'രാധയുടെ അക്കൗണ്ടിൽ നിന്ന് 46 പൈസ പോലും പോയിട്ടില്ല, അവരുടെ മുഖം ഓർക്കണമായിരുന്നു';ആലപ്പി അഷ്റഫ്';

നടിമാരായ അംബികയും രാധയും തമ്മിലുള്ള തർക്കത്തിൽ പ്രതികരിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. സ്വന്തം അമ്മയെ മറന്നുകൊണ്ടാണ് ഇരുവരും ഇപ്പോൾ പരസ്പരം പൊതുമധ്യത്തിൽ വിഴുപ്പലക്കുന്നതെന്ന് സംവിധായകൻ കുറ്റപ്പെടുത്തി. കുടുംബത്തിൽ ഒതുങ്ങി നിൽക്കേണ്ട സ്വത്തുതർക്കവും വിഴുപ്പലക്കലും പൊതുമധ്യത്തിൽ കൊണ്ടുവന്ന് ചർച്ചക്കിട്ടു കൊടുത്തതിലൂടെ എന്താണ് ഇരുവരും നേടിയതെന്നും ആലപ്പി അഷ്റഫ് ചോദിച്ചു.

'തമ്മിൽ ശതകോടികൾക്ക് വേണ്ടി കടിപിടി കൂടുമ്പോൾ ഇവർ മറന്നുപോകുന്ന ഒരു കാര്യമുണ്ട് .ഇവരുടെ അമ്മയായ കല്ലറ സരസമ്മ എന്ന സ്നേഹനിധിയായ അമ്മ. സഹിച്ച ത്യാഗത്തിന്റെയും കഠിന പരിശ്രമത്തിന്റെയും ചരിത്രം. 1977, ഏതാണ്ട് 49 വർഷങ്ങൾക്കു മുൻപ് ഞാൻ രാമു കാര്യാട്ട് സാറിന്റെ ദ്വീപ് എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തിരുന്നു. മിനിക്കോയ് ദ്വീപിലെ ആദ്യ ഷെഡ്യൂളിനു ശേഷം തിരുവനന്തപുരത്ത് മെരിലാൻഡ് സ്റ്റുഡിയോയിൽ ആയിരുന്നു രണ്ടാമത്തെ ഷെഡ്യൂൾ ഷൂട്ടിങ് തുടങ്ങിയത്. സംവിധായകർ ഉൾപ്പെടെ എല്ലാവരും തങ്ങിയിരുന്നത് മെരിലാൻഡ് സ്റ്റുഡിയോയിൽ തന്നെയായിരുന്നു. ഒരു ദിവസം ഒരു ചെറുപ്പക്കാരി ഒരു കുട്ടിയുമായി മെരിലാൻഡ് സ്റ്റുഡിയോയുടെ ഗേറ്റിന് വെളിയിൽ നിൽക്കുന്നത് ഞാൻ കണ്ടു. സെക്യൂരിറ്റി അവരെ അകത്തേക്ക് വിടാതെ തടഞ്ഞു നിർത്തിയിരിക്കുകയായിരുന്നു. ഞാൻ അവരുടെ അടുക്കലേക്ക് ചെന്നു. അപ്പോൾ അവർ എന്നോട് പറഞ്ഞു, മോനെ എനിക്ക് രാമു കാര്യാട്ട് സാറിനെ ഒന്ന് കാണണമെന്ന്, ഒരു ന്യൂസ് പേപ്പർ കഷ്ണം എന്റെ നേരെ നീട്ടി. അത് ആ കുട്ടി ബാലജന സഖ്യത്തിന്റെ മത്സരത്തിൽ പങ്കെടുത്ത പ്രൈസ് കിട്ടിയതിന്റെ ഫോട്ടോയും വാർത്തയും ആയിരുന്നു.

alleppey2-84

ഞാൻ അപ്പോൾ തന്നെ അവരെ കാര്യാട്ട് സാറിന്റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുപോയി പരിചയപ്പെടുത്തി. സാർ ആ കുട്ടിക്ക് ആ സിനിമയിൽ ഒരു ചെറിയ വേഷവും നൽകി. ആ അമ്മയും മകളുമാണ് കല്ലറ സരസമ്മയും അംബികയും അന്ന് ആ സ്റ്റുഡിയോയുടെ ഗേറ്റിൽ സെക്യൂരിറ്റി തടഞ്ഞുനിർത്തിയ അമ്മയും മകളും പിൽക്കാലത്ത് ആയിരക്കണക്കിന് കോടികളുടെ അധിപയാകുമെന്നും മകൾ താരരാറാണിയായി മാറുമെന്നും അന്നെന്റെ മനസ്സിന്റെ കോണിൽ പോലും ചിന്തിച്ചിരുന്നില്ല. അവിടം മുതൽ ആ അമ്മ മകളെയും കൂട്ടി യാത്ര ആരംഭിച്ചതാണ്. തന്റെ മകളെ വലിയ ഒരു നടിയായി താരമായി മാറ്റുന്നതിനായി ഇതുപോലെ പല വാതിലുകളിലും അവർ മുട്ടി. പലതും അവർക്കായി തുറക്കപ്പെടുകയും ചെയ്തു.

അങ്ങനെ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു എങ്കിലും അതൊന്നും എടുത്തു പറയാവുന്നതായിരുന്നില്ല .പിന്നീട് നായികയായി ഒരു മുഴുനീള കഥാപാത്രമായി ശ്രദ്ധിക്കപ്പെടുന്നത് യൂസഫലി കേച്ചേരി സംവിധാനം ചെയ്ത എം ടി വാസുദേവൻ നായരുടെ നീലത്താമര എന്ന ചിത്രത്തിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തെ അനശ്വരമാക്കികൊണ്ടാണ്. ആ കഥാപാത്രം അംബികയെ ഒരു നല്ല നടി എന്ന നിലയിൽ അടയാളപ്പെടുത്തുന്നതായിരുന്നു. പിന്നീട് അവരുടെ ഒരു ജൈത്രയാത്രയായിരുന്നു. മലയാള സിനിമയിലെ അക്കാലത്തെ എല്ലാ സൂപ്പർ നായകന്മാരുടെയും നായികയായി അവർ അഭിനയിച്ചു. കൈനിറയ ചിത്രങ്ങളും ഒപ്പം പ്രശസ്തിയുടെ പടവുകളും കയറാൻ തുടങ്ങി. ആ പ്രശസ്തി അവർക്ക് തമിഴ്, തെലുങ്ക് ,കന്നട തുടങ്ങിയ ഭാഷകളിലേക്കുള്ള കടന്നുവരവിന് കളമൊരുക്കി.

അംബിക ശരിക്കും കഷ്ടപ്പാടുകളിലൂടെയും കഠിനാധ്വാനത്തിലൂടെയും ത്യാഗങ്ങൾ സഹിച്ചുമാണ് ഉന്നതിയുടെ പടവുകൾ ചവിട്ടി കയറിയതെങ്കിൽ അനുജത്തി രാധ ചേച്ചിയിലൂടെ ലഭിച്ച സൗഭാഗ്യങ്ങളുടെയും സുഖലോലുപതയുടെയും നടുവിൽ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. ഒരർത്ഥത്തിൽ അംബിക ഇല്ലായിരുന്നുവെങ്കിൽ രാധ എന്ന നടി ഉണ്ടാകില്ല എന്ന് തന്നെ പറയാം. ഭാരതിരാജ സംവിധാനം ചെയ്ത അലകൾ ഓയ്വതില്ലേ എന്ന ചിത്രത്തിൽ കാർത്തിക്കിന്റെ നായികയായിട്ടായിരുന്നു രാധയുടെ അരങ്ങേറ്റം .ആ ചിത്രം എക്കാലത്തെയും ഒരു സൂപ്പർ ഡൂപ്പർ ഹിറ്റ് ആയിരുന്നു .പിന്നീട് രാധയക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒരുകാലത്ത് ഈ സഹോദരിമാർ തമിഴ് സിനിമ അടക്കി വാഴുകയായിരുന്നു.

മക്കളുടെ ഈ ഉയർച്ചയിൽ സരസമ്മ എന്ന ആ അമ്മ ഒരിക്കലും അമിതമായി ആഹ്ളാദിക്കുകയോ അമിതമായി അഹങ്കരിക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല എല്ലാവരോടും വലിപ്പ ചെറുപ്പമൊന്നുമില്ലാതെ വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ഭവ്യതയോടെയും മാത്രമേ അവർ പെരുമാറിയിട്ടുള്ളൂ. വന്ന വഴി ഒരിക്കലും മറക്കാത്ത വ്യക്തിയായിരുന്നു സരസമ്മ ചേച്ചി.സരസമ്മ ചേച്ചിയുടെ സ്വഭാവത്തിലെ ഒരു പ്രത്യേകത ഭൂമി വാങ്ങി കൂട്ടുക എന്നതാണ്. എത്ര ഭൂമി വാങ്ങി കൂട്ടിയാലും അവർക്ക് തൃപ്തി ആകില്ല. തൻറെ കുട്ടികൾ അഭിനയിച്ചു കിട്ടുന്ന പ്രതിഫലം പാഴാക്കി കളയാതെ അപ്പോഴപ്പോൾ അതിന് ഭൂമി വാങ്ങുമായിരുന്നു. സരസമ്മ ചേച്ചിയുടെ ഇളയ മകൻ സുരേഷ് എന്റെ ഒരു പടത്തിൽ നായകനായി അഭിനയിച്ചിരുന്നു. ആ സമയത്താണ് സുരേഷ് എന്നോട് അമ്മയുടെ ഭൂമി വാങ്ങിച്ചു കൂട്ടൽ ക്രേസിനെ കുറിച്ച് പറഞ്ഞത്. ഞാൻ ഇപ്പോഴും ഓർക്കുന്നു തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ആ സ്ഥലത്തെക്കുറിച്ച് അമ്മ പറഞ്ഞു ഇനി അവിടെ വലിയ വികസനം ഉണ്ടാകാൻ സാധ്യതയുണ്ട്, ഇപ്പോൾ അവിടെ സ്ഥലത്തിന് തീരെ വിലകുറവാണെങ്കിലും ഇനി വലിയ രീതിയിൽ വില കൂടാൻ സാധ്യതയുണ്ട് എന്ന്. അമ്മ അങ്ങനെ പറഞ്ഞത് മാത്രമല്ല അവിടെ ചെന്ന് ഏക്കർകണക്കിന് ഭൂമി വാങ്ങിച്ചു കൂട്ടുകയും ചെയ്തു. അങ്ങനെ കേരളത്തിലും തമിഴ്നാട്ടിലും ഒക്കെ ആയി പലയിടങ്ങളിലും അവർ വസ്തുക്കൾ വാങ്ങികൂട്ടി.എആർ എസ് ഗാർഡൻ സ്റ്റുഡിയോയ്ക്ക് വേണ്ടി മദ്രാസിലെ പോരൂരിൽ വാങ്ങിയത് 40 ഏക്കർ ഭൂമിയാണ്. ഈ വസ്തുക്കളെല്ലാം കൂടിക്കിടന്ന് ഇന്നത് ആയിരക്കണക്കിന് കോടികളുടെ ആസ്ഥിയായി മാറിയിരിക്കുകയാണ് .

സരസമ്മ ചേച്ചിക്ക് അഞ്ചു മക്കളാണുള്ളത് മൂന്ന് പെൺകുട്ടികളും രണ്ട് ആൺമക്കളും .സരസമ്മ ചേച്ചി ജീവിച്ചിരുന്ന കാലത്ത് ഈ സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം ആരിലും അസൂയ ഉളവാക്കും വിധമായിരുന്നു. പ്രത്യേകിച്ച് അംബികയും രാധയും തമ്മിൽ. ഇവരുടെ സ്നേഹവും സന്തോഷവും കണ്ട് ഒരുപാട് സന്തോഷിച്ചു കടന്നുപോയ സരസമ്മ ചേച്ചിയുടെ ആത്മാവിന് തീരാ വേദനയാണ് ഇന്നവർ കാട്ടിക്കൂട്ടുന്ന വഴക്കും വക്കാണവും. ആദ്യം പൊതുസമൂഹത്തിന്റെ മുൻപിൽ ഗദ്ഗധത്തോടെ കണ്ണീരൊഴക്കി ആവലാതികളുമായി എത്തിയത് രാധയാണ്. രാധ പറഞ്ഞത് തന്റെ സഹോദരിയായ അംബികയും സഹോദരനായ അർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തു എന്ന രീതിയിലാണ്. അത് മറ്റുള്ളവർ വിശ്വസിക്കും വിധം അതിനോട് ചേർത്ത് പല ഉപകഥകളും അവർ വിവരിച്ചിരുന്നു. സ്വന്തം ചേച്ചിയെ അല്ലാതെ മറ്റാരെയാണ് വിശ്വസിക്കേണ്ടത് എന്ന ചോദ്യവും അവർ ഉയർത്തിയിരുന്നു. എന്നാൽ ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട്, രാധയുടെ അക്കൗണ്ടിൽ നിന്നും 46 കോടി പോയിട്ട് 46 പൈസ പോലും പോയിട്ടില്ല എന്ന സത്യം. ഇത് രാധയുടെ ഭർത്താവായ രാജശേഖരൻ സാക്ഷ്യപ്പെടുത്തിയതുമാണ്.

രാധ പറഞ്ഞ ഈ കഥകൾ കേട്ട മാധ്യമങ്ങൾ അത് ഏറ്റെടുത്ത് വലിയ ആഘോഷമാക്കി. അത് അംബികയുടെ ഇമേജിന് വലിയ അവമതിപ്പുണ്ടാക്കി. എന്നാൽ സിനിമയിലെ ക്ലൈമാക്സ് പോലെ അംബിക പ്രത്യക്ഷപ്പെട്ട് രാധയുടെ വാദങ്ങളെ അപ്പാടെ പൊളിച്ചടുക്കി മടക്കി കൊടുത്തു. അംബിക അനുജത്തി രാധയുടെ ചെറുപ്പം മുതലുള്ള സ്വർണ്ണത്തോടും പണത്തോടുമുള്ള ഒരിക്കലും അടങ്ങാത്ത ആർത്തിയെ കുറിച്ച് വിവരിക്കുന്നുണ്ട് .കുടുംബത്തിൽ ഒതുങ്ങി നിൽക്കേണ്ട സ്വത്തുതർക്കവും വിഴുപ്പലക്കലും പൊതുമധ്യത്തിൽ കൊണ്ടുവന്ന് ചർച്ചക്കിട്ടു കൊടുത്തതിൽ നിന്നും നിങ്ങൾക്ക് എന്താണ് നേടാൻ കഴിഞ്ഞത് ?നിങ്ങളിൽ ആര് പറയുന്നതാണ് സത്യമെന്ന് ആർക്കും അറിയില്ല .അതെന്തായാലും കോടതിയും പോലീസും ഒക്കെ തന്നെ തെളിയിക്കട്ടെ. ഇതൊക്കെ വന്ന് പൊതുമദ്യത്തിൽ വിളമ്പുന്നതിനു മുൻപ് നിങ്ങളെ നിങ്ങളാക്കിയ ഇന്നീ കാണുന്ന സർവ്വ പ്രതാപത്തിനും കാരണക്കാരിയായ നിങ്ങളുടെ അമ്മയുടെ ആ മുഖം ഒന്ന് ഓർത്തിരുന്നുവെങ്കിൽ നിങ്ങൾ ഇത്തരം ചീമുട്ടയറിന് മുതിരുല്ലായിരുന്നു. രാധ കുറച്ച് പക്വത കാട്ടിയിരുന്നുവെങ്കിൽ ഈ വിഷയം ഇത്ര വഷളാകില്ലായിരുന്നു'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma