അതിജീവനത്തിന്റെ പ്രകൃതി; പ്രിയ ഷൈനിന്റെ 'ക്യാന്‍സര്‍' ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു
ക്യാന്‍സര്‍ രോഗവും അതിന്റെ അതിജീവനവും പ്രമേയമാക്കി പ്രിയ ഷൈന്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ക്യാന്‍സര്‍' എന്ന ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു. ക്യാന്‍സറിനെ നേരിട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന നിശ്ചയദാര്‍ഢ്യവും പോരാട്ടവീര്യവും കൈമുതലാക്കിയ ഒരു സ്ത്രീയെ ആണ് ഡോക്യുമെന്ററിയിലൂടെ വരച്ചുകാട്ടുന്നത്.
സംവിധായികയായ പ്രിയ ഷൈന്‍ നേരിട്ട ക്യാന്‍സര്‍ അനുഭവങ്ങളും അവരുടെ യഥാര്‍ത്ഥ കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സാ ഘട്ടങ്ങളും തത്സമയം ഈ ഡോക്യുമെന്ററിയില്‍ പകര്‍ത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഡോക്യുമെന്ററിയിലെ പ്രധാന കഥാപാത്രം പ്രകൃതി എന്ന സ്ത്രീയാണ്.

സോഷ്യല്‍ ആക്ടിവിസ്റ്റും കവയിത്രിയും പിഎച്ച്ഡി ഗവേഷകയുമായ പ്രകൃതി തനിക്ക് ക്യാന്‍സറാണ് എന്ന് കണ്ടെത്തിയ നിമിഷം മുതല്‍ കടന്നുപോകുന്ന ജീവിതത്തെയാണ് ഈ ഡോക്യുമെന്ററിയിലൂടെ പങ്ക് വെക്കുന്നത്. രോഗത്തിന്റെ ഏറ്റവും കഠിനമായ ഘട്ടങ്ങളില്‍ താങ്ങായി നിന്ന മനുഷ്യരെ കുറിച്ചും ഡോക്യുമെന്ററി ഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്നു.
നീണ്ട ചികിത്സകള്‍ക്കും വേദനകള്‍ക്കും ഒടുവില്‍ എഴുത്തിലും അഭിനയത്തിലും മോഡലിംഗിലുമെല്ലാം വീണ്ടും സജീവമാകുന്ന പ്രകൃതിയെ ആണ് അവസാനം കാണുന്നത്. ക്യാന്‍സര്‍ എന്ന മാരകരോഗം പിടിപ്പെട്ട് ജീവിതം വഴിമുട്ടിയവര്‍ക്ക് പ്രത്യാശ പകര്‍ന്ന് കൊണ്ടാണ് ഈ ഡോക്യുമെന്ററി അവസാനിക്കുന്നത്.
ലെഫ്റ്റനന്റ് കേണല്‍ ഡോ. ജോണ്‍ ജേക്കബ് അറ്റുമലില്‍, പ്രിയ ഷൈന്‍ എന്നിവരാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷാനിയും സഹ ഛായാഗ്രഹണം ആകാശപം നിര്‍വഹിച്ചിരിക്കുന്നു. ചിത്രസംയോജനം- ജിതിന്‍ രാജ്, പശ്ചാത്തല സംഗീതം - ജിന്റോ ജോണ്‍ എന്നിവരാണ് ഒരുക്കിയിരിക്കുന്നത്.




Click it and Unblock the Notifications