മമിത ബൈജുവിന്റെ ഭാഗ്യം തെളിഞ്ഞത് അന്ന്... ആ തെറ്റ് പിന്നീട് ജീവിതസൗഭാഗ്യമായി മാറി'; ആലപ്പി അഷ്റഫ് പറയുന്നു
തൊടുന്നതെല്ലാം പൊന്നാക്കി മാറ്റുകയാണ് നടി മമിത ബൈജു. തമിഴിൽ നൂറു കോടിയ്ക്കു മുകളിൽ കളക്ഷൻ കിട്ടിയ മൂന്ന് ചിത്രങ്ങളാണ് മമിതയുടെ അക്കൗണ്ടിലുള്ളത്. മലയാളത്തിൽ ഒന്നും. അതാകട്ടെ ഇൻഡസ്ട്രിയിലെ തന്നെ ഹിറ്റും. ഇപ്പോഴിതാ നടിയുടെ സിനിമയിലെ ഈ വളർച്ചയെ കുറിച്ച് പറയുകയാണ് സംവിധായകനായ ആലപ്പി അഷ്റഫ്. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ
'മമിത ബൈജു എന്ന നടിയുടെ ഭാഗ്യനക്ഷത്രം തെളിഞ്ഞത് പ്രേമലു എന്ന ഒരൊറ്റ സിനിമയിലൂടെയാണ്. ആ സിനിമയിലൂടെ മമിത കവർന്നത് തെന്നിന്ത്യയുടെ മുഴുവൻ ഹൃദയമാണ്. കോട്ടയം കിഴങ്ങൂർ നിവാസിയായ മമിതയുടെ പിതാവ് ഡോക്ടർ ബൈജു കൃഷ്ണനാണ്, അമ്മ മിനിയും ,ഇവർക്ക് മക്കളായി മമിത കൂടാതെ ഒരു ആൺകുട്ടി കൂടിയുണ്ട്. മമിതയുടെ ജേഷ്ഠ സഹോദരൻ മിഥുൻ. കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ കുഞ്ഞിലെ മുതലെ താൽപര്യമുള്ള കുട്ടിയായിരുന്നു മമിത എന്ന് അവരുടെ അമ്മ പറയുന്നുണ്ട്. മൂന്നു വയസ്സ് പ്രായമുള്ളപ്പോൾ നൃത്തം പഠിച്ചു തുടങ്ങിയ മമിതയെ കുറിച്ച് അമ്മ ഓർത്തെടുക്കുന്ന ചില കാര്യങ്ങളുണ്ട്.

ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ വൈകുന്നേരം ഒരിക്കൽ വീട്ടിലെത്തിയത് രണ്ട് ആവശ്യങ്ങളുമായിട്ടാണ്. വിജയയുടെ മാമ്പഴമാ മാമ്പഴം എന്ന പാട്ടിന് ഡാൻസ് കളിക്കണം, അതിനായി വാർമുടിയും ദാവണിയും റെഡിയാക്കണം. അന്നാ പാട്ടിനൊപ്പം നൃത്തം ചെയ്ത ഒന്നാം ക്ലാസുകാരിയുടെ മാതാപിതാക്കൾ ഒരിക്കലും ചിന്തിച്ചു കാണില്ല തന്റെ മകൾ ഈ സൂപ്പർ നായകനോടൊപ്പം ഒരിക്കൽ സിനിമ ചുവടു വെക്കുമെന്ന്. ജനനായകനിൽ മമിതക്ക് അവസരം ലഭിച്ചത് ഒരു മഹാഭാഗ്യം തന്നെയാണ്. കാരണം വിജയയുടെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമാണത് എന്നാണ് പറയപ്പെടുന്നത്. മമിതയുമായി അഭിനയിച്ചതിനു ശേഷമാണ് വിജയ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു അനുഭവം മമിത ഒരു അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട് .സൂര്യ എന്ന നടൻ കൊച്ചിയിൽ ലുലു മാളിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അദ്ദേഹത്തെ നേരിൽ കാണുവാനും അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കുവാനും ആ കൊച്ചു ഹൃദയം ഒത്തിരി ഒത്തിരി ആഗ്രഹിച്ചു എന്നാൽ മാതാപിതാക്കൾ ചില കാരണങ്ങളാൽ മമിതയെ അവിടെ കൊണ്ടുപോയില്ല. മമിതയുടെ ആഗ്രഹം നടന്നില്ല എങ്കിലും മമിതയുടെ ജേഷ്ഠനും കൂട്ടുകാരും ഒക്കെ ആ പരിപാടിയിൽ പങ്കെടുക്കുകയും സൂര്യക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. ആ ഫോട്ടോ മമിതയെ കാണിച്ചപ്പോൾ മമിത തന്റെ ആഗ്രഹം നിറവേറ്റാൻ സാധിക്കാത്ത സങ്കടത്തിൽ വിങ്ങിപ്പൊട്ടി കരഞ്ഞതായി പറയുന്നുണ്ട്. ആ നിരാശയും ആഗ്രഹവും വർഷങ്ങൾ പിന്നിട്ടിട്ടും മമിതയുടെ മനസ്സിൽ നിന്നും മാഞ്ഞില്ല.
എന്നാൽ വിധി കാലങ്ങൾക്കിപ്പുറം അവൾക്കായി കാത്തുവെച്ചിരുന്നത് അതിരികളില്ലാത്ത സന്തോഷമായിരുന്നു. ഒരിക്കൽ സൂര്യയെ ഒന്ന് കാണാൻ സാധിക്കാതെ പോയ അതേ പെൺകുട്ടി വർഷങ്ങൾക്കിപ്പുറം അതേ താരത്തിന്റെ നായികയായി ക്യാമറക്ക് മുൻപിൽ അദ്ദേഹത്തോടൊപ്പം എത്തി എന്നത് മമിതയെ സംബന്ധിച്ച് മറ്റെന്തിനേക്കാളും വലിയ സന്തോഷവും അനുഭൂതിയും ഭാഗ്യവും ആണെന്നതാണ് യാഥാർത്ഥ്യം. സൂര്യനായകനും മമിത നായികയുമായി അഭിനയിച്ച വിശ്വനാഥൻ ആൻഡ് സൺസ് എന്ന തമിഴ് സിനിമ തമിഴ്നാട്ടിലും കേരളത്തിലും എല്ലാം നല്ല അഭിപ്രായം ഉണ്ടാക്കിയ ഒരു ചിത്രമാണ് .ഇതിൽ മമിതയുടെ അഭിനയം മികവുറ്റതാണ്.
അതിൽ അഭിനയിച്ച രാധിക ശരത്കുമാർ പറയുന്നുണ്ട് സായി പല്ലവിയെ പോലെ ഗ്രാസ്പിങ് പവർ ഉള്ള ഒരു നടിയാണ് മമിത എന്ന്. അഭിനയത്തോട് വലിയ ഡെഡിക്കേഷൻ ഉള്ള നടിയാണ് മമിത എന്നും രാധിക പറയുന്നുണ്ട് .സൂര്യയുടെ കടുത്ത ആരാധികയാണ് മമിത. അതിന് കാരണമായി പറയുന്നത് സഹോദരന്റെ കമ്പ്യൂട്ടറിലും ലാപ്ടോപ്പിലും ഒക്കെ സൂര്യയുടെ മുഖമാണ് വാൾപേപ്പർ ആയി വെച്ചിരിക്കുന്നതെന്ന്. അത് കണ്ടിട്ടാണ് ആരാധികയായി മാറിയതെന്നും പറയുന്നുണ്ട് .
വിശ്വനാഥൻ ആൻഡ് സൺസ് എന്ന തമിഴ് ചിത്രത്തിന്റെ ഓഡിഷന് മമിത ചെല്ലുമ്പോൾ രാധികയുമായുള്ള ഒരു കോമ്പിനേഷൻ സീൻ ആണ് അവർ പരീക്ഷിച്ചു നോക്കിയത്. അപ്പോഴേ രാധിക ഉറപ്പിച്ചു ഈ കഥാപാത്രം ഇവരുടെ കയ്യിൽ ഭദ്രമാണെന്ന്. സൂര്യയെ ആദ്യമായി അടുത്തു കണ്ടപ്പോൾ കയ്യും കാലും ഒക്കെ ഐസ്കെട്ട പോലെ തണുത്തുറഞ്ഞു പോയി എന്നാണ് മമിത പറയുന്നത്. സൂര്യയുടെ എളിമ നിറഞ്ഞ സ്നേഹത്തോടെയുള്ള പെരുമാറ്റമാണ് എനിക്ക് ആ ചിത്രത്തിൽ നന്നായി പെർഫോം ചെയ്യാൻ ഇടയാക്കിയതെന്നും മമിത പറയുന്നുണ്ട്.
തമിഴ് സിനിമയോടൊപ്പം തന്നെ മലയാള സിനിമയിലും മമിത നിറഞ്ഞാടുകയാണ് ഓണം റിലീസിന് എത്തിയ നിവിൻ പോളി ചിത്രമായ ബത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രം. മറ്റു മലയാളപ്പടങ്ങളെ എല്ലാം കവച്ചുവെച്ചുകൊണ്ട് കളക്ഷനിൽ മുന്നേറികൊണ്ടിരിക്കുകയാണ്. അങ്ങനെ ഒരേസമയം മമിത മലയാളത്തിലും തമിഴിലും മിന്നി തിളങ്ങുകയാണ്. മമിത എന്ന പേരിന് പിന്നിലുമുണ്ട് രസകരമായ ഒരു കഥ .വീട്ടുകാർ ഇട്ട പേര് നമിത എന്നായിരുന്നു. സ്കൂൾ അധികൃതരുടെ അശ്രദ്ധയാണ് നമിത എന്ന പേര് മമിതയായി മാറാനുള്ള കാരണം. എന്തായാലും അന്ന് ആ പേര് തിരുത്താൻ ശ്രമിക്കാതിരുന്നത് നന്നായി, കാരണം നമ്മുടെ മലയാളത്തിൽ പോപ്പുലറായ ഒരു നടിയുണ്ട് നമിത, അതുപോലെതന്നെ തമിഴിലും പോപ്പുലറായ ഒരു നടിയുണ്ട് നമിത. അന്ന് പേര് മാറിയത് യാദൃഛികമായിട്ട് സംഭവിച്ചതാണെങ്കിലും ഇന്ന് അതും ഒരു നേട്ടമായി കരുതാം'


Click it and Unblock the Notifications