സിദ്ധാർത്ഥ് പ്രഭു, രാഹുൽ ഈശ്വർ, നീന കുറുപ്പ്,തനൂജ് മേനോൻ..ഈ 8 പേർ ബിഗ് ബോസിലേക്ക്?
ബിഗ് ബോസ് മലയാളം സീസണ്‍ 8 നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇത്തവണ വൻ പോരാട്ടത്തിനായിരിക്കും ഹൌസ് വേദിയാകുകയെന്ന സൂചനയാണ് അണിറയപ്രവർത്തകർ നൽകുന്നത്. മറ്റ് സീസണുകളെ അപേക്ഷിച്ച് ഇക്കുറി കൂടുതൽ കോമണർ മത്സരാർത്ഥികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. മത്സരാർത്ഥികളെ കണ്ടെത്തുന്നതിനുള്ള 'അഗ്നിപരീക്ഷ' ടാസ്കിൻ്റെ പ്രമോ വീഡിയോ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അഗ്നിപരീക്ഷയിൽ വിധികർത്താക്കളായി എത്തുന്ന അഖിൽ മാരാർ, രഞ്ജിനി ഹരിദാസ്, റിയാസ് സലീം എന്നിവരെ ഉൾപ്പെടുത്തിയുള്ളതാണ് പ്രമോ.
ഒഡിഷനുകളിലൂടെ തെരഞ്ഞെടുത്ത 40 കോമണേഴ്സായ മത്സരാർത്ഥികളാണ് അഗ്നിപരീക്ഷയിൽ പങ്കെടുക്കുന്നത്. ഈ യുദ്ധം ജയിക്കുന്ന ഒന്നോ അതിലധികമോ സാധാരണക്കാർ ആയിരിക്കും ഇത്തവണ ബിഗ് ബോസിലേക്ക് എത്തുക.

പൊടിപാറുന്ന പോരാട്ടം കാഴ്ചവെയ്ക്കാൻ നിരവധി സെലിബ്രിറ്റികളും ഷോയിൽ എത്തുമെന്നാണ് സൂചന. പതിവ് പോലെ തന്നെ സിനിമ-സീരിയൽ മേഖലകളിൽ നിന്നും സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റികളിൽ നിന്നുമെല്ലാം പങ്കാളിത്തം ഉണ്ടാകും. സാധ്യതയുള്ള ചില പേരുകൾ ബിഗ് ബോസ് അനലിസ്റ്റുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. മൂണ്‍ലൈറ്റ് മീഡിയ പങ്കുവെച്ച ചില പേരുകൾ പരിശോധിക്കാം
നടൻ സിദ്ധാർത്ഥ് പ്രഭു ഈ സീസണിലെത്താൻ സാധ്യത ഏറെയാണെന്നാണ് പ്രവചനം. 'മറിമായം' എന്ന സിറ്റ്കോമിലൂടെ പ്രക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് സിദ്ധാർത്ഥ് പ്രഭു. പിന്നീട് ഫ്ലവേഴ്സ് ചാനലിലെ 'ഉപ്പും മുളകി'ലും സിദ്ധാർത്ഥ് വേഷമിട്ടിരുന്നു. എന്നാൽ ഒരു കേസിൽ പ്രതിയായ സിദ്ധാർത്ഥിനെ ഷോയിൽ പങ്കെടുപ്പിക്കുമോയെന്ന സംശയമാണ് ആരാധകർ ഉയർത്തുന്നത്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് സിദ്ധാർത്ഥ് കേസിൽ അറസ്റ്റിലായത്.
മദ്യലഹരിയിൽ സിദ്ധാർത്ഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച് വയോധികൻ മരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശി തങ്കരാജ് (60) ആണ് മരിച്ചത് .തുടർന്ന് മനഃപൂർവമല്ലാത്ത നരഹത്യാ കേസിലാണ് നടൻ അറസ്റ്റിലായത്. പിന്നീട് ജാമ്യത്തിലിറങ്ങിയ സിദ്ധാർത്ഥ് 'ഉപ്പും മുളകി'ലും തിരിച്ചെത്തി. എന്നാൽ വൈകാതെ തന്നെ താൻ സീരിയൽ വിടുകയാണെന്ന് സിദ്ധാർത്ഥ് ആരാധകരെ അറിയിച്ചു. ഇതോടെ താരം ബിഗ് ബോസിലേക്ക് പോകുമോയെന്ന ചോദ്യമാണ് പലരും ഉയർത്തിയത്. എന്നാൽ ബിഗ് ബോസിൽ പങ്കെടുക്കാനല്ല സീരിയൽ വിട്ടതെന്നാണ് കഴിഞ്ഞ ദിവസം സിദ്ധാർത്ഥ് പങ്കുവെച്ചത്.
അതേസമയം രാഹുൽ ഈശ്വർ ആണ് സാധ്യത കൽപ്പിക്കുന്ന മറ്റൊരാൾ. ബിഗ് ബോസിൻ്റെ ആദ്യ പതിപ്പ് എന്ന നിലയിൽ മലയാളികൾക്കിടയിൽ ചർച്ചയായ 'മലയാളി ഹൌസിൽ' പങ്കെടുത്ത വിജയിച്ച ആളാണ് രാഹുൽ. അതേസമയം ബിഗ് ബോസിൽ പങ്കെടുക്കുമോയെന്ന ചർച്ചകളോട് രാഹുൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ സീസണിലെ നടി അനുമോളുടെ പിആർ കൂടിയായ വിനു വിജയ്,നടി നീന കുറുപ്പ്, സീരിയൽ താരങ്ങളായ തനൂജ് മേനോൻ,ആദിത്യൻ ജയൻ, ആക്ടിവിസ്റ്റും സോഷ്യൽ മീഡിയ താരവുമായ ശ്രീലക്ഷ്മി അറക്കൽ എന്നിവരും ഷോയിൽ എത്താനുള്ള സാധ്യത ഏറെയാണെന്നാണ് പ്രവചനം. എന്തായാലും ആരൊക്കെയാകും മത്സരത്തിൽ പങ്കെടുക്കുക എന്ന് അറിയണമെങ്കിൽ ഷോ തുടങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരും.




Click it and Unblock the Notifications