'ധ്യാൻ ശ്രീനിവാസന് ജയറാമിൻ്റെ ഗതി വരും, കരഞ്ഞ് കാലുപിടിക്കേണ്ടി വരും';ആലപ്പി അഷ്റഫ്
കഴിഞ്ഞ ദിവസം നടൻ ധ്യാൻ ശ്രീനിവാസൻ നടത്തിയ 'സിഎം' പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. വിസിറ്റർ എന്ന സിനിമയുടെ പരിപാടിക്കിടെ താൻ മുഖ്യമന്ത്രി ആകുമ്പോൾ സാരിയുടുത്ത് നവ്യ നായർ മുന്നിൽ തന്നെയുണ്ടാകണം എന്ന ധ്യാനിൻ്റെ വാക്കുകളാണ് ചർച്ചയ്ക്ക് വഴിവെച്ചത്. എന്നാൽ നടൻ്റെ പരാമർശത്തിനെതിരെ തമിഴ്നാട്ടിൽ വലിയ വിമർശനം ഉയർന്നു. വിജയിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ തൃഷ പങ്കെടുത്തതിനെ ബന്ധപ്പെടുത്തിയാണ് ധ്യാനിൻ്റെ പരാമർശം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങൾ. ഇപ്പോഴിതാ ഈ വിവാദത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. ധ്യാൻ തൻ്റെ വാക്കുകളിൽ അൽപമെങ്കിലും ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം പറയുന്നു. സംവിധായകൻ്റെ വാക്കുകളിലേക്ക്

'താര സംഘടനയായ അമ്മയുടെ രക്ഷകനായി ധ്യാൻ ശ്രീനിവാസൻ എത്തുന്നു ,സംഘടനയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ ധ്യാൻ തയ്യാറാണെന്ന് അറിയിച്ചു കഴിഞ്ഞു എന്ന ചിലരുടെ വിളംബരങ്ങൾ സിനിമാ ലോകത്താകെ മുഴങ്ങികേട്ടു. ഒടുവിൽ ആ വിളംബരം ധ്യാനിന്റെ കാതിലും എത്തി. ഈ വാർത്തയുടെ സത്യാവസ്ഥ വിളംബരം ചെയ്തുകൊണ്ട് ധ്യാൻ പൊതുമദ്യത്തിലും എത്തി. ധ്യാൻ പറയുന്നു മോഹൻലാലിനോടൊപ്പം അയർലൻഡിൽ ഒരു സ്റ്റേജ് ഷോയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് താൻ അമ്മയുടെ പ്രസിഡൻറ് ആകാൻ സന്നദ്ധത പ്രകടിപ്പിച്ചതായി അറിയിച്ചുള്ള വാർത്ത ശ്രദ്ധയിൽ പെടുന്നത്. ഇത് ഞാൻ മനസാവാച അറിഞ്ഞ കാര്യമല്ല. ഇതിന്റെ പിന്നിൽ അജു വർഗീസിന്റെ പവർ ഗ്രൂപ്പ് ആണ്.
ഞാൻ അമ്മയുടെ പ്രസിഡന്റ് ആകാൻ പോകുന്നു എന്ന വാർത്ത എന്റെ അമ്മയുടെ ചെവിയിലും എത്തി. അമ്മ പറഞ്ഞു മോനെ നീ അമ്മയുടെ പ്രസിഡന്റ് ആകാൻ പോകുന്നു എന്ന വാർത്ത ഞാൻ കേട്ടു, അതൊരിക്കലും സംഭവിക്കരുത്, നിന്റെ അച്ഛൻ പ്രസിഡൻറ് ആകാത്തതിന്റെ കാരണം നേരായ ആളുകൾക്ക് ആ സ്ഥാനം വഹിക്കാൻ കഴിയില്ല എന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ടെന്നാണ്. ചില അനീതികൾക്ക് നേരെ കണ്ണടക്കേണ്ടിവരും ഇവിടെ അമ്മ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് പൂർണമായും മനസ്സിലായില്ലെന്നും ധ്യാൻ പറഞ്ഞു.
എന്നാൽ ഈ വാചകം കേട്ട നമുക്കൊക്കെ നന്നായി മനസ്സിലാക്കാൻ സാധിക്കും. കാരണം കുറേനാൾ ആളുകളായി നടക്കുന്ന വെട്ടിപ്പും തട്ടിപ്പും ചീഞ്ഞു നാറിയ കഥകളും ഒക്കെ നമ്മൾ കാണുകയും കേൾക്കുകയും ഒക്കെയാണല്ലോ. ഇതൊക്കെ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി, അതാണല്ലോ ശ്രീനിവാസൻ തന്റെ ഭാര്യയോട് പറഞ്ഞത്. അതിപ്പോൾ അതിൻറെ എല്ലാ സീമകളും ലംഘിച്ച് പുറത്തുവന്നിരിക്കുകയാണ്. അജു വർഗീസ് പ്രിയ സ്നേഹിതനായ ധ്യാനിന് ഒരു ഉപദേശം കൊടുക്കുന്നുണ്ട്, അമ്മയുടെ പ്രസിഡൻറ് ആയതിനുശേഷം മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ കുറച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത ശേഷം ജനങ്ങളെ കയ്യിലെടുത്താൽ തമിഴ്നാട് മുഖ്യ മുഖ്യമന്ത്രി വിജയയെ പോലെ നിനക്കും മുഖ്യമന്ത്രിയാകാം എന്ന്.
ധ്യാൻ ഒരു പ്രഖ്യാപനം അങ്ങ് നടത്തി അമ്മയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കാൻ ഞാനില്ല, ആ സ്ഥാനം ഞാൻ രാജിവെച്ചിരിക്കുന്നു, ശ്വേത തന്നെ തുടരട്ടെ എന്ന്. എന്നാൽ മുഖ്യമന്ത്രിആകുന്ന രംഗം ധ്യാൻ ഭാവനയിൽ കണ്ടുനോക്കി. ഞാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സാരിയുടുത്ത് നവ്യ മുന്നനിരയിൽ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നാണ് പറഞ്ഞത്. ധ്യാൻ ഉപമിച്ചതും ഉന്നം വെച്ചതും വിജയ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ മുന്നനിരയിലെത്തി സ്ഥാനം ഉറപ്പിച്ച തൃഷയെയാണ്.
ധ്യാൻ ഒരു സമയത്ത് നവ്യയെ ജീവിതസഖിയാക്കാൻ ആഗ്രഹിച്ചതായുള്ള ഒരു പിന്നാമ്പുറ കഥയുണ്ടല്ലോ.വിജയിയെയും തൃഷയെയും ഉന്നം വെച്ചുകൊണ്ടുള്ള ധ്യാനിന്റെ കമന്റുകൾ തമിഴ്നാട് സാമൂഹ്യ മാധ്യമങ്ങളിലും പടർന്നു. അതോടെ വിജയ് ആരാധകർ ധ്യാനിനെതിരെ പ്രതിഷേധങ്ങളുമായി രംഗത്തെത്തി. തങ്ങളുടെ മുഖ്യനെ ധ്യാൻ ആക്ഷേപിച്ചു എന്നും ധ്യാൻ പൊതുമദ്യത്തിൽ വന്ന് മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു തമിഴ്നാട്ടിൽ അങ്ങനെയാണ്. എന്നാൽ കേരളത്തിലെ മിമിക്രിക്കാരാകട്ടെ നമ്മുടെ എല്ലാ മുഖ്യമന്ത്രിമാരെയും കളിയാക്കി എടുത്തിട്ട് അലക്കാറുണ്ട്. അവരൊക്കെ അത് കാര്യമായിട്ട് എടുക്കാറില്ല എന്ന് മാത്രമല്ല അത് ആസ്വദിക്കാറുമുണ്ട്.
എന്നാൽ തമിഴ്നാട്ടിലെ സ്ഥിതി മറിച്ചാണ്. തമിഴിലെ നടനും മിമിക്രി ആർട്ടിസ്റ്റുമായ ചിന്ന ജയന്ത് ഒരിക്കൽ എന്നോട് പറഞ്ഞു നിങ്ങളുടെ നാട്ടിൽ സിഎമ്മിനെ കളിയാക്കുന്നത് പോലെ ഇവിടെ ചെയ്താൽ ഞങ്ങളുടെയൊക്കെ വീട് വരെ കത്തിച്ചു കളയുമെന്ന്. അങ്ങനെയുള്ള സ്ഥലത്തെ സിഎമ്മിനെയാണ് ധ്യാൻ കേറി ഒന്ന് ചൊറിഞ്ഞതെന്ന് ഓർക്കണം. ധ്യാനിനെ നമ്മളൊക്കെ ഇഷ്ടപ്പെടുന്നത് അദ്ദേഹം നല്ലൊരു നടനായതുകൊണ്ടോ അദ്ദേഹം ചെയ്ത വേഷങ്ങളുടെ മികവ് കൊണ്ടോ ഒന്നുമില്ല. മറിച്ച് ശ്രീനിവാസനെ പോലെ നർമ്മം കലർന്ന സംസാരവും തുറന്നുപറച്ചലുകളും നിലപാടുകളും ഒക്കെ കൊണ്ടാണ്. ചില തമാശകളൊക്കെ പറയുമ്പോൾ ധ്യാൻ കുറച്ചുകൂടി ജാഗ്രത പുലർത്തുന്നത് നല്ലതാണ്. ഇല്ലെങ്കിൽ നടൻ ജയറാമിന് പറ്റിയതുപോലെ ആൾക്കൂട്ടം വീട്ടിലേക്ക് പ്രതിഷേധവുമായി ഇരച്ചു കയറുമ്പോൾ കരഞ്ഞ് മാപ്പ് പറയേണ്ട സ്ഥിതി വരും', ആലപ്പി അഷ്റഫ് പറഞ്ഞു.


Click it and Unblock the Notifications