'അന്ന് ദിലീപുമായി സലീം കുമാർ അത്ര നല്ല ബന്ധത്തിലല്ല, എന്നിട്ടും ജയിലിലായപ്പോൾ സഹായിച്ചു': സജി നന്ത്യാട്ട്
നടിയെ ആക്രമിച്ച കേസിൽ സുഹൃത്തായ ദിലീപ് പെട്ടപ്പോൾ ഒപ്പം നിന്ന സലീം കുമാറിനെ ഓർത്തെടുത്ത് നിർമ്മാതാവ് സജി നന്ത്യാട്ട്. ആ സമയത്ത് ദിലീപുമായി സലീം കുമാർ അത്ര നല്ല ബന്ധത്തിൽ അല്ലാതിരുന്നിട്ട് പോലും സുഹൃത്ത് ആപത്തിൽ പെട്ടപ്പോൾ വാദിക്കാനിറങ്ങിയത് സലീം കുമാറിന്റെ നല്ല മനസ്സ് ആണെന്ന് സജി നന്ത്യാട്ട് ഫേസ്ബുക്കിൽ കുറിച്ചു.
മാത്രമല്ല, ദിലീപുമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ട് കൂടി താൻ ദിലീപിന് വേണ്ടി ചാനൽ ചർച്ചകളിൽ വാദിക്കുന്നത് കണ്ട് സന്തോഷം തോന്നി ഒരിക്കൽ സലീം കുമാർ തന്നെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും സജി നന്ത്യാട്ട് വെളിപ്പെടുത്തുന്നു.
സജി നന്ത്യാട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' സജിയേട്ടാ, ഇത് ഞാനാ, സലീം കുമാർ.... ദിലീപ് കുറ്റാരോപിതനായി ജയിലിൽ കഴിയുന്ന വേളയിൽ സലീംകുമാർ ഒരു ദിവസം രാവിലെ നേരിട്ട് എന്നെ ഫോണിൽ വിളിച്ചു. ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവർ ആണെങ്കിലും ഞാനും സലിംകുമാറും തമ്മിൽ അന്ന് വരെ നല്ല അടുപ്പം, സൗഹൃദവും ഉണ്ടായിരുന്നില്ല.

ഫോൺ സംഭാഷണത്തിൽ ആദ്യം സലീംകുമാർ പറഞ്ഞത്: "ദിലീപിന് ഒത്തിരി സൗഹൃദങ്ങളും അടുപ്പക്കാരും ഉണ്ടെങ്കിലും,ഒരു ബന്ധവും ഇല്ലാത്ത സജിയേട്ടൻ ദിലീപിനു വേണ്ടി ചാനൽ ചർച്ചകളിൽ വാദിക്കുന്നതു കണ്ടപ്പോൾ നിങ്ങളോട് എനിക്ക് ഇഷ്ടം തോന്നി.ധൈര്യം സമ്മതിക്കുന്നു.ദിലീപ് ഇങ്ങനെ ഒരു പ്രവൃത്തിയിൽ ഏർപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ദിലീപിനെ ചതിച്ചതാണ്.
ദിലീപിനെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നതുകൊണ്ട് സമൂഹം സജിയേട്ടനെ പലരീതിയിലും അപകീർത്തിപ്പെടുത്തുന്നതായി കണ്ടുവരുന്നു. ദിലീപുമായി ഒരു ബന്ധവുമില്ലാത്ത നിങ്ങൾ ഇങ്ങനെ ഒരു സന്ദർഭത്തിൽ ദിലീപിനെ സപ്പോർട്ട് ചെയ്യാൻ മുന്നിട്ടിറങ്ങിയതു കണ്ടപ്പോൾ അത്ഭുതവും സന്തോഷവും തോന്നി."
ദിലീപും സലിംകുമാറും തമ്മിൽ ആ സമയത്ത് അത്ര നല്ല ബന്ധത്തിൽ ആയിരുന്നില്ല എന്ന് എന്നോട് സലിംകുമാർ ഫോൺ സംഭാഷണത്തിൽ സൂചിപ്പിച്ചു. ഇടതു സഹയാത്രികൻ ശ്രീ സെബാസ്റ്റ്യൻ പോൾ സജിയേട്ടനെ വിളിക്കും, ദിലീപിന്റെ കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന കാര്യങ്ങൾ എല്ലാം അദ്ദേഹത്തോട് പറയണം എന്നും സലീംകുമാർ നിർദ്ദേശിച്ചു.കോട്ടയത്തുനിന്ന് കാഞ്ഞിരപ്പള്ളിയിലേക്കുള്ള യാത്രയിൽ ശ്രീ സെബാസ്റ്റ്യൻ പോൾ എന്നെ ഫോണിൽ വിളിക്കുകയും, എനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും ഞാൻ അദ്ദേഹത്തോട് തുറന്നു പറഞ്ഞു. പിന്നീടുള്ള ചാനൽ ചർച്ചയിൽ ശ്രീ സെബാസ്റ്റ്യൻ പോൾ പ്രത്യക്ഷപ്പെടുകയും ദിലീപിന് അനുകൂലമായി വാദിക്കുകയും ചെയ്തു.
ഒരു ആപത്തു വന്നപ്പോൾ സ്വന്തം സുഹൃത്തിനു വേണ്ടി വാദിക്കാൻ ഇറങ്ങിയ സലീംകുമാറിന്റെ ആ നല്ല മനസ്സിനെ ഞാൻ ഓർക്കുന്നു. പബ്ലിക് കോളേജിന്റെ ഓണാഘോഷ പരിപാടിയിൽ (സെപ്റ്റംബർ 2017) സലീംകുമാർ അതിഥിയായി എത്തണമെന്ന് ഞാൻ ക്ഷണിച്ചപ്പോൾ, അദ്ദേഹം ഒരു മടിയും കൂടാതെ എത്തുകയും പൊട്ടിച്ചിരികളുടെ ഒരു ദിനം ഞങ്ങൾക്ക് സമ്മാനിച്ച്, യാത്രച്ചെലവിനുള്ള പൈസ പോലും വാങ്ങാതെ മടങ്ങി.
2022 ഡിസംബർ മാസം ഞാൻ സലീംകുമാറിന്റെ ഭവനത്തിൽ നേരിട്ടു ചെല്ലുകയും കുറേ നല്ല സമയം അദ്ദേഹവുമായി ചെലവഴിക്കാൻ സാധിച്ചു.ആരോഗ്യവാനല്ലാഞ്ഞിട്ടും ക്ഷീണിതനായിരിക്കുന്ന ഒരു ദിവസമായിരുന്നിട്ടും,അദ്ദേഹം തന്നെ വീടും പരിസരവും എല്ലാം കൊണ്ടുനടന്നു കാണിച്ചു. കളങ്കമില്ലാത്തവനും തുറന്നു സംസാരിക്കുന്നവനുമായ, അധികാരം കിട്ടുന്നതനുസരിച്ച് രാഷ്ട്രീയം മാറ്റുന്ന ആളായിരുന്നില്ല സലീംകുമാർ. തന്റേടിയായിരുന്നു.
പ്രിയ സഹോദരാ വിട.... മരണം...രംഗബോധമില്ലാത്ത ഒരു കോമാളി''.














Click it and Unblock the Notifications