'വെറുതേ വായില്‍ തോന്നിയ ആരോപണം, കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥ', തുറന്നടിച്ച് ദിലീപ്
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്നെ ഒറ്റപ്പെടുത്താനും ഒരാളുടെ പോലും പിന്തുണ കിട്ടാതിരിക്കാനും പോലീസുകാർ പല പരിപാടികളും ഒപ്പിച്ചിരുന്നുവെന്ന് നടൻ ദിലീപ്. കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയായിരുന്നു 8-9 വർഷക്കാലമെന്നും ദിലീപ് പറയുന്നു. ആലുവയിൽ ഡോ. സിഎം ഹൈദരാലിയുടെ ആശുപത്രിയുടെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദിലീപ്.
ദിലീപിന്റെ വാക്കുകൾ: ''ഒരേ കാലഘട്ടത്തിലാണ് ഞാനും ഡോക്ടറും ഒരു ഫേസിലൂടെ കടന്ന് പോയിക്കൊണ്ടിരുന്നത്. എന്റെ വിഷയങ്ങളില്‍ എന്നെ ഒറ്റപ്പെടുത്താന്‍, ഒരു ഐലന്‍ഡ് പോലെയാക്കാന്‍, ഒരാളുടെയും പിന്തുണയോ സഹായമോ ഇല്ലാതിരിക്കാന്‍ വേണ്ടി കുറച്ച് പോലീസുകാര്‍ ചേര്‍ന്ന് പല പരിപാടികള്‍ ഒപ്പിച്ചപ്പോള്‍ പാവം ഡോക്ടറേയും പിടിച്ച് അതില്‍ ബലിയാടാക്കുകയും വളരെ മോശമായിട്ടുളള രീതിയില്‍ ചിത്രീകരിക്കുകയും ചെയ്തു.
എനിക്കതില്‍ വലിയ സങ്കടം ഉണ്ടായിരുന്നു. കാരണം എന്റെ പേരില്‍ പാവം ആ നല്ല മനുഷ്യന്‍ എത്ര ബലിയാടാകുന്നു എന്നതില്‍. വെറുതേ വായില്‍ തോന്നിയത് ആരോ ആരോപണം ഉന്നയിക്കുക, ജനങ്ങളുടെ മുന്നില്‍ തെറ്റിദ്ധരിപ്പിക്കുക, നമുക്ക് ഒന്നും പറയാനും പറ്റില്ല. നമ്മുടെ കയ്യും കാലും കെട്ടിയിട്ടിട്ട് അടിക്കുക എന്ന് പറയുന്ന അവസ്ഥകളായിരുന്നു കഴിഞ്ഞ 8-9 വര്‍ഷക്കാലം.

ഡോക്ടര്‍ എന്നെ വിളിച്ച് ഇടയ്ക്കിടയ്ക്ക് ചോദിക്കും, ദിലീപിന്റെ കേസെന്തായി എന്ന്. താന്‍ പറയും അത് അടുത്ത ആഴ്ചത്തേക്ക് മാറ്റി എന്ന്. അപ്പോള്‍ ഡോക്ടര്‍ പറയും, ദൈവമേ അപ്പോള്‍ എന്റേയും മാറ്റും എന്ന്. ഡോക്ടര്‍ ഓരോ തവണയും ചോദിക്കും, ഇപ്പോള്‍ എന്തായി എന്ന്. ഡോക്ടറേ അത് അടുത്ത ആഴ്ചത്തേക്ക് മാറ്റുമായിരിക്കും എന്ന് പറയുമ്പോള്‍ പറയും, എന്റേതും അങ്ങനെ തന്നെ ആയിരിക്കും, എന്താകുമോ ആവോ. ദിലീപിന്റെ കേസിലെ കോടതി പരിപാടികള്‍ പോലെ തന്നെയാണ് ഇപ്പോള്‍ എന്റെയും കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്ക് പ്രശ്‌നം വന്നപ്പോള്‍ എനിക്ക് ഹാര്‍ട്ട് സര്‍ജറി ആയി ആശുപത്രിയിലായി, എന്ന് പറഞ്ഞു.
എങ്ങനെ എത്രയോ വര്‍ഷക്കാലം ഈ കോടതിയില്‍ നിന്ന് ആ കോടതിയില്‍ പോയി, മേല്‍ക്കോടതിയില്‍ പോയി, പിന്നെ വീണ്ടും കീഴ്‌ക്കോടതിയിലെത്തി. സൈഡിലൂടെ നമ്മളുടെ കേസും പോയിക്കൊണ്ടിരിക്കുന്നുണ്ട്. അവസാനം സത്യം ജയിച്ചു എന്ന് പറയുന്നത് പോലെ ഡോക്ടര്‍ക്ക് അദ്ദേഹത്തിന്റെ ആശുപത്രി തിരിച്ച് കിട്ടി, ദിലീപ് പറഞ്ഞു.
അച്ഛന്റെ പേരില്‍ 2009ല്‍ ഒരു ട്രസ്റ്റ് തുടങ്ങാനുളള കാരണം ഡോ. ഹൈദരാലിയുടെ പ്രവര്‍ത്തന ശൈലിയാണ്. ട്രസ്റ്റിന്റെ പേരില്‍ ആയിരം വീട് പദ്ധതിയുടെ ഭാഗമായി ഏകദേശം പതിനൊന്ന് വീട് ചെയ്ത് കൊടുത്തിരുന്നു.. ആ സമയത്താണ് തന്റെ പ്രശ്‌നങ്ങള്‍ വന്നത്. ആര്‍ക്കെങ്കിലും ഒരു സഹായം ചെയ്താല്‍ ഉടനെ അത്, മറ്റയാള്‍ക്ക് കാശ് കൊടുത്തതാണ്, ഇയാള്‍ക്ക് കാശ് കൊടുത്തതാണ് എന്നാണ് പോലീസ് പറഞ്ഞ് കൊണ്ടിരുന്നത്. അതോടെ ആ ട്രസ്റ്റ് ഫ്രീസ് ചെയ്തു, ദിലീപ് പറഞ്ഞു.



Click it and Unblock the Notifications