സാമന്തയെ ചതിച്ചെന്ന് നാഗചൈതന്യയ്ക്ക് എതിരെ പ്രചാരണം, നിയമപോരാട്ടത്തിനിറങ്ങി താരം
മുൻ ഭാര്യ സാമന്ത റുത്പ്രഭുവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ അടക്കമുളള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടത്തുന്നതിനെതിരെ കോടതിയെ സമീപിച്ച് തെലുങ്ക് താരം അക്കിനേനി നാഗചൈതന്യ. തന്റെ പേരും ചിത്രങ്ങളും വ്യക്തിത്വവും ഡിജിറ്റൽ ഇടങ്ങളിൽ ദുരുപയോഗം ചെയ്യുന്നുവെന്ന് ഡൽഹി ഹൈക്കോടതിൽ സമർപ്പിച്ച ഹർജിയിൽ നാഗചൈതന്യ ആരോപിച്ചു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച വ്യാജ വീഡിയോകൾ (ഡീപ്പ്ഫേക്ക്), അശ്ലീല ഉള്ളടക്കങ്ങൾ, വ്യക്തിഹത്യ നടത്തുന്ന പ്രചരണങ്ങൾ എന്നിവയ്ക്കെതിരെയാണ് താരം നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്.
കേസ് പരിഗണിച്ച ജസ്റ്റിസ് ജ്യോതി സിങ്, നാഗചൈതന്യയുടെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ കോടതി എതിർകക്ഷികൾക്ക് സമൻസ് അയക്കുകയും ചെയ്തു.
നാഗചൈതന്യയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ വൈഭവ് ഗഗ്ഗർ കോടതിയിൽ ഹാജരായി. പല വെബ്‌സൈറ്റുകളും ഓൺലൈൻ ട്രാഫിക് വർദ്ധിപ്പിക്കുന്നതിനായി നാഗചൈതന്യയുടെ പേരിനൊപ്പം അശ്ലീല വാക്കുകൾ ചേർത്ത് ഉപയോഗിക്കുന്നുവെന്ന് അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. മാത്രമല്ല താരത്തെ മോശമായി ചിത്രീകരിക്കുന്ന വ്യാജ വീഡിയോകൾ എഐ ഉപയോഗിച്ച് നിർമ്മിച്ച് പ്രചരിപ്പിക്കുന്നു.

മുൻഭാര്യയും നടിയുമായ സാമന്ത റൂത്ത് പ്രഭുവിനെ ചതിച്ചുവെന്നും അവരുടെ കരിയർ തകർത്തുവെന്നുമുള്ള രീതിയിൽ വ്യക്തിജീവിതത്തെ ബാധിക്കുന്ന അപവാദപ്രചരണങ്ങൾ ചിലർ ബോധപൂർവ്വം നടത്തുന്നുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. "ഇത് ആരോഗ്യകരമായ വിമർശനമല്ല, മറിച്ച് സൈബർ ആക്രമണമാണ് ," എന്ന് അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. താരത്തിൻ്റെ അനുമതിയില്ലാതെ അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ പതിച്ച ഉൽപ്പന്നങ്ങൾ ചില ഓൺലൈൻ സൈറ്റുകൾ വഴി വിൽക്കുന്നതായും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മുൻപ് നാഗചൈതന്യയുടെ പിതാവും പ്രശസ്ത നടനുമായ നാഗാർജുനയ്ക്കും സമാനമായ രീതിയിൽ കോടതി വ്യക്തിത്വ അവകാശ സംരക്ഷണം നൽകിയിരുന്നു.
പ്രശസ്തരായ വ്യക്തികൾ പൊതുസമൂഹത്തിൽ കൂടുതൽ നിരീക്ഷണങ്ങൾക്ക് വിധേയരാകാറുണ്ടെങ്കിലും അതിനൊരു പരിധിയുണ്ടെന്ന് ജസ്റ്റിസ് ജ്യോതി സിങ് നിരീക്ഷിച്ചു. പൊതുജീവിതത്തിലുള്ളവർ മറ്റുള്ളവരേക്കാൾ വേഗത്തിൽ ഇത്തരം ആക്രമണങ്ങൾക്ക് ഇരയാകാൻ സാധ്യതയുണ്ടെങ്കിലും വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാൻ ആർക്കും അവകാശമില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു.
നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ 2017-ൽ വിവാഹിതരായ നാഗചൈതന്യയും സാമന്തയും 2021 ഒക്ടോബറിലാണ് വിവാഹമോചിതരായത്. ഇതിനുശേഷം സോഷ്യൽ മീഡിയയിൽ ഇരുവരെയും കുറിച്ച് നിരവധി വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് 2024 ഡിസംബറിൽ നാഗചൈതന്യ നടി ശോഭിത ധൂളിപാലയെ വിവാഹം കഴിച്ചു. സാമന്ത 2025 ഡിസംബറിൽ ചലച്ചിത്ര നിർമ്മാതാവ് രാജ് നിദിമോരുവിനെയും വിവാഹം കഴിച്ചു.
തൻ്റെ വ്യക്തിജീവിതത്തെക്കുറിച്ച് മുൻപ് സംസാരിക്കവെ, തങ്ങൾ രണ്ടുപേരും പരസ്പര ബഹുമാനത്തോടെയാണ് പിരിഞ്ഞതെന്നും തന്നെ ഒരു കുറ്റവാളിയെപ്പോലെ ചിത്രീകരിക്കരുതെന്നും നാഗചൈതന്യ അഭ്യർത്ഥിച്ചിരുന്നു. ഈ കേസിലെ അടുത്ത വാദം കേൾക്കൽ സെപ്റ്റംബർ 30-ലേക്ക് കോടതി മാറ്റിവെച്ചു.














Click it and Unblock the Notifications