി. ലോകമെമ്പാടുമായി പതിനായിരം സ്ക്രീനുകളിലാണ് പടം റിലീസ് ചെയ്തത്. എന്നാൽ ചിത്രത്തിന്റെ വിജയം ആഘോഷിക്കേണ്ടതിനു പകരം നിരൂപകർ വലിയ ആഘോഷമാക്കി മാറ്റി പടത്തിനെ പിച്ചിച്ചീന്തി.
ചിത്രം ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു എന്ന് മാത്രമല്ല ഈ അടുത്ത കാലത്തൊന്നും നിരൂപകർ ഒരിക്കലും ഇത്രത്തോളം ഒരു ചിത്രത്തെ അപമാനിക്കുന്നത് കേട്ടിട്ടില്ല. തമിഴിലെ ചില നിരൂപകരുടെ നിരൂപണം കേട്ടാൽ പെറ്റ തള്ള സഹിക്കില്ല. അത്രത്തോളം അവർ പടത്തെ അപമാനിച്ച് അർമാദിക്കുകയായിരുന്നു. ഗീതു മോഹൻദാസിന്റെ കഥ കേട്ട് നിർമ്മാണ കമ്പനിയും യാഷും എല്ലാം ആ കഥ ഇഷ്ടപ്പെട്ടിട്ടാണല്ലോ അതിന്റെ സംവിധാന ചുമതല ഗീതു മോഹൻദാസിനെ ഏൽപ്പിക്കുന്നത്. കൂടാതെ ഗീതുവിനോടൊപ്പം സഹായത്തിനും ക്യാമറ ചലിപ്പിക്കുന്നതിനുമായി സംവിധായികയുടെ ജീവിത പങ്കാളിയായ രാജീവ് രവിയും ഒപ്പമുണ്ട്. സിനിമോട്ടോഗ്രാഫി നാഷണൽ അവാർഡ് വാങ്ങിയിട്ടുള്ള വ്യക്തിയും മലയാളത്തിൽ അന്നയും റസൂലും ,കമ്മട്ടിപ്പാടം മുതലായ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ആളുമാണ് രാജീവ് രവി.
യാഷിന് ഗീതു എന്ന സംവിധായികയിൽ വലിയ പ്രതീക്ഷയും വിശ്വാസവും ഒക്കെ ഉണ്ടായിരുന്നു. എന്നാൽ ആ വിശ്വാസ പ്രമാണങ്ങൾക്കും പ്രതീക്ഷകൾക്കും റിലീസ് വരെ ആയുസ്സുണ്ടായിരുന്നുള്ളൂ. ഒരു ബ്രഹ്മാണ്ഡ ചിത്രം ചില്ലു കൊട്ടാരം പോലെ തകർന്നടിഞ്ഞപ്പോൾ എല്ലാ നിരൂപകരും തിരിഞ്ഞത് ഗീതു മോഹൻദാസ് എന്ന സംവിധായകക്ക് നേരെയാണ്. അശ്വന്ത് കോക്ക് എന്ന നിരൂപകൻ പറയുന്നത് സന്തോഷ് പണ്ഡിറ്റ് അഞ്ച ലക്ഷം രൂപ മുടക്കിയെടുത്ത കൃഷ്ണനും രാധയും എന്ന ചിത്രം ഇതിനേക്കാൾ മനോഹരമാണെന്നാണ്. 500 കോടി രൂപ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ സന്തോഷ് പണ്ഡിറ്റ് കോടിക്കണക്കിന് പടങ്ങൾ നിർമ്മിക്കുമായിരുന്നു. ഇവിടെ സംവിധായകക്ക് നേരെ ആക്ഷേപ വർഷങ്ങൾ ചൊരിയുന്ന മലയാള നിരൂപകർ എല്ലാം തന്നെ ആക്ഷേപത്തോടൊപ്പം കൂട്ടിച്ചേർക്കുന്ന ഒരു പഴയകാല ഓർമ്മക്കുറിപ്പുണ്ട്. കസബയിലെ മമ്മൂട്ടിയുടെ സ്ത്രീ വിരുദ്ധതയുള്ള സീനിനെ കുറിച്ച് അതിലെ വനിതാ പോലീസ് ഓഫീസറിന് നേരെയുള്ള ഡയലോഗും അവരുടെ അരയിലെ ബെൽറ്റിലൂടെ കൈകടത്തി പിടിക്കുന്ന സീക്വൻസിനെ കുറിച്ചും ആണത്.
അന്നത് സ്ത്രീവിരുദ്ധതയാണെന്ന് പാർവ്വതി തിരുവോത്തനെ കൊണ്ട് പറയിപ്പിച്ചത് ഗീതു മോഹൻദാസ് ആണെന്നുള്ള വാർത്ത നമ്മളൊക്കെ കേട്ടതാണല്ലോ. തന്നെയുമല്ല അതിന് നിർബന്ധിക്കുന്ന വീഡിയോയും തെളിവായി പുറത്തുവന്നതല്ലേ. അതിൻറെ പേരിൽ പാർവതി തിരുവോത്തിനെ മമ്മൂട്ടി ആരാധകർ എടുത്തിട്ട് അലക്കിയത് കണ്ടതല്ലേ. ആ സമയത്ത് പാർവ്വതി തിരുവോത്ത് മലയാള സിനിമയിൽ മിന്നി തിളങ്ങി നിറഞ്ഞാടിക്കൊണ്ടിരിക്കുകയായിരുന്നു. ഇത്തരത്തിൽ ഒരു വിമർശനം മമ്മൂട്ടിക്ക് നേരെ ഉതിർത്തതിന്റെ പേരിൽ അവർക്ക് ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നു. പാർവതിക്ക് മാനസികമായും തൊഴിൽപരമായും പല ആഘാതങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്. മമ്മൂട്ടിക്ക് എങ്ങനെ സ്ഥായിയായ ഒരു പിണക്കം സിനിമാരംഗത്ത് ആരോടും തന്നെയില്ല. അങ്ങനെ അല്ലായിരുന്നുവെങ്കിൽ സിനിമാരംഗത്തെ 50%ത്തിലേറെ ആളുകളും മമ്മൂട്ടിയുമായി എന്നും പിണങ്ങി കഴിയേണ്ടി വന്നേനെ. പാർവതിയുടെ കാര്യത്തിൽ മമ്മൂട്ടി തന്നെ ഇടപെട്ട് അതിന് പരിഹാരം കാണുകയും ചെയ്തു. പാർവതി തിരോത്തിനെ അദ്ദേഹത്തിൻറെ പുഴു എന്ന ചിത്രത്തിൽ സഹകരിപ്പിച്ചതോടുകൂടി മമ്മൂട്ടിയുമായുള്ള പ്രശ്നത്തിന്റെ പേരിലുള്ള ആക്രമണത്തിന് ഫാൻസുകാർ തിരശീലയിട്ടു.
നല്ല നടി എന്ന് മാത്രമല്ല നല്ല നിലപാടുള്ള ഒരു നടി കൂടിയാണ് പാർവതി തിരുവോത്ത് .അഭിനയ മികവ് കൊണ്ട് നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള ഒരു നടിയോട് ആരും നല്ല രീതിയിൽ പെരുമാറുന്നില്ലെന്നും അതിനുമാത്രം അവർ എന്ത് തെറ്റാണ് ചെയ്തതെന്നും നടി ഉർവശി ഈയിട ചോദിച്ചത് സോഷ്യൽ മീഡിയയിൽ വൈറൽ ആയതാണ്. എന്തായാലും ടോക്സിക് എന്ന ചിത്രത്തിന്റെ റിലീസോടുകൂടി മമ്മൂട്ടിയെ സ്ത്രീവിരുദ്ധതയുടെ പേരിൽ ആക്ഷേപിച്ചവർക്ക് നല്ല പണി കിട്ടിയിരിക്കുകയാണ്. ടോക്സിക് എന്ന ചിത്രത്തിലൂടെ നീളം സെക്സിന്റെ അതിപ്രസരവും സ്ത്രീ വിരുദ്ധതയും ഒക്കെയാണെന്നാണ് ആക്ഷേപം.
അശ്വന്ത് കോക്ക് സാധാരണ സിനിമ നിരൂപണം പറയുമ്പോൾ ആ ചിത്രത്തിലെ കഥാപാത്രത്തെ അനുകരിച്ചുകൊണ്ട് ഫാൻസി ഡ്രസ്സിൽ പ്രത്യക്ഷപ്പെടാറുണ്ട് .ഈ പ്രാവശ്യത്തെ ടോക്സിക്കിന്റെ നിരൂപണത്തിൽ അശ്വന്തുകൊക്ക് തുണിയില്ലാതെ പ്രത്യക്ഷപ്പെടുമെന്ന് കരുതിയതായിട്ട് കമന്റുകൾ ധാരാളം വായിക്കാൻ ഇടയായി .അത്രത്തോളം സെക്സ് സീക്വൻസ് ഉള്ള ഒരേ പടമായിട്ടാണ് ഇതിനെ കാണുന്നത്'.


Click it and Unblock the Notifications