'75 ലക്ഷം,ഭക്തർ കഷ്ടപ്പെട്ടുണ്ടാക്കിയ പണമല്ലേ,പാവങ്ങൾക്ക് കൊടുത്തൂടേ';തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്
താരസംഘടനയായ 'അമ്മ'യിൽ ഉടലെടുത്തിരിക്കുന്ന വിവാദങ്ങളുടെ കാരണങ്ങളിൽ ഒന്നാണ് വെണ്ണലയിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പ് കരാർ. താരസംഘടനയുടെ കുടുംബ സംഗമത്തിനായി 75 ലക്ഷം രൂപയാണ് ക്ഷേത്രം സ്പോണ്‍സർഷിപ്പായി നൽകിയത്.സംഘടനയുടെ പ്രസിഡൻ്റ് ശ്വേതാ മേനോൻ ആവശ്യപ്പെട്ടതനുസരിച്ചാണ് സ്പോൺസർഷിപ്പ് നൽകിയതെന്നാണ് ക്ഷേത്രത്തിൻ്റെ പ്രസിഡൻ്റ് ദല്ലാൾ നന്ദകുമാർ പറഞ്ഞത്.
വിഷയത്തിൽ വിവാദം പുകയുന്നതിനിടെ ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഇതുപോലെ 75 ലക്ഷമൊക്കെ സ്പോൺസർഷിപ് കൊടുത്ത് എന്ത് ഭക്തിയാണ് വർധിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം

'ഒരു പ്രമുഖ സിനമാ സംഘടനയിൽ ചെറിയ ചില ആരോപണങ്ങൾ ഉണ്ടാവുകയും അതെല്ലാം വലിയ വിവാദം ആവുകയും ചെയ്തപ്പോൾ അതിൽ ഒരു അഭിപ്രായവും പറയേണ്ട കാര്യമില്ല എന്നാണ് ഞാൻ ചിന്തിച്ചത്. കാരണം അതെല്ലാം ലോകത്തെ ഏതൊരു സംഘടനയുടെ അകത്തും സ്വാഭാവികമായി സംഭവിക്കാം. ഏകാധിപത്യ ശൈലിയിൽ അല്ലാതെ ജനാധിപത്യ രീതിയിൽ മുന്നോട്ടു പോകുന്ന സംഘടനകളിൽ ചെറിയ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നതും, അത് ഉറക്കെ പറയുന്നതും, അതിനു അനുസരിച്ചു തെറ്റ് തിരുത്തുന്നതും ഒക്കെ തന്നെ യാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. ഇവിടെയും എത്രയും പെട്ടെന്ന് വിവാദം കേട്ടടങ്ങും എന്ന് കരുതാം..
പക്ഷെ സംഘടനയുടെ ഒരു പരിപാടിക്ക് ഒരു പ്രമുഖ ക്ഷേത്രം 75 ലക്ഷം രൂപ അവരുടെ പരസ്യത്തിനായി സ്പോൺസർ ചെയ്തു എന്ന വാർത്ത കൂടി അതിനോടൊപ്പം കണ്ടു. അത് കേട്ടപ്പോൾ വിഷമം തോന്നി. ഭക്തന്മാർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമല്ലേ കാണിക്കയായി ക്ഷേത്രത്തിൽ ഇടുന്നത്. ഈ ക്യാഷ് ക്ഷേത്രത്തിന്റെ ആവശ്യങ്ങൾക്കോ, ഏതെങ്കിലും പാവപെട്ടവർക്കു വിദ്യാഭ്യാസ ആവശ്യത്തിനോ, സ്വയം തൊഴിൽ കണ്ടെത്തുവാനോ, മറ്റു ജീവ കാരുണ്യ പ്രവർത്തനത്തിനോ കൊടുക്കായിരുന്നില്ലേ? എത്ര പേര് ബുദ്ധിമുണ്ടി ജീവിക്കുന്നു? ഈ 75 ലക്ഷം പാവപെട്ടവർക്ക് വീതിച്ചു നൽകിയിരുന്നെങ്കിൽ ദൈവം കൂടുതൽ ഹാപ്പി ആയേനെ? ഒരു കോടി പുണ്യവും കിട്ടുമായിരുന്നു. കഷ്ടം..അതും അല്ലെങ്കിൽ കുട്ടികൾക്കും, മുതിർന്നവർക്കും വേദങ്ങളും, ഭഗവത് ഗീതയും, ഉപനിഷത്തുകൾ etc ഒക്കെ പഠിപ്പിക്കുവാൻ സ്ഥിരം ക്ലാസുകൾ സൗജന്യമായി നടത്തിക്കൂടെ? എല്ലാ വീടുകളിലും പുണ്യ ഗ്രന്ഥങ്ങൾ വിതരണം ചെയ്ത് അതിന്റെ മഹത്വം ജനങ്ങളിൽ നേരിട്ട് എത്തിക്കാമായിരുന്നില്ലേ?
ഇതിപ്പോൾ ഈ ക്ഷേത്രത്തിൽ എന്നല്ല, പല ക്ഷേത്രങ്ങളിലും ഇതുപോലെ അനാവശ്യ കാര്യങ്ങൾക്കു വൻ തുക ചിലവാക്കുന്നു. അടിപൊളി ഗാനമേള, മിമിക്രി പരിപാടികൾ, മറ്റു കോമഡി ഷോകൾ, ക്ഷേത്ര concept വുമായി യോജിക്കാത്ത നാടകങ്ങൾ, etc പരിപാടികൾ എത്രയോ ലക്ഷങ്ങൾ കത്തിച്ചു ചെയ്യുന്നു.. എന്തിന്? പല പരിപാടിയും അവതരിപ്പിക്കുന്നത് പോലും അവിശ്വാസികൾ ആണ്, അല്ലെങ്കിൽ 24 മണിക്കൂറും ദൈവത്തെ കുറ്റം പറയുന്നവർക്കാണ് ഭക്തരുടെ പണം കൊടുക്കുന്നത്. ക്ഷേത്രങ്ങളിൽ ധർമ പ്രചരണം മാത്രം പോരെ? അതിൽ വിശ്വസിക്കുന്നവരെ മാത്രം വിളിച്ചാൽ പോരെ? പാട്ടുകൾ ഭക്തി ഗാനം മാത്രമേ പാടാവൂ എന്നൊക്കെ നിയമം കൊണ്ട് വന്നു കൂടെ?
ധർമവും, ഭക്തിയും പരിപോഷിപ്പിക്കുവാൻ അല്ലാത്ത പരിപാടികൾ ചെയ്യുന്നതും, ഇതുപോലെ 75 ലക്ഷമൊക്കെ സ്പോൺസർ ഷിപ് കൊടുത്തു എന്ത് ഭക്തിയാണ് വർധിപ്പിക്കുന്നത്?
ഇതിലൂടെ എന്ത് ഭക്തി ആണ് ജനങ്ങള്ക്ക് കിട്ടുന്നത്? എന്ത് മെസ്സേജ് ആണ് ഭക്തർക്ക് കിട്ടുന്നത്? ആ പണം എടുത്തു വീടില്ലാത്തവന് ഒരു കുഞ്ഞു വീട്, അല്ലെങ്കിൽ എന്തെല്ലാം ചാരിറ്റികൾ ചെയ്യാം?
(ങ്ഹാ..അവരുടെ പണം അവർക്കു ഇഷ്ടമുള്ളത് പോലെ ചെയ്യട്ടെ. എന്ത് പറയാൻ..? )
(വാൽ കഷ്ണം..... ഭക്തിയും കലയും തമ്മിൽ ഒരു ബന്ധവും ഇല്ല. അമ്പലങ്ങളിൽ ഭക്തി വർധിപ്പിക്കുവാൻ ഉതകുന്ന സത്സംഗങ്ങൾ, വേദം, ഭഗവത് ഗീതാ ക്ലാസുകൾ മാത്രം മതി.കലാ പരിപാടികൾ വേണ്ട. 100 ശതമാനം വിശ്വാസികൾക്ക് മാത്രമേ അമ്പലത്തിലേ പണം നൽകാവൂ..പരസ്യത്തിന് പണം ചിലവാക്കരുത്. ഇപ്പോൾ ദൈവത്തിനും പരസ്യം ആയി.. കലികാലം...)'












Click it and Unblock the Notifications