ഉണ്ണി ശിവപാലിനെ പൂട്ടാൻ 'അമ്മ'; ശ്വേതയുടെ നേതൃത്വത്തിൽ യോഗം.. 'എല്ലാം ചെയ്തത് മനപ്പൂർവ്വം'
നടൻ ഉണ്ണി ശിവപാലിനെതിരെ നിയമനടപടക്കൊരുങ്ങി താരസംഘടനയായ 'അമ്മ'യിലെ ഭരണസമിതി. വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും പിന്നാലെ പ്രസിഡൻറ് ശ്വേത മേനോൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഭരണസമിതി അംഗങ്ങൾ യോഗം ചേർന്നിരുന്നു. യോഗത്തിലാണ് സംഘടനയുടെ ട്രഷറർ ആയിരുന്ന ഉണ്ണിക്കെതിരെ നിയപരമായി നീങ്ങാനുള്ള നീക്കം. ജനറൽ ബോഡിയിൽ അവതരിപ്പിച്ച കണക്കുകളിൽ തെറ്റുണ്ടെന്നും ഉണ്ണി ശിവപാൽ മനപ്പൂർവ്വം കണക്കുകളിൽ അവ്യക്ത ഉണ്ടാക്കിയെന്നുമാണ് ഭരണസമിതിയുടെ ആരോപണം.
കണക്കുകളുടെ പേരിലായിരുന്നു ജനറൽ ബോഡിയിൽ ശ്വേത മേനോൻ ഭരണസമിതിക്കെതിരെ വിമർശനം ഉയർന്നത്. യോഗം തുടങ്ങിയപ്പോൾ തങ്ങൾക്ക് തന്ന കണക്കുകളും ഭരണസമിതി അവതരിപ്പിച്ച കണക്കുകളും തമ്മിൽ പൊരുത്തക്കേടുണ്ടായെന്നും ഇത് സംബന്ധിച്ച് വ്യക്തത വരുത്താൻ ഭരണസിമിതിക്ക് കഴിയാതിരുന്നതോടെയാണ് ശ്വേതയും കൂട്ടരും രാജിവെച്ച് പോയതെന്നും ഒരു വിഭാഗം അംഗങ്ങൾ ആരോപിച്ചിരുന്നു.

ട്രഷറർ ആയ ഉണ്ണി ശിവപാൽ കണക്കുകളിൽ ഒപ്പുവെയ്ക്കണമെന്നതാണ് അമ്മയുടെ ബൈലോ . എന്നാൽ ട്രഷറർ ഒപ്പുവെയ്ക്കാത്ത കണക്കാണ് അവതരിപ്പിച്ചതെന്നും താരങ്ങൾ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഉണ്ണി ശിവപാൽ ഇതൊക്കെ മനപ്പൂർവ്വെ ചെയ്തതാണെന്നാണ് ഭരണസമിതിയുടെ നിലപാട്. കഴിഞ്ഞ ദിവസം ചേർന്ന ഭരണസമിതി യോഗത്തിൽ ശിവപാലിനെതിരെ കടുത്ത വിമർശനവും എക്സിക്യൂട്ടീവ് അംഗങ്ങൾ ഉയർത്തി.
ഇന്നലെ 8 പേരാണ് യോഗത്തിൽ പങ്കെടുത്തത്. രാജിവെച്ച 5 പേർ ഒഴിച്ച് ബാക്കി നാല് പേർ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഉണ്ണി ശിവപാൽ അടക്കമുള്ളവരാണ് മാറി നിന്നത്. ജനറൽ ബോഡിയിൽ അവതരിപ്പിച്ച കണക്കുകളിൽ അവ്യക്ത ഉണ്ടെന്ന് യോഗത്തിൽ അംഗങ്ങൾ സ്വയം വിലയിരുത്തി. ഉണ്ണി ശിവപാൽ തന്നെയാണ് ഈ കണക്കുകൾ തയ്യാറാക്കിയത് താനല്ല കണക്ക് തയ്യാറാക്കിയതെന്നും ആരാണ് കണക്ക് തയ്യാറാക്കിയതെന്ന് തനിക്കറിയില്ലെന്നുമാണ് ശിവപാൽ മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞതെന്നും അംഗങ്ങൾ പറയുന്നു. ഇത് മനപ്പൂർവ്വമാണെന്നാണ് അംഗങ്ങളുടെ വിലയിരുത്തൽ.
താരസംഘടനയിലെ പൊട്ടിത്തെറക്ക് പിന്നാലെ ഭരണസമിതിക്കെതിരെ തുറന്നടിച്ച് ഉണ്ണി ശിവപാൽ രംഗത്തെത്തിയിരുന്നു.തന്നെ മാറ്റിനിര്‍ത്തിയാണ് പല കണക്കുകളും എഴുതിക്കൂട്ടിയതെന്നായിരുന്നു ആരോപണം. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ പാസാക്കാതെ 15 ലക്ഷം കുടുംബമേളക്കിടെ ചെലവിട്ടുവെന്നും താന്‍ അതില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയെന്നും ഉണ്ണി ശിവപാല്‍ പറഞ്ഞിരുന്നു.
അംഗങ്ങളെ കണക്ക് ബോധിപ്പിക്കും
നേരത്തെ രാജി പ്രഖ്യാപിച്ച് പുറത്തു പോയെങ്കിലും കോടതിവിധി അനുകൂലമായതോടെ ശ്വേത മേനോൻ അടക്കമുള്ളവർ സംഘടനയിൽ തിരിച്ചുവന്നിരിക്കുകയാണ്. അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതി സ്റ്റേ അനുവദിച്ച പശ്ചാത്തലത്തിലാണ് പഴയ ഭരണസമിതി വീണ്ടും ചുമതലയേറ്റ് പ്രവർത്തനങ്ങളിലേക്ക് കടന്നത്.
എത്രയും പെട്ടെന്ന് സുതാര്യമായ കണക്കുകൾ 543 അംഗങ്ങൾക്ക് മുന്നിലേക്കും എത്തിക്കുകയെന്നതാണ് തിരിച്ചുവരവിൽ ഭരണസമിതി അംഗങ്ങളുടെ ലക്ഷ്യം. ഈ മാസം തന്നെ വിശദമായ കണക്ക് ഓരോ അംഗങ്ങൾക്കും മെയിലിൽ അയച്ചുനൽകാനാണ് തീരുമാനം. മാധ്യമങ്ങൾക്ക് മുൻപിലും വിശദമായ കണക്കുകൾ സംഘടന അവതരിപ്പിച്ചേക്കും.
അതേസമയം കണക്കുകൾ അവതരിപ്പിക്കുന്നതിൽ സംഘടനയിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നുണ്ട്. സാധാരണ നിലയിൽ ട്രഷർ ഒപ്പുവെയ്ക്കാതെ കണക്കുകൾ പാസാക്കിയെടുക്കാനാകില്ല. ഉണ്ണി ശിവപാൽ നിലവിൽ നിർബന്ധിത അവധിയിലാണ്. അദ്ദേഹം ഒപ്പുവെക്കാതെ എങ്ങനെ കണക്കുകൾ അംഗങ്ങൾക്ക് കൈമാറും എന്നത് ചോദ്യമാണ്. ശിവപാൽ ഒപ്പുവെച്ചില്ലെങ്കിൽ അംഗങ്ങൾ വീണ്ടും ഇത് ചോദ്യം ചെയ്തേക്കും. സ്വാഭാവികമായും സംഘടനയിൽ അത് മറ്റൊരു പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്നാണ് വിലയിരുത്തുന്നത്.


Click it and Unblock the Notifications