ബിഗ് ബോസ് സീസണ്‍ 8 ൽ രാഹുൽ ഈശ്വർ മത്സരിക്കും? ഈ നടിമാരും? ഞെട്ടിച്ച് പ്രെഡിക്ഷൻ ലിസ്റ്റ്
മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഓരോ സീസൺ അവസാനിക്കുമ്പോഴും അടുത്ത സീസണിൽ ആരൊക്കെയാകും മത്സരാർത്ഥികളെന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട്. ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ 8നെ ചുറ്റിപ്പറ്റിയും സമാനമായ ആകാംക്ഷയാണ് ഉയരുന്നത്.
മുൻ സീസണുകളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ കോമണേഴ്സ് വിഭാഗത്തിൽ നിന്നുള്ളവർക്ക് അവസരം ലഭിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നിരുന്നാലും, സെലിബ്രിറ്റി മുഖങ്ങളില്ലാതെ ബിഗ് ബോസ് ഷോ പൂർണമാകില്ലല്ലോ. നിരവധി താരങ്ങളുടെ പേരുകൾ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടംപിടിച്ചുകഴിഞ്ഞു. അത്തരത്തിൽ യൂട്യൂബ് ചാനലായ 'മൂൺലൈറ്റ് മീഡിയ' പങ്കുവെച്ച ഒരു പ്രെഡിക്ഷൻ ലിസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

വിവിധ മേഖലകളിൽ നിന്നുള്ള താരങ്ങളുടെയും സോഷ്യൽ മീഡിയ വ്യക്തിത്വങ്ങളുടെയും പേരുകളാണ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.ലിസ്റ്റിൽ ആദ്യം പറയുന്ന പേര് ഫുഡ് വ്ലോഗർ സന്ധ്യയുടേതാണ്. ഏഷ്യാനെറ്റിലെ 'കോമഡി കുക്സ്' പരിപാടിയിലൂടെ ശ്രദ്ധ നേടിയ സന്ധ്യ സോഷ്യൽ മീഡിയ താരം 'കടൽ മച്ചാന്റെ' അമ്മയാണ്. രണ്ടാമത്തെ പേരായി ഉയരുന്നത് 'തട്ടിയും മുട്ടിയും' സീരിയലിലൂടെ ശ്രദ്ധേയനായ സിദ്ധാർത് പ്രഭുവിന്റേതാണ്. ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ സിദ്ധാർത്തിന് ബിഗ് ബോസ് ഫോർമാറ്റ് അനുയോജ്യമാകുമെന്നാണ് സോഷ്യൽ മീഡിയയിലെ ചിലരുടെ വിലയിരുത്തൽ.
കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയായ വാക്കുകളിൽ ഒന്നായിരുന്നു 'പിആർ'. മത്സരാർത്ഥികൾക്ക് വേണ്ടി പുറത്തുനിന്ന് പ്രവർത്തിക്കുന്ന പിആർ ടീമുകളെക്കുറിച്ചുള്ള വിവാദങ്ങൾ വലിയ ചർച്ചയായിരുന്നു. അന്ന് നടി അനുമോളുടെ പിആർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കപ്പെട്ട വിനു വിജയിയുടെ പേരും ഇത്തവണത്തെ പ്രെഡിക്ഷൻ ലിസ്റ്റിലുണ്ട്.
നടി നീന കുറുപ്പത്തിന്റെ പേരും സോഷ്യൽ മീഡിയയിൽ സജീവമായി ഉയരുന്നുണ്ട്. ഏഷ്യാനെറ്റിലെ 'പത്തരമാറ്റ്' സീരിയലിലൂടെ വീണ്ടും പ്രേക്ഷകശ്രദ്ധ നേടിയ നീന കുറുപ്പ് ബിഗ് ബോസ് വീട്ടിലെത്തിയാൽ ശക്തമായ മത്സരാർത്ഥിയാകുമെന്നാണ് ആരാധകർ പറയുന്നത്.
നടൻ തനൂജ് മേനോൻ, ആങ്കർ എഞ്ചൽ ബേബി അശ്വതി എന്നിവരും ലിസ്റ്റിലുണ്ട്. സോഷ്യൽ മീഡിയയിലും ടെലിവിഷൻ രംഗത്തും സജീവ സാന്നിധ്യമായ ഇവർ എത്തുമോ എന്നത് പ്രേക്ഷകർ കാത്തിരിക്കുകയാണ്.
'ഉപ്പും മുളകും' സീരിയലിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയതാരമായ ബിജു സോപാനത്തിന്റെ പേരും ഇത്തവണ ഉയരുന്നുണ്ട്. ഹാസ്യവും ജീവിതാനുഭവങ്ങളും ഒരുമിച്ച് കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ വ്യക്തിത്വം ബിഗ് ബോസ് വീട്ടിൽ ശ്രദ്ധേയമാകുമെന്നാണ് ആരാധകർ കരുതുന്നത്.
ഏഷ്യാനെറ്റിലെ 'മൗനരാഗം' സീരിയലിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ റംസായിയുടെ പേരും വീണ്ടും ഉയരുന്നുണ്ട്. മുൻ സീസണുകളിലും ഐശ്വര്യ പങ്കെടുത്തേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
നടിയും മുൻ 'ട്വന്റി ട്വന്റി' മത്സരാർത്ഥിയുമായ അഞ്ജലി നായർ, സീരിയൽ താരം സാജൻ സൂര്യ, ബിഗ് ബോസ് റിവ്യൂവറായി ശ്രദ്ധ നേടിയ രേവതി എന്നിവരുടെ പേരുകളും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
തമിഴ് ബിഗ് ബോസിലും തെലുങ്ക് ബിഗ് ബോസിലും പങ്കെടുത്ത ആയിഷയുടെ പേരും ചർച്ചയിലുണ്ട്. കാസർഗോഡ് സ്വദേശിയായ ആയിഷ മലയാളം ബിഗ് ബോസിലേക്ക് എത്തിയാൽ വലിയ കൗതുകമാകുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷവും അവസാന നിമിഷം വരെ ശക്തമായി കേട്ട പേരായിരുന്നു നടൻ ആദിത്യൻ ജയന്റേത്. ഇത്തവണയും അദ്ദേഹത്തിന്റെ പേര് പ്രെഡിക്ഷൻ ലിസ്റ്റിൽ ഇടംനേടിയിട്ടുണ്ട്. ഏഷ്യാനെറ്റിലെ 'ഇഷ്ടമാത്രം' സീരിയലിലൂടെ ശ്രദ്ധ നേടിയ നടി മൃദുല വിജയിയുടെ പേരും ഉയരുന്നുണ്ട്. ഭർത്താവും നടനുമായ യുവ കൃഷ്ണയും ഒരുമിച്ച് എത്താൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.
'ദൃശ്യം' സിനിമയിലൂടെ ശ്രദ്ധ നേടിയ റോഷൻ ബഷീർ, നടി മീരാ വാസുദേവൻ, ആങ്കർ ലക്ഷ്മി നക്ഷത്ര എന്നിവരുടെ പേരുകളും ആരാധകർ സജീവമായി ചർച്ച ചെയ്യുന്നുണ്ട്. ഓരോ സീസണും തുടങ്ങുന്നതിന് മുൻപ് തന്നെ തനിക്ക് ബിഗ് ബോസിൽ നിന്ന് വിളിയെത്താറുണ്ടെന്ന് ലക്ഷ്മി നക്ഷത്ര പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്.
വ്ലോഗറും ആങ്കറും നടനുമായ കാർത്തിക് സൂര്യയുടെ പേരും ഇത്തവണ വലിയ രീതിയിൽ ഉയരുന്നുണ്ട്. യുവ പ്രേക്ഷകർക്കിടയിൽ വലിയ സ്വാധീനമുള്ള കാർത്തിക് എത്തുകയാണെങ്കിൽ സീസണിന്റെ പ്രധാന ആകർഷണങ്ങളിൽ ഒരാളാകുമെന്നാണ് വിലയിരുത്തൽ.
രാഹുൽ ഈശ്വറിന്റെ പേരും വീണ്ടും ചർച്ചകളിൽ ഇടംപിടിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ റിയാലിറ്റി ഷോ ഫോർമാറ്റുകളിലൊന്നായ 'മലയാളി ഹൗസ്' വിജയിച്ച വ്യക്തിയെന്ന നിലയിൽ രാഹുൽ എത്തുകയാണെങ്കിൽ അടുത്ത അഖിൽ മാരാർ ആയേക്കുമെന്നാണ് ചർച്ച.
അധ്യാപികയും ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമായ ശ്രീലക്ഷ്മി അറയ്ക്കലിന്റെ പേരും പ്രെഡിക്ഷൻ ലിസ്റ്റിലുണ്ട്. സാമൂഹിക വിഷയങ്ങളിൽ തുറന്ന നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിത്വമായതിനാൽ, ശ്രീലക്ഷ്മി എത്തിയാൽ ബിഗ് ബോസ് വീട്ടിൽ ശക്തമായ അഭിപ്രായ പ്രകടനങ്ങൾ ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയിലെ വിലയിരുത്തൽ.
ഇതെല്ലാം സോഷ്യൽ മീഡിയ ചർച്ചകളുടെയും പ്രെഡിക്ഷൻ ലിസ്റ്റുകളുടെയും ഭാഗമായ പേരുകളാണ്. ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ ഒന്നും സ്ഥിരീകരിക്കാനാകില്ല. എന്നിരുന്നാലും മുൻ സീസണുകൾ പോലെത്തന്നെ ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസൺ 8 ഉം പ്രേക്ഷകരെ പിടിച്ചിരുത്താൻ പോകുന്നത് തന്നെയായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.












Click it and Unblock the Notifications