അന്‍സിബയ്ക്ക് നോട്ടീസ്; 17നകം മറുപടി വേണം, അല്ലെങ്കില്‍ നടപടി എടുക്കുമെന്ന് താരസംഘടന
കൊച്ചി: നടി അന്‍സിബയ്ക്ക് താരസംഘടനയായ അമ്മ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. സംഘടനയിലെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളോട് പരസ്യപ്പെടുത്തിയതിനാണ് നോട്ടീസ്. അന്‍സിബ സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, മോശമാക്കി ചിത്രീകരിച്ചു എന്നാണ് നോട്ടീസില്‍ പറയുന്നത്. ഈ മാസം 17നകം നോട്ടീസില്‍ മറുപടി നല്‍കണം. ഇല്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കും.
കഴിഞ്ഞ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഷോക്കോസ് നോട്ടീസ് അയക്കാന്‍ സംഘടന തീരുമാനിച്ചത്. ബുധനാഴ്ച നോട്ടീസ് അയക്കുകയും ചെയ്തു. സംഘടനയിലെ വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞ താരങ്ങള്‍ക്കാണ് നോട്ടീസ്. അന്‍സിബയ്ക്ക് പുറമെ മറ്റു ചില താരങ്ങള്‍ക്കും നോട്ടീസ് അയച്ചു എന്നാണ് സൂചന. അന്‍സിബ ഉന്നയിച്ച ആരോപണം പരാതിയായി പോലീസിന് മുന്നില്‍ വരെ എത്തി നില്‍ക്കെയാണ് അമ്മയുടെ നടപടി.

നടന്‍ ടിനി ടോമിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ അന്‍സിബ നടത്തിയിരുന്നു. ജിഹാദി, മതംമാറ്റുന്നവള്‍ എന്നൊക്കെ ടിനി ടോം അന്‍സിബയെ വിളിച്ചു എന്നായിരുന്നു ആക്ഷേപം. നീന കുറുപ്പില്‍ നിന്നാണ് ഈ വിവരം തനിക്ക് ലഭിച്ചത് എന്ന് അന്‍സിബ പറയുന്നു. നീന കുറുപ്പ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു. നടി ഉഷ ഹസീന സമാനമായ ആരോപണം പേര് വെളിപ്പെടുത്താത്ത താരത്തെ കുറിച്ച് പിന്നീട് ഉന്നയിച്ചിരുന്നു.
അന്‍സിബ ഉന്നയിച്ച മറ്റൊരു ആരോപണം നടി ലക്ഷ്മിപ്രിയക്ക് എതിരെയായിരുന്നു. ലക്ഷ്മിപ്രിയ നല്‍കിയ പരാതിയില്‍ തൃക്കാക്കര പോലീസ് മൂന്ന് മണിക്കൂറോളം തന്നെ ഹറാസ് ചെയ്തുവെന്നും ലക്ഷ്മി പ്രിയയും ഭര്‍ത്താവും എസ്‌ഐയുമാണ് തന്നെ ചോദ്യം ചെയ്തതെന്നും അന്‍സിബ പറയുന്നു. മാപ്പ് എഴുതി ഒപ്പ് വയ്പ്പിച്ച ശേഷമാണ് വിട്ടതെന്നും അന്‍സിബ വിശദീകരിച്ചു. ഇക്കാര്യത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് അമ്മ നേതൃത്വം പ്രതികരിച്ചു എന്നും അന്‍സിബ പറഞ്ഞു.
സംഘടന ഇടപെടാത്ത സാഹചര്യത്തില്‍ അന്‍ബിസ രണ്ട് വിഷയത്തിലും പോലീസിനെ സമീപിച്ചിരുന്നു. ലക്ഷ്മി പ്രിയ-അന്‍സിബ വിഷയത്തില്‍ കഴമ്പില്ല എന്ന നിലപാടിലാണ് പോലീസ്. പിന്നെ എന്തിന് തന്നെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് മാപ്പ് എഴുതി വാങ്ങി എന്ന് അന്‍സിബ ചോദിക്കുന്നു. ടിനി ടോമിനെതിരായ പരാതിയില്‍ അന്‍സിബയില്‍ നിന്ന് പോലീസ് മൊഴി എടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അമ്മയുടെ നോട്ടീസ്.
സംഘടനയുടെ അച്ചടക്കം ലംഘിച്ചാണ് അന്‍സിബ മുന്നോട്ട് പോകുന്നത് എന്നാണ് അമ്മ നേതൃത്വത്തിന്റെ വികാരം. രമ്യമായി പരിഹരിക്കാവുന്ന വിഷയമായിരുന്നു. ഇതിന് തയ്യാറാകാതെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞതോടെ സംഘടനയെ മോശമാക്കി. ഈ മാസം 17ന് മുമ്പ് മറുപടി നല്‍കിയില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിലുള്ളത്.
സംഘടനയ്ക്ക് അകത്തെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പരസ്യമാക്കിയ എല്ലാവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയക്കുമെന്ന് നേരത്തെ പ്രസിഡന്റ് ശ്വേത മേനോന്‍ പറഞ്ഞിരുന്നു. ലക്ഷ്മി പ്രിയ, നീന കുറുപ്പ്, ഉഷ ഹസീന, മാലാ പാര്‍വതി തുടങ്ങിയവരെല്ലാം വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചവരാണ്. അവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന.















Click it and Unblock the Notifications