ശ്വേതാ മേനോന് എതിരെ തുറന്നടിച്ച് ബീന ആന്റണി, 'കാണിച്ചത് വലിയ വിശ്വാസ വഞ്ചന, വളരെ മോശം'
രമേഷ് പിഷാരിയുമായുളള ഫോൺ സംഭാഷണം പുറത്ത് വിട്ടതിൽ ശ്വേതാ മേനോന് എതിരെ രൂക്ഷ വിമർശനവുമായി നടി ബീനാ ആന്റണി. സഹായിക്കാനായി എത്തിയ പിഷാരടിയെ മോശക്കാരനാക്കുന്ന കാര്യമാണ് ശ്വേത ചെയ്തത് എന്നും ഇത് വലിയ വിശ്വാസ വഞ്ചന ആണെന്നും ബീനാ ആന്റണി തുറന്നടിച്ചു.
''അമ്മയില്‍ കുറച്ച് നാളുകളായുളള പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും അറിയാം. അമ്മയിലെ കാര്യങ്ങള്‍ ഞങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് പൊതുജനം ചോദിക്കുന്നുണ്ടാകാം. ഞങ്ങളെ സംബന്ധിച്ച് അമ്മ എന്ന സംഘടന നെഞ്ചോട് ചേര്‍ത്ത് വെച്ചിരിക്കുന്ന ഒന്ന് തന്നെയാണ്. അതിലൊരു പ്രശ്‌നങ്ങള്‍ ഉണ്ടാവുക എന്ന് പറയുന്നത് ഞങ്ങള്‍ എല്ലാവരേയും ബാധിക്കുന്ന കാര്യമാണ്. മാനസികമായി എല്ലാവരും വിഷമത്തിലാണ്.
കഴിഞ്ഞ ജനറല്‍ ബോഡിയിലുണ്ടായ പ്രശ്‌നങ്ങളെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിന് ശേഷം ഒരു അഭിമുഖത്തില്‍ ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യം വന്നപ്പോള്‍ ഞാന്‍ ഒരു കാര്യം പറഞ്ഞിരുന്നു. ശ്വേതയുടെ നേതൃത്വത്തിലുളള ഭരണസമിതിക്ക് ഒരുപാട് പിഴവുകള്‍ സംഭവിച്ചു. അത് എന്നും ഞാന്‍ പറയുന്ന കാര്യമാണ്.
അവര്‍ പല പല ചേരിയായി തിരിഞ്ഞു. ഓരോരുത്തര്‍ക്ക് ഈഗോ പ്രശ്‌നങ്ങള്‍ വന്നു. മുന്‍പ് അവിശ്വാസ പ്രമേയം വന്നപ്പോള്‍ ഞാനതില്‍ ഒപ്പിട്ട ആളാണ്. അവര്‍ ഇനി തുടരേണ്ട എന്ന് കരുതിയ ആളാണ്. പക്ഷേ അവര്‍ ജനറല്‍ ബോഡിയില്‍ സംസാരിക്കുന്നത് കണ്ടപ്പോള്‍ തോന്നി അവര്‍ക്കൊരു 45 ദിവസം കൂടി കൊടുക്കാം എന്ന്. അതിന് വേണ്ടി അവിടെ ഞാന്‍ സംസാരിക്കുകയും ചെയ്തിരുന്നു.

പക്ഷേ പിന്നീട് എനിക്ക് മനസ്സിലായി അതിലൊന്നും ഒരു കാര്യവും ഇല്ല. അവിടെ വാക്കുതര്‍ക്കങ്ങളും പ്രശ്‌നങ്ങളുമെല്ലാം കഴിഞ്ഞ് 17 അംഗങ്ങളുളള ഭരണസമിതി രാജി വെച്ചു എന്ന് പറഞ്ഞ് പുറത്ത് ഇറങ്ങിപ്പോയി. പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ട ശ്വേത പറഞ്ഞത് പ്രസിഡണ്ട് സ്ഥാനവും അമ്മ അംഗത്വവും രാജി വെക്കുന്നു എന്നാണ്. അമ്മയില്‍ നിന്ന് രാജി വെക്കരുത് എന്ന് ശ്വേതയോട് പറഞ്ഞെങ്കിലും കേട്ടില്ല.
പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി നമ്മുടെ കൂടെ നിന്ന ആളാണ് രമേഷ് പിഷാരടി. ജനപിന്തുണയോടെ എംഎല്‍എയായി വന്ന ആളാണ് പിഷാരടി. ഏറ്റവും അടുപ്പമുളള രണ്ട് സുഹൃത്തുക്കളാണ് ശ്വേതയും പിഷാരടിയും. അവര്‍ തമ്മിലുളള സംസാരം ഇങ്ങനെ പുറത്തേക്ക് എടുത്ത് ഇട്ട് അദ്ദേഹത്തെ ഇത് പോലെ മോശമാക്കിയതില്‍ ഞാന്‍ എന്റെ ദുഖം രേഖപ്പെടുത്തുകയാണ്. അത് വളരെ മോശമായിപ്പോയി.
വളരെ വലിയ വിശ്വാസ വഞ്ചനയാണ് ശ്വേത ഈ കാണിച്ചിരിക്കുന്നത്. അവര്‍ തമ്മില്‍ എത്രയോ ആത്മബന്ധമുളള ആള്‍ക്കാരാണ്. പിഷാരടി ജയിച്ചപ്പോള്‍ പിഷാരടിയെ ഉമ്മ വെയ്ക്കുന്ന ചിത്രം പുറത്ത് വിട്ടാണ് ശ്വേത സന്തോഷം പ്രകടിപ്പിച്ചത്. ആ ഫോണ്‍കോള്‍ പുറത്ത് വിട്ടപ്പോള്‍ ആ മനുഷ്യനെ എത്രമാത്രം ബാധിക്കും എന്ന കാര്യം ശ്വേത ആലോചിക്കണ്ടേ. മറ്റുളള പാര്‍ട്ടിക്കാരടക്കം എന്ത് മോശമായിട്ടാണ് അദ്ദേഹത്തെ കുറിച്ച് ഇപ്പോള്‍ പറയുന്നത്.
ആ അവസ്ഥയിലേക്ക് ശ്വേത ഒരിക്കലും പിഷാരടിയെ ആക്കാന്‍ പാടില്ലായിരുന്നു.അതില്‍ ശക്തമായി ശ്വേതയോടെ പ്രതിഷേധിക്കുന്നു. അതോടൊപ്പം ഈ അവസാന നിമിഷം ശ്വേത വന്ന് പറയുന്നു, ഞാന്‍ രാജി വെച്ചിട്ടില്ല ഭരണസമിതി തുടരും. ഇനി എങ്ങനെ പിന്തുണയ്ക്കാനാണ് നിങ്ങളെ. ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ വിശ്വാസ്യത പോവുകയല്ലേ. ശ്വേതയ്ക്ക് അതിന് എന്ത് ന്യായമാണ് പറയാനാവുക. പിഷാരടിയോട് ചെയ്തത് വലിയ തെറ്റായിപ്പോയി''.













Click it and Unblock the Notifications