'അന്ന് കലാഭവൻമണിക്ക് കൊടുത്ത 'ഷോക്ക്',ഇന്ന് മഞ്ഞുമ്മൽ ബോയ്സിന്..സംഭവിച്ചത്'

ദേശീയ പുരസ്കാര നിർണയത്തിൽ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തെ തഴഞ്ഞതിനെതിരെ വിമർശനവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. ഒരു കേസിന്റെ പേര് പറഞ്ഞ് ഒരു ചിത്രത്തെ അവാർഡിൽ നിന്നും ഒഴിവാക്കുന്നത് ഇത് ആദ്യമായിട്ടാണെന്നും ഇങ്ങനെ പോയാൽ നല്ല ചിത്രങ്ങളുടെ മേൽ ഒരു കേസ് കെട്ടിച്ചമച്ചാൽ ആ സിനിമകളെയൊക്കെ ഒഴിവാക്കേണ്ടതായി വരുമല്ലോയെന്നും ആലപ്പി അഷ്റഫ് ചോദിച്ചു. ദേശീയ പുരസ്കാര വിവാദങ്ങളിൽ അദ്ദേഹത്തിൻ്റെ പ്രതികരണം വായിക്കാം

'ദേശീയ പുരസ്കാരം നാലാമത്തെ തവണയാണ് മെഗാസ്റ്റാർ മമ്മൂട്ടിക്ക് ലഭിക്കുന്നത്.ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റിയെ അനശ്വരനാക്കിയത് മമ്മൂട്ടിയാണല്ലോ. അസാമാന്യമായ ഈ അഭിനയ മികവാണ് ജൂറിയുടെ പ്രശംസയ്ക്കും പുരസ്കാരത്തിനും നിദാനമായത്. ഈ ചിത്രത്തിന് വേണ്ടി മമ്മൂട്ടി എടുത്ത എഫർട്ടും ഒപ്പം ഇരുത്തം വന്ന അഭിനയവും കണ്ടിറങ്ങിയ പ്രേക്ഷകർ അന്നേ പറഞ്ഞിരുന്നു മമ്മൂട്ടിക്ക് ഈ വർഷത്തെ നാഷണൽ അവാർഡ് ഉറപ്പാണെന്ന്. ഈ ചിത്രത്തിലൂടെ മമ്മൂട്ടിക്ക് മാത്രമല്ല അവാർഡ് ലഭിച്ചത് അതിൻറെ ഛായാഗ്രാഹകനായ ഷഹനാസ് ജലാലിനും ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി.

kala2-41611

വൈക്കത്തുകാരനായ മമ്മൂട്ടിക്ക് മാത്രമല്ല വൈക്കത്തുകാരിയായ വിജയലക്ഷ്മിക്കും ദേശീയ പുരസ്കാരം ലഭിച്ചു. വൈക്കം വിജയലക്ഷ്മി അവസാന ലാപ്പിൽ പൊരുതിയത് ഗായിക ശ്രേയ ഘോഷാലുമായിട്ടാണ്. ഇവിടെയാണ് ഈ പുരസ്കാരത്തിന് മധുരമേറുന്നതും മലയാളികളായ നമുക്ക് അഭിമാനമേറുന്നതും. തനിക്ക് അവാർഡ് ലഭിച്ച ഗാനത്തെകുറിച്ച് വിജയലക്ഷ്മി പറയുന്നത് തന്റെ ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിക്കാൻ എപ്പോഴും തന്നെ പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന വരികളായിരുന്നു അതിലുണ്ടായിരുന്നതെന്നാണ്.

വൈക്കം വിജയലക്ഷ്മിയെ കുറിച്ച് ജൂറി ചെയർമാൻ ജയരാജ് പറഞ്ഞ ഒരു കാര്യമുണ്ട്. വിജയലക്ഷ്മിക്ക് കാഴ്ച പരിമിതി ഉണ്ടെന്നുള്ള സത്യം ജൂറിമാർ അറിയുന്നത് അവർക്ക് പുരസ്കാരം നൽകിയതിന് ശേഷം മാത്രമാണ്. മുൻപ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് കലാഭവൻ മണിക്ക് അവാർഡ് നൽകാതിരുന്നതിന്റെ കാരണമായി പറഞ്ഞിരുന്നത് ആ നടൻ ശരിക്കും അന്ധനാണെന്നാണ് ജൂറിമാർ എല്ലാവരും ധരിച്ചിരുന്നതെന്നാണ്. അവാർഡ് പ്രഖ്യാപനത്തിനു ശേഷം മാത്രമാണ് ജൂറിമാർ അറിയുന്നത് കാഴ്ചയുള്ള നടന്റെ മികവുറ്റ അഭിനയമായിരുന്നു അതെന്ന്. അതുകാരണം അർഹതപ്പെട്ട അംഗീകാരം കലാഭവൻ മണിക്ക് അന്ന് ലഭിക്കാതെ പോയി.

ഈ വർഷത്തെ ഏറ്റവും മികച്ച മലയാള സിനിമയക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത് ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിനാണ്. ഫാസിൽ മുഹമ്മദ് ആണ് അത് സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ മികവ് മനസ്സിലാക്കി അന്ന് ഈ ചിത്രത്തിന്റെ വിതരണ ചുമതല ഏറ്റെടുത്ത് തിയേറ്ററുകളിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ റിലീസിങ് കമ്പനി ആയിരുന്നു.

പുരസ്കാര നിർണയത്തിന്റെ ഫലം പുറത്തുവന്നപ്പോൾ ഷോക്കേറ്റത് മഞ്ഞുമൽ ബോയ്സ് എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും നിർമ്മാതാവിനും ആയിരുന്നു. മത്സരത്തിന്റെ അവസാന റൗണ്ട് വരെ എത്തിയ അവരെ പൂർണമായും ഒഴിവാക്കി മാറ്റി നിർത്തപ്പെട്ടു. അതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത് മഞ്ഞുമൽ ബോയ്സ് എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ് നിലനിൽക്കുന്നു എന്ന കാരണമാണ്. ഇതിൽ ഏറ്റവും സങ്കടകരമായ സത്യം എന്താണെന്ന് വെച്ചാൽ മികച്ച സംവിധായകൻ, മികച്ച കലാസംവിധാനനം, മികച്ച ജനപ്രിയ ചിത്രം എന്നീ വിഭാഗങ്ങളിൽ ആദ്യം പരിഗണിച്ചിരുന്നത് മഞ്ഞുമൽ ബോയ്സ് ആയിരുന്നു. ഒരു കേസിന്റെ പേര് പറഞ്ഞ് ഒരു ചിത്രത്തെ അവാർഡിൽ നിന്നും ഒഴിവാക്കുന്നത് ഇത് ആദ്യമായിട്ടാണെന്ന് തോന്നുന്നു ഇത്തരത്തിലാണ് പോക്കെങ്കിൽ ഇനിയങ്ങോട്ട് നല്ല ചിത്രങ്ങളുടെ മേൽ ഒരു കേസ് കെട്ടിച്ചമച്ചാൽ അവരെയൊക്കെ അങ്ങ് ഒഴിവാക്കേണ്ടതായി വരുമല്ലോ.

ഈ ചിത്രത്തിന്റെ നിർമ്മാതാവായ ഷഹീർ ബാബു ജൂറി ചെയർമാനായ ജയരാജിന് വാട്സ് ആപിലൂടെ ഒരു ചോദ്യം ഉയർത്തികൊണ്ടുള്ള മെസ്സേജ് അയച്ചുകൊടുത്തു .കേസുള്ള ചിത്രങ്ങൾ പരിഗണിക്കില്ല എന്ന മാനദണ്ഡം ഉണ്ടായിരുന്നെങ്കിൽ പിന്നെ ഈ ചിത്രം പരിഗണനയിൽ എടുത്തുകൊണ്ട് എന്തിന് അവസാന റൗണ്ട് വരെ എത്തിച്ചു. ആദ്യം തന്നെ അതിനെ ഒഴിവാക്കാത്തതിന്റെ കാരണം എന്താണ്? അതിന് ജയരാജ് തൃപ്തികരമായ ഒരു മറുപടി നൽകിയില്ല എന്നാണ് നിർമ്മാതാവ് പറയുന്നത്. ഇവിടെ ആ ചിത്രത്തിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകരുടെയും അതിൽ അഭിനയിച്ച ചെറുപ്പക്കാരായ ഒരുകൂട്ടം കലാകാരന്മാരുടെയും പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് അവരുടെ ചിറകുകൾ വെട്ടിവീഴ്ത്തി എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. ഈ അന്യായത്തിനെതിരെ ചന്തു സലീം പ്രതിഷേധിക്കുകയും ശക്തമായി പ്രതികരിക്കുകയും ചെയ്തു.

ചന്തു സലീം പറയുന്നു നല്ല സിനിമകൾ തഴയപ്പെട്ടുകൊണ്ട് സാധാരണ സിനിമകൾ ആദരിക്കപ്പെടുമ്പോൾ ചോദ്യങ്ങൾ ഉയരുക തന്നെ ചെയ്യുമെന്ന്. കേന്ദ്ര സർക്കാരിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ചില ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നു എന്ന ആക്ഷേപം ഇത്തവണയും ഉയർന്നു വന്നിരുന്നു. ഇതിന് ജയരാജ് പറഞ്ഞ മറുപടി ഞങ്ങൾ കണ്ടത് ഞങ്ങളുടെ മുൻപിൽ വന്ന ചിത്രങ്ങൾ മാത്രമാണ്. മറ്റൊന്നും ഞങ്ങൾ നോക്കിയിട്ടില്ല എന്ന്. നിങ്ങളുടെ മുൻപിൽ വന്ന ചിത്രങ്ങളെ മാത്രമേ നിങ്ങൾ കാണുന്നുള്ളൂ എങ്കിൽ എന്തിനാണ് മഞ്ഞ മഞ്ഞിമൽ ബോയ്സ് എന്ന ചിത്രത്തിന്റെ പിന്നാമ്പുറ കഥകളിലേക്ക് നിങ്ങൾ പോയത്? അങ്ങനെയാണെങ്കിൽ നിങ്ങൾ ജൂറിമാർ കാണിച്ചത് ഇരട്ട നീതിയല്ലേ. അതാണ് ചന്തു സലീം കുമാർ പറഞ്ഞത്. പുരസ്കാരങ്ങൾ രാഷ്ട്രീയപരമായ സൗകര്യങ്ങൾ നോക്കിയല്ല കൊടുക്കേണ്ടത് കലാപരമായ മികവിനായിരിക്കണമെന്ന്. ഇവിടെ നിസ്സഹായരായി നിലകൊള്ളുന്ന ഒരുപറ്റം കഴിവുറ്റ കലാകാരന്മാരെ എന്തു പറഞ്ഞ് നമുക്ക് ആശ്വസിപ്പിക്കാനാകും?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+