'രാഹുൽ ഈശ്വറിന് ബിഗ് ബോസിൽ വെച്ച് തിരിച്ചറിവ്;ശ്രീലക്ഷ്മി അറക്കലിന്റെ ഫെമിനിസ്റ്റ് മുഖംമൂടി അഴിഞ്ഞുവീണു';അഖിൽ
ബിഗ് ബോസിലെത്തിയപ്പോൾ സ്ത്രീകളുടെ മനസ് മനസിലാക്കുന്ന രാഹുൽ ഈശ്വറിനെയാണ് കാണാൻ കഴിഞ്ഞതെന്ന് മുൻ ബിഗ് ബോസ് താരം അഖിൽ മാരാർ. റിനിയെ താൻ തിരിച്ചറിയുന്നുവെന്നും പൊതുസമൂഹം അവരെ ഇനി തെറ്റുകാരിയായി കാണരുതെന്നും ഇന്നലെ ക്യാമറയ്ക്ക് മുൻപിൽ രാഹുൽ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ചാണ് അഖിലിൻ്റെ പ്രതികരണം. അതേസമയം ശ്രീലക്ഷ്മി അറയ്ക്കലിൻ്റെ കപട ഫെമിനിസ്റ്റ് മുഖം കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ അഴിഞ്ഞുവീണെന്നും അഖിൽ ആരോപിച്ചു. അഖിലിൻ്റെ വാക്കുകൾ ഇങ്ങനെ
'ബിഗ് ബോസ് സീസൺ 8 ലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് ഇന്ന് കാണാൻ കഴിഞ്ഞത്. രാഹുൽ ഈശ്വർ, അദ്ദേഹം പുരുഷ കമ്മീഷന് വേണ്ടിയിട്ട് പുറത്ത് അതിശക്തമായി വാദിക്കുകയും നിരാഹാരം കിടക്കാൻ തയ്യാറാവുകയും പുരുഷ കമ്മീഷന് വേണ്ടിയിട്ട് ലാലേട്ടനോട് നിലപാട് ചോദിക്കുകയും ചെയ്ത ആളാണ്. പുറത്ത് താൻ പരിഹസിച്ച അല്ലെങ്കിൽ കേസ് കൊടുത്ത, അതിലൂടെ പൊതുസമൂഹത്തിന്റെ മുന്നിൽ വേട്ടയാടാൻ വേണ്ടി ഇട്ടുകൊടുത്ത ഒരു പെൺകുട്ടിയെ അല്ലെങ്കിൽ റിനിയെ ചേർത്ത് പിടിച്ചു നിർത്തി അദ്ദേഹം പറയുകയാണ് 99% ഞാൻ റിനിയെ തിരിച്ചറിഞ്ഞിരിക്കുന്നു ,റിനി പറഞ്ഞതൊക്കെ സത്യമാണ് അതുകൊണ്ട് പൊതുസമൂഹം ഇനി അവരെ ഒരു തെറ്റുകാരിയായി കാണരുത് എന്ന്.

അദ്ദേഹം സ്ത്രീകളുടെ മനസ്സ് മനസ്സിലാക്കി സംസാരിക്കുന്ന ഒരു കാഴ്ച ഇന്ന് ബിഗ് ബോസ് ഹൗസിൽ കാണാൻ കഴിഞ്ഞു. അത് വളരെ മനോഹരമായ കാഴ്ചകളിൽ ഒന്നാണ്. ഇതിനു മുൻപ് ഞാൻ രാഹുൽ ഈശ്വറിനോട് വ്യക്തിപരമായി പറഞ്ഞിട്ടുള്ള കാര്യമാണ്. നമ്മൾ സംസാരിക്കേണ്ടത് നീതി നിഷേധിക്കപ്പെടുന്നവർക്ക് വേണ്ടി ആവണം. പുരുഷന് നീതി നിഷേധിക്കപ്പെട്ടാൽ പുരുഷന് വേണ്ടി, സ്ത്രീക്ക് നീതി നിഷേധിക്കപ്പെട്ടാൽ സ്ത്രീക്ക് വേണ്ടി, ട്രാൻസ്ജെൻററിന് നീതി നിഷേധിക്കപ്പെട്ടാൽ ട്രാൻസ്ജെൻഡർ വേണ്ടി. നീതി നിഷേധിക്കപ്പെടുന്നവന്റെ രാഷ്ട്രീയമോ ജാതിയോ മതമോ നമ്മൾ നോക്കേണ്ട കാര്യമില്ല. ആരുടെ ഭാഗത്താണോ ശരി ആരുടെ ഭാഗത്താണോ സത്യം അവർക്ക് വേണ്ടി സംസാരിക്കുന്നതാണ് യഥാർത്ഥത്തിൽ ശരിയായ കാര്യമെന്ന്.
പക്ഷെ പലപ്പോഴും ബയാസ്ഡ് ആയിട്ടുള്ള ശബ്ദങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് വന്നിട്ടുള്ളത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ വേട്ടക്കാരാണെന്ന് സമൂഹത്തിൽ ചിത്രീകരിക്കപ്പെടുന്ന എല്ലാ പുരുഷന്മാരും നിരപരാധികളാണ് എന്നൊരു ചിന്തയാണ് അദ്ദേഹത്തിനുള്ളത്. യഥാർത്ഥത്തിൽ നിരവധി പുരുഷന്മാരെ കള്ളകേസുകൾ കുടുക്കുന്ന സ്ത്രീകളുണ്ട്. അതിന്റെ പത്തരട്ടിയിലധികം സ്ത്രീകൾ പുരുഷന്മാരാൽ വേട്ടയാടപ്പെടുന്ന ഒരു സമൂഹത്തിലാണ് സ്ത്രീകൾ ജീവിക്കുന്നത് എന്നൊരു തിരിച്ചറിവും കൂടി രാഹുൽ ഈശ്വരന് വേണം. അപ്പോൾ ശരി തെറ്റുകൾക്ക് വേണ്ടി വാദിക്കണം. ശരി ആരുടെ പക്ഷത്താണെങ്കിൽ ആ ശരിക്ക് വേണ്ടി വാദിക്കാൻ ശ്രമിക്കുന്നതിനു പകരം പലപ്പോഴും സ്ത്രീകൾ ഉന്നയിക്കുന്ന എല്ലാ ശബ്ദങ്ങളും കള്ളത്തരമാണ് എന്ന് ചിന്തിക്കുന്ന രാഹുലിന് തിരിച്ചറിവുണ്ടായത് ബിഗ് ബോസ് സീസൺ 8ലൂടെയാണ് എന്നതുകൊണ്ട് തന്നെ ബിഗ് ബോസ് സീസൺ 8 കൂടുതൽ മനോഹരമാക്കപ്പെടുന്നു.
ഇനി മറ്റൊരു കാര്യം ഫെമിനിസ്റ്റ് ആണെന്നും പുരോഗമനവാദിയാണെന്നും പറഞ്ഞു നടക്കുന്ന ശ്രീലക്ഷ്മി അറക്കൽ നിരവധി തവണ കാർക്കിച്ചു തുപ്പുന്ന ഒരു കാഴ്ച നമുക്ക് കാണാം. കാർക്കിച്ച് ഒരു മനുഷ്യനെ നോക്കി തുപ്പുക എന്നത് ഏത് പുരോഗമന സമൂഹത്തിൽ ചേരുന്ന ഒന്നാണെന്നുള്ള കാര്യം പുരോഗമനം പറയുന്നവരും ഫെമിനിസം പറയുന്നവരും ആലോചിക്കണം. ഇനി ആ ഒരു വിഷയത്തിൽ മാപ്പ് പറയാൻ വേണ്ടി ശ്രീലക്ഷ്മി എണീച്ചു നിന്ന് ന്യായീകരിക്കാൻ വേണ്ടി പറയുന്ന കാര്യങ്ങൾ അതിനേക്കാൾ അപകടം പിടിച്ച ഒന്നായി മാറുകയാണ്. താൻ ജനിച്ചത് ഭർത്താവില്ലാത്ത ഒരു അമ്മയുടെ കൂടെ ആയതുകൊണ്ട് തന്നെ അത്തരം അമ്മമാരൊക്കെ തന്നെ മോശക്കാരാണ് എന്ന് തോന്നിപ്പിക്കത്തക്ക ഒരു സംസാരവും ശ്രീലക്ഷ്മിയുടെ ഭാഗത്ത് നിന്ന് വന്നു .അതിനുശേഷം താൻ അതുകൊണ്ടാണ് ചന്ത പെണ്ണുങ്ങളെ പോലെ പെരുമാറുന്നതെന്നും പറഞ്ഞുകൊണ്ടാണ് ശ്രീലക്ഷ്മി മാപ്പ് പറയുന്നത്.
ചന്തയിൽ ജോലി ചെയ്യുന്നവർ ആയിക്കോട്ടെ, ഈ സമൂഹത്തിൽ എവിടെ ജോലി ചെയ്യുന്നവർ ആയിക്കോട്ടെ അവർ മോശമാണ് എന്ന് ഫെമിനിസവും പുരോഗമനവും പറയുന്ന ഒരാളുടെ വായിൽ നിന്ന് വീണിരിക്കുന്നു. പുരുഷ കമ്മീഷൻ സ്ഥാപിക്കണം പുരുഷ കമ്മീഷൻ സ്ഥാപിക്കണം എന്ന് പറഞ്ഞു പോയ രാഹുലീശ്വർ ബിഗ് ബോസ് ഹൗസിൽ വെച്ചിട്ട് സ്ത്രീകളെ മനസ്സിലാക്കുമ്പോൾ പുറത്ത് കപട ഫെമിനിസവും കപട പുരോഗമനവാദവും പറഞ്ഞു നടക്കുന്ന ശ്രീലക്ഷ്മി അറക്ക ൽപോലെയുള്ളവരുടെ യഥാർത്ഥ സ്വഭാവം കൂടി ബിഗ് ബോസ് ഹൗസിൽ വെളിപ്പെടുന്ന കാഴ്ച കൂടിയാണ് നമ്മൾ കാണുന്നത്'.


Click it and Unblock the Notifications
