മോഹൻലാൽ എന്തിനാണ് ഈ കൂതറ പരിപാടിക്ക് പോയതെന്ന് ചോദിക്കുന്നവരോട്'; ആലപ്പി അഷ്റഫ് പറയുന്നു
ബിഗ് ബോസ് ഷോയെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. ബിഗ് ബോസ് എന്നത് ഒരു ഒളിഞ്ഞുനോട്ട പരിപാടിയാണെന്ന് പറയാനാവില്ലെന്നും ഉച്ചനീചത്വം ഏതുമില്ലാതെ സമൂഹത്തിൽ എല്ലാവരും തുല്യരാണെന്ന് കാട്ടിത്തരുന്ന ഒരു ഷോ ആണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും പുതിയ സീസണിനെ കുറിച്ചും ഷോയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങളോടും അദ്ദേഹം പ്രതികരിച്ചു. തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം
ബിഗ് ബോസ് മറ്റ് ഏഴ് സീസണുകളെയും അപേക്ഷിച്ച് മോഹൻലാൽ ഈ സീസണിൽ റിയൽ ആണ് ,ഫയർ ആണ് .പലരും കമന്റിലൂടെയും മറ്റും ചോദിക്കുന്നുണ്ട് എന്തിനാണ് മോഹൻലാൽ ഈ കൂതറ പരിപാടിക്ക് അവതാരകനായി പോയതെന്ന് .അയാളോട് കുറച്ച് സ്നേഹം ഉണ്ടായിരുന്നു അതൊക്കെ പോയി കിട്ടി എന്നും പറയുന്നവരുണ്ട് .നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളിലും ഉള്ള ഒരു റിയാലിറ്റി ഷോ ആണിത് .അതിലെല്ലാം അവതാരകരായി എത്താറുള്ളത് മോഹൻലാലിനെ പോലെ അല്ലെങ്കിൽ മോഹൻലാലിനെക്കാൾ ഏറെ ആരാധകരുള്ള വലിയ നടന്മാരും സെലിബ്രിറ്റികളും ഒക്കെയാണ്. അങ്ങനെ നോക്കുമ്പോൾ മലയാളം ബിഗ് ബോസിൽ നമ്മുടെ മോഹൻലാൽ എത്തുന്നതിനെ പരിഹസിക്കേണ്ടതുണ്ടോ? വിമർശിക്കേണ്ടതുണ്ടോ?

ഇപ്രാവശ്യത്തെ ബിഗ് ബോസ് ഷോ തുടങ്ങിയപ്പോൾ കണ്ട കാഴ്ച ആദ്യമായി വലതുകാൽ വെച്ച് ബിഗ് ബോസ് ഹൗസിലേക്ക് കടന്നുവന്ന മത്സരാർത്ഥി രണ്ടാം ദിവസം വലതുകാൽ വെച്ച് വെളിയിലേക്ക് ഇറങ്ങി പോകുന്നതായിരുന്നു. ആരെ സംരക്ഷിക്കാൻ വേണ്ടിയാണോ ഈ കൊടുംചതി ഗായത്രി സുരേഷിനോട് ചെയ്തത് അവരെ പ്രേക്ഷകർ ചവിട്ടി പുറത്താക്കുന്ന കാഴ്ചയും കഴിഞ്ഞ ആഴ്ച നമ്മൾ കണ്ടു .വോട്ടെടുപ്പിലൂടെ ജനവിധി പ്രകാരം രണ്ടാം ദിവസം പുറത്തുപോകേണ്ട സിനി ആൻ ജോർജിനെ സംരക്ഷിച്ചു നിർത്തിക്കൊണ്ട് ക്യാപ്റ്റനായ ജസീല തന്റെ വീറ്റോ പവർ ഉപയോഗിച്ചാണ് ഗായത്രി സുരേഷിനെ ഒഴിവാക്കിയത്. ഗായത്രി സുരേഷ് കപ്പ് കൊണ്ടുപോകുമോ എന്ന പേടിയും ഈഗോയും ഒക്കെ ആയിരിക്കാം ഇത്തരം ഒരു തീരുമാനത്തിൽ എത്താൻ ജസീലയെ പ്രേരിപ്പിച്ച ഘടകം.
പ്രേക്ഷക പിന്തുണ നഷ്ടപ്പെട്ട കാളി എന്ന ധന്യ ആദ്യ എവിക്ഷനിൽ തന്നെ പുറത്തുപോയി .പിറ്റേദിവസത്തെ എവിക്ഷനിൽ പ്രേക്ഷകർ തന്നെ റിനിയെയും പുറത്താക്കി. ജനഹിതം നടപ്പിലാക്കാതെ ദുർഭരണവും കെടുകാര്യസ്ഥതയും മൂലം ജസീലക്ക് തുടർഭരണം നഷ്ടപ്പെട്ടു. തുടർഭരണം ഊട്ടി ഉറപ്പിക്കാനായി രാഹുൽ ഈശ്വർ മാത്രമാണ് അവരോടൊപ്പം നിന്നത്. താനെല്ലാം സഹിച്ചും ക്ഷമിച്ചും പൊറുത്തും ഒപ്പം കൂട്ടിയ റിനി പോയപ്പോൾ രാഹുൽ ഈശ്വർ ആകെ തകർന്നുപോയി. ആ ദുഃഖവും വേദനയും മറക്കുവാനായി ചേർത്തുപിടിച്ചത് ക്യാപ്റ്റനായ ജസീലയെയും അനുയായികളെയുമാണ്. അവർക്ക് ഭരണം നഷ്ടപ്പെട്ടതിൽ നീറുന്ന ഹൃദയവുമായി മരിച്ചു ജീവിക്കുകയായിരുന്നു ഹൗസിനുള്ളിൽ രാഹുൽ ഈശ്വർ.
ബിഗ് ബോസ് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണാധികാരിയോട് മുൻപാകെ ഒരു ചോദ്യം ചോദിക്കുന്നു. കഴിഞ്ഞ ഭരണത്തിൽ നിന്നും വ്യത്യസ്തമായി താങ്കൾ എന്ത് മാറ്റമാണ് കൊണ്ടുവരുവാൻ ഉദ്ദേശിക്കുന്നതെന്ന്. അപ്പോൾ എൽദോ എന്ന ഭരണാധികാരി പറയുന്നു കഴിഞ്ഞ ഭരണാധികാരി ചെയ്ത തെറ്റുകൾ ആവർത്തിക്കില്ല അത് തിരുത്തപ്പെടുമെന്ന്. അങ്ങനെയെങ്കിൽ ആദ്യം ചെയ്യാൻ പോകുന്നത് എന്ത് എന്ന് എൽദോ പറയുന്നു. ഗായത്രി സുരേഷിനെ തിരിച്ചുകൊണ്ടുവരുവാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറയുന്നു. അതിന് കേന്ദ്രം അതിനൊരു ഉപാധി വെയ്ക്കുന്നു, അങ്ങനെ വേണമെങ്കിൽ താങ്കൾക്ക് കിട്ടിയ ഭരണചുമതല രാഹുൽ ഈശ്വരന് വിട്ടുകൊടുക്കണമെന്ന് .എൽദോ ഒട്ടും അമാന്തിച്ചില്ല താൻ തൻറെ അധികാരം വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് കേന്ദ്രത്തെ അറിയിച്ചു. അങ്ങനെ രാഹുലിന് അധികാരം കൈമാറി. ഇവിടെ ഒരു ഭരണാധികാരി ഒരു നേതാവ് എങ്ങനെ ആയിരിക്കണമെന്ന മഹത്തായ സന്ദേശം എൽദോ ജനങ്ങളിൽ എത്തിക്കുകയാണ് ചെയ്തത്'.


Click it and Unblock the Notifications
