''കാർ വാങ്ങാൻ ഇത്രയും പണം എവിടെ നിന്ന് കിട്ടി? ശരീരം കാണിച്ചിട്ട് വേണോ..''; ചുട്ട മറുപടിയുമായി ആദില
സോഷ്യൽ മീഡിയയിൽ വൈറലായ ലെസ്ബിയൻ കപ്പിളാണ് ആദിലയും നൂറയും. ഏറെ കോളിളക്കം സൃഷ്ടിച്ച ഇവരുടെ പ്രണയവും കേസുമെല്ലാം വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. ബിഗ് ബോസ് മലയാളം സീസൺ 7നിൽ മത്സരാർത്ഥികളായതോടെ ഇവരുടെ പ്രശസ്തി കുതിച്ചുയർന്നു.
ബിഗ് ബോസ് അവസാനിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ആദിലയും നൂറയും സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. ഇവരുടെ ജീവിതത്തിലെ ഓരോ സന്തോഷങ്ങളും ആരാധകരും ഏറ്റെടുത്ത് ആഘോഷിക്കാറുണ്ട്. അടുത്തിടെ ഇവർ കാർ വാങ്ങിയതും വൈറലായിരുന്നു. എന്നാൽ ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ തുടങ്ങിയ ശേഷമുളള പണം ഉപയോഗിച്ചാണോ കാർ എടുത്തത് എന്നതടക്കമുളള ചില ചോദ്യങ്ങൾ ചില ആളുകൾ ഉയർത്തുന്നതിന് മറുപടിയുമായി ആദില രംഗത്ത് വന്നിരിക്കുകയാണ്.
ആദില പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: ഞാൻ കാർ വാങ്ങിയപ്പോൾ ഒട്ടനവധി ആളുകൾക്ക് എന്നെയോർത്ത് വലിയ സന്തോഷമായിരുന്നു. പക്ഷേ ചിലർക്ക് കൂടുതൽ കൗതുകം മറ്റൊരു കാര്യത്തിലായിരുന്നു: "അവൾക്ക് ഇത്രയും പണം എവിടെ നിന്ന് കിട്ടി?" ഈ അടുത്ത കാലത്ത് ഒരാൾ എന്നോട് ചോദിക്കുക പോലുമുണ്ടായി, ഞാൻ ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷനുകൾ തുടങ്ങിയ ശേഷമാണോ ഈ കാർ വാങ്ങിയതെന്ന്.സത്യം പറഞ്ഞാൽ, ചില മനുഷ്യർ ഇപ്പോഴും സ്ത്രീകളെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് വ്യക്തമാക്കുന്നതായിരുന്നു ആ ചോദ്യം.

എന്തുകൊണ്ടോ അറിയില്ല, ഒരു സ്ത്രീ എന്തെങ്കിലും ഒരു നേട്ടം കൈവരിക്കുമ്പോൾ ആളുകൾ ആദ്യം ചിന്തിക്കുക അവളുടെ കഠിനാധ്വാനത്തെക്കുറിച്ചല്ല. പകരം അവർ കുറുക്കുവഴികളെക്കുറിച്ചാണ് ചിന്തിക്കുക. അവർ അതിന് പിന്നിലെ രഹസ്യക്കഥകൾക്കായി പരതും. അവരുടെ സ്വന്തം മുൻവിധികൾക്ക് അനുസരിച്ചുള്ള വിശദീകരണങ്ങൾ അവർ കണ്ടെത്താൻ ശ്രമിക്കും.
എന്നെ അത്ഭുതപ്പെടുത്തുന്നത് മറ്റൊന്നാണ്, ഒരു സ്ത്രീ സ്വന്തം ശരീരം പ്രദർശിപ്പിച്ച് പണമുണ്ടാക്കുന്നു എന്ന് വിശ്വസിക്കാൻ ചിലർക്ക് എത്ര എളുപ്പമാണ്! എന്നാൽ അവൾ സ്വന്തം കഴിവ് കൊണ്ടോ, ജോലി കൊണ്ടോ, സർഗ്ഗാത്മകത കൊണ്ടോ, ബിസിനസ്സ് കൊണ്ടോ അല്ലെങ്കിൽ വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ടോ ആണ് അത് നേടിയതെന്ന് ചിന്തിക്കാൻ അവർക്ക് വലിയ ബുദ്ധിമുട്ടാണ്. ഞാൻ ഐടി മേഖലയിൽ ജോലി ചെയ്തിട്ടുണ്ട്. വർഷങ്ങളായി ഞാൻ കണ്ടന്റുകൾ നിർമ്മിക്കുന്നുണ്ട്. എന്തെങ്കിലും പുതിയത് സൃഷ്ടിക്കാനും, പഠിക്കാനും, പരാജയപ്പെടുമ്പോൾ വീണ്ടും ശ്രമിക്കാനും, സ്വയം മെച്ചപ്പെടാനും, പൂജ്യത്തിൽ നിന്ന് വീണ്ടും തുടങ്ങാനുമൊക്കെയായി ഞാൻ എത്രയോ മണിക്കൂറുകളാണ് മാറ്റിവെച്ചിട്ടുള്ളത്.
ഞാൻ ആഗ്രഹിച്ച ഒരു ജീവിതം കെട്ടിപ്പടുക്കാൻ വേണ്ടി എന്റെ സമയവും ഊർജ്ജവും യൗവനവുമെല്ലാം ഞാൻ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്. അതേ, നൂറയും ഞാനും ഒരുമിച്ച് മനോഹരമായ ഒരു ജീവിതമാണ് കെട്ടിപ്പടുത്തിട്ടുള്ളത്. പക്ഷേ ഞങ്ങളുടെ നേട്ടങ്ങൾ യാദൃശ്ചികമായി ഉണ്ടായതല്ല, അതിൽ യാതൊരു നിഗൂഢതയുമില്ല. അവ ഞങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ്. ഒരു സ്ത്രീക്ക് തന്റെ സ്ത്രീത്വം കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ വിജയങ്ങൾ കൈവരിക്കാൻ കഴിയും. ഒരു സ്ത്രീക്ക് മേക്കപ്പിനെ സ്നേഹിച്ചുകൊണ്ട് തന്നെ വലിയ ലക്ഷ്യങ്ങളുള്ളവളാകാൻ സാധിക്കും.
ഒരു സ്ത്രീക്ക് സോഷ്യൽ മീഡിയയിൽ കണ്ടന്റ് ക്രിയേറ്റ് ചെയ്തുകൊണ്ട് തന്നെ പ്രൊഫഷണലായി ജീവിക്കാൻ കഴിയും. ഒരു സ്ത്രീക്ക് സ്വന്തം ശരീരം പ്രദർശിപ്പിക്കാതെ തന്നെ നല്ല രീതിയിൽ പണമുണ്ടാക്കാൻ സാധിക്കും. വിജയിച്ച എല്ലാ സ്ത്രീകൾക്ക് പിന്നിലും ആരും കാണാത്ത രഹസ്യക്കഥകൾ ഉണ്ടായിക്കൊള്ളണമെന്നില്ല. ഞങ്ങളിൽ ചിലർ അതിനായി കഠിനമായി അധ്വാനിച്ചിട്ടുണ്ട്, അത്രമാത്രം. ഇപ്പോഴും ചിലർക്ക് അത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ, ഇനിമുതൽ സ്ത്രീകൾ ആർക്കും യാതൊരു വിശദീകരണവും നൽകേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഈ സമൂഹം ഞങ്ങളെ ഒതുക്കാൻ ശ്രമിക്കുന്ന ചെറിയ കൂടുകളേക്കാൾ എത്രയോ വലുതാണ് ഞങ്ങളുടെ കഴിവ് എന്ന്, തുടർന്നും വളർന്നുകൊണ്ടും പുതിയ നേട്ടങ്ങൾ സ്വന്തമാക്കിക്കൊണ്ടും ഞങ്ങൾ തെളിയിച്ചു കൊണ്ടേയിരിക്കും''.














Click it and Unblock the Notifications