'ഞാന്‍ മാറിക്കൊടുത്ത സീറ്റിലേക്കാണ് അന്‍സിബ വന്നത്, ഇങ്ങനെയൊന്ന് ഇതുവരെ സിനിമയിൽ ഉണ്ടായിട്ടില്ല':രമേഷ് പിഷാരടി
താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടനും പാലക്കാട് എംഎൽഎയുമായ രമേഷ് പിഷാരടി. സംഘടനയുടെ തലപ്പത്തുളളവർ എത്രയും പെട്ടെന്ന് തന്നെ ഒരു യോഗം വിളിച്ച് ചേർത്ത് പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് അമ്മ പ്രസിഡണ്ട് ശ്വേതാ മേനോൻ അടക്കമുളളവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രമേഷ് പിഷാരടി പറഞ്ഞു.
ക്ഷേത്രത്തിൽ നിന്ന് സ്പോൺസർഷിപ്പ് എടുത്തതും ജിഹാദി പരാമർശവും അടക്കമുളള വിഷയങ്ങളിലും രമേഷ് പിഷാരടി നിലപാട് വ്യക്തമാക്കി. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവേയാണ് രമേഷ് പിഷാരടിയുടെ പ്രതികരണം.
'' സംവരണത്തിന്റെ ഭാഗമായി ഞാന്‍ മാറിക്കൊടുത്ത സീറ്റിലേക്കാണ് അന്‍സിബ വന്നത്. അന്‍സിബയേയും ടിനി ടോമിനേയും വിളിച്ച് സംസാരിച്ചു. പ്രസിഡണ്ടായ ശ്വേതാ മേനോനെ എറണാകുളത്ത് വെച്ച് നേരിട്ട് കണ്ട് സംസാരിച്ചു. എത്രയും പെട്ടെന്ന് അമ്മയുടെ യോഗം വിളിച്ച് കൂട്ടി ഏറ്റവും ഉചിതമായ നീതി നടപ്പാക്കേണ്ടതുണ്ടെന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ ആരോപണവും പ്രത്യാരോപണവും ഉണ്ട്. നീതി നടപ്പിലാക്കാന്‍ അത് പഠനം നടത്തിയാലേ സാധ്യമാവുകയുളളൂ. എറണാകുളത്തെ ഒരു ഫ്‌ളാറ്റിന്റെ റെസിഡന്‍സ് അസോസിയേഷനിലുളള ആളുകളുടെ എണ്ണം പോലും ഇല്ലാത്ത സംഘടനയാണ് അമ്മ. കഷ്ടിച്ച് അഞ്ഞൂറോളം ആളുകളേ ഉളളൂ. പക്ഷേ സിനിമാ സംഘടന എന്നതിനാല്‍ അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ മാധ്യമ ശ്രദ്ധ അതിന് കിട്ടുന്നുണ്ട്.
സംഘടനയ്ക്കുളളില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാതെ ആളുകള്‍ക്ക് പറഞ്ഞ് ചിരിക്കാനുളള ഒരു അവസ്ഥയിലേക്ക് എത്തിക്കേണ്ടതില്ലെന്നും പരിഹരിക്കണമെന്നും എല്ലാവരേയും വിളിച്ച് സംസാരിച്ചിട്ടുണ്ട്. സംഘാടനം അത്ര എളുപ്പമല്ല. മെച്യൂരിറ്റി അളക്കാന്‍ സാധിക്കില്ല. നേതൃത്വത്തില്‍ മാറ്റം അനിവാര്യമാണെന്ന് എല്ലാവരും പറഞ്ഞത് കൊണ്ടാണ് സംഘടനയില്‍ ആ മാറ്റം ഉണ്ടായത്.
പ്രശ്‌നങ്ങള്‍ മാധ്യമങ്ങളില്‍ പറഞ്ഞത് കൊണ്ടാണ് ഇത്രയും വലുതായത്. മറ്റൊരു തൊഴിലാളി സംഘടനയിലേയും പ്രശ്‌നങ്ങള്‍ ഇത്രയും മാധ്യമശ്രദ്ധയിലേക്ക് വരില്ല. ഭരണസമിതിയില്‍ താരങ്ങള്‍ വേണ്ട എന്ന അഭിപ്രായം വന്നിട്ടാണ് മോഹന്‍ലാല്‍ അടക്കമുളളവരെ മാറ്റി നിര്‍ത്തിയത്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും എന്നുളള ശുഭാപ്തി വിശ്വാസത്തിലാ് നില്‍ക്കുന്നത്.
അമ്മയുടെ ഷോ മാധ്യമങ്ങളാണ് ചെയ്തിരുന്നത്. അമ്പലങ്ങളിലൊക്കെ പല കലാപരിപാടികളും നടക്കാറുണ്ട്. അങ്ങനെ ആയിരിക്കും കമ്മിറ്റി ആ തീരുമാനത്തിലേക്ക് എത്തിയിരിക്കുക. ആ കുടുംബ സംഗമത്തില്‍ താന്‍ പങ്കെടുത്തിട്ടില്ല. സ്‌പോണ്‍സര്‍ഷിപ്പ് സംഘടന പലരില്‍ നിന്നും എടുത്തിട്ടുണ്ട്. ക്ഷേത്രത്തില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നതിന്റെ നിയമവശം അറിയില്ല. ഒരു പ്രശ്‌നം വരുമ്പോഴാണല്ലോ എല്ലാ വശവും പരിശോധിക്കപ്പെടുന്നത്.
ജിഹാദി പരാമര്‍ശത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് തീരുമാനം എടുക്കണം എന്ന് നേതൃത്വത്തെ വിളിച്ച് പറഞ്ഞിട്ടുണ്ട്. നമ്മുടെ സിനിമയില്‍ അങ്ങനെയൊന്നും ഇതുവരെ കേട്ടിട്ടില്ല. കലാകാരന്മാര്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുന്നതാണ് കലാമേഖല'', രമേഷ് പിഷാരടി പറഞ്ഞു.














Click it and Unblock the Notifications