Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയിലേക്ക് ദിലീപിൻ്റെ തിരിച്ചുവരവിന് കളമൊരുങ്ങുന്നോ?ഇടവേള ബാബുവിന് മേലും സമ്മർദ്ദം

മലയാള സിനിമാ താരസംഘടനയായ 'അമ്മ'യ്ക്കുള്ളിൽ വീണ്ടും വലിയ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. സ്പോൺസർഷിപ്പ് കരാറുകളേയും സാമ്പത്തിക ഇടപാടുകളേയും ചൊല്ലിയുള്ള തർക്കങ്ങൾ ഇപ്പോൾ എക്സിക്യൂട്ടീവ് കമ്മിറ്റിക്കുള്ളിൽ തന്നെ തുറന്ന പോരായി മാറിയിരിക്കുകയാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും പരസ്യമായി പുറത്തുവരുന്നതിനിടെ പ്രസിഡൻ്റ് ശ്വേതാ മേനോൻ രാജി സന്നദ്ധത അറിയിച്ചതും സംഘടനയ്ക്കുള്ളിലെ പ്രതിസന്ധി കൂടുതൽ ഗുരുതരമാക്കിയിട്ടുണ്ട്.

ഇതിനിടയിലാണ് സംഘടന വിട്ടുപോയ പഴയ മുഖങ്ങളുടെ തിരിച്ചുവരവ് വീണ്ടും ചർച്ചയാകുന്നത്. ഒരുകാലത്ത് 'അമ്മ'യുടെ സാമ്പത്തിക കാര്യങ്ങളിലും സംഘടനാപരമായ ഇടപെടലുകളിലും ശക്തമായ സാന്നിധ്യമായിരുന്ന ദിലീപ് വീണ്ടും സജീവമാകുമോയെന്നതാണ് സിനിമാ വൃത്തങ്ങളിലെ പ്രധാന ചർച്ച. അതോടൊപ്പം, മുൻ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിനെ വീണ്ടും സംഘടനയുടെ തലപ്പത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യം ചില കേന്ദ്രങ്ങളിൽ ശക്തമാകുന്നുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

dileepnews-17

തുടർച്ചയായ വിവാദങ്ങൾ

നടി ആക്രമിക്കപ്പെട്ട കേസിന് ശേഷമാണ് സംഘടനയിലെ അഭിപ്രായ ഭിന്നതകൾ പുറംലോകത്ത് വലിയ രീതിയിൽ ചർച്ചയാകുന്നത്. കേസിനും വിവാദങ്ങൾക്കും പിന്നാലെ നിവൃത്തിയില്ലാതെ സംഘടനയിൽ നിന്നും ദിലീപ് രാജിവെച്ചൊഴിഞ്ഞു. ദിലീപിൻ്റെ രാജി അമ്മയ്ക്ക് ഉണ്ടാക്കിയ 'ക്ഷീണം' ചെറിതായിരുന്നില്ല. ഇതിനിടയിൽ പഴയ ഭാരവാഹികൾ പടിയിറങ്ങി. മോഹൻലാലിൻ്റെ നേതൃത്വത്തിൽ പുതിയ ഭാരഹവാഹികൾ അമ്മയുടെ തലപ്പത്തെത്തി.

അപ്പോഴും ആഭ്യന്തര തർക്കങ്ങൾ അമ്മയിൽ പതിവായിരുന്നു. ആ സമയത്താണ് ഹേമക്കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. ഭാരവാഹികളിൽ പലർക്കെതിരേയും പീഡന ആരോപണങ്ങൾ ഉയർന്നു. ദിവസേന എന്നോണം കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതോടെ മോഹൻലാലിൻ്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി രാജിവെച്ചു, അമ്മയിൽ പുതിയ തിരഞ്ഞെടുപ്പിനും കളമൊരുങ്ങി. തിരഞ്ഞെടുപ്പിൽ വനിതകളാണ് നേതൃസ്ഥാനത്തേക്ക് എത്തിയത്.ആദ്യമായി സംഘടനയുടെ വനിത പ്രസിഡന്‍റ് ആയി ശ്വേത മേനോനും നിയമിതയായി. എന്നാൽ പുതിയ നേതൃത്വത്തിന് സംഘടനയെ ഐക്യത്തിലേക്ക് നയിക്കാൻ കഴിഞ്ഞോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

പൊട്ടിത്തെറിക്ക് കാരണം

ഫെബ്രുവരി 13ന് നടന്ന കുടുംബസംഗമത്തിന്റെ നടത്തിപ്പും അതിന്റെ സ്പോൺസർഷിപ്പിനെ ചൊല്ലിയും അമ്മയിലുണ്ടായ പൊട്ടിത്തെറിയാണ് ഇപ്പോൾ പരസ്യ വിഴുപ്പലക്കലിലേക്ക് നീണ്ടത്. എക്സിക്യൂട്ടീവ് അംഗമായ അൻസിബയുടെ രാജിയോടെയാണ് വിവാദങ്ങളുടെ തുടക്കം. മറ്റൊരു ഭാരവാഹിയായ ടിനി ടോമിനെതിരെയായിരുന്നു അൻസിബയുടെ ആരോപണം.താൻ ജിഹാദിയാണെന്നും തനിക്ക് അവിഹിതബന്ധങ്ങളുണ്ടെന്നും ടിനി ടോം പ്രചരിപ്പിച്ചതാണ് ജോയൻ്റ് സെക്രട്ടറി സ്ഥാനം രാജിവെയ്ക്കാൻ കാരണമെന്ന് അവർ പറഞ്ഞു. ഇത് സംബന്ധിച്ച് പ്രസിഡന്‍റിന് പരാതി നൽകിയെങ്കിലും അത് അവർ ചെവിക്കൊണ്ടില്ലെന്നും അൻസിബ ആരോപിച്ചു. എന്നാൽ അൻസിബയുടെ ആരോപണം ആസൂത്രിത നീക്കമാണെന്നായിരുന്നു ശ്വേതയുടെ മറുപടി. ഇതിനിടയിൽ നീന കുറപ്പും ടിനിക്കെതിരെ രംഗത്തെത്തി.

ഈ വിവാദങ്ങൾക്കിടെ കുടുംബസംഗമം നടത്തിപ്പിൽ വീഴ്ചയുണ്ടെന്ന് ആവർത്തിച്ച് അൻസിബ വീണ്ടും രംഗത്തെത്തി. കുടുംബസംഗമം സ്പോൺസർ ചെയ്യാൻ വെണ്ണലയിലെ ക്ഷേത്രം അമ്മയുമായി കരാർ ഉണ്ടാക്കിയത് തെറ്റാണെന്ന് അവർ തുറന്നടിച്ചു. കരാർ പാലിക്കാത്തതിനാൽ 75ലക്ഷം രൂപയിൽ 30ലക്ഷം മാത്രമാണ് അമ്മയ്ക്ക് ലഭിച്ചതെന്ന് അൻസിബ ആരോപിച്ചു. മുസ്ലിമായതിനാലാണ് താൻ ഇതിനെ എതിർക്കുന്നതെന്ന് അമ്മ എക്സിക്യൂട്ടീവ് അംഗങ്ങൾ പറഞ്ഞതായി ക്ഷേത്രക്കമ്മറ്റിക്കാർ പറഞ്ഞതായും അൻസിബ പറഞ്ഞു. കരാർ കൊണ്ടുവന്നത് ശ്വേതയാണ്. ഇതിനെ എതിർത്തതിനാണ് ലക്ഷ്മിപ്രിയ തനിക്കെതിരെ പോലീസിൽ പരാതി നൽകിയത്. ഇതിന് ശ്വേതയുടെ പിന്തുണ ഉണ്ട് എന്നും അൻസിബ ആരോപിച്ചു. വിവാദം കൊടുംപിരി കൊണ്ടതോടെ തന്നെ ലക്ഷ്യം വെച്ചുള്ള നീക്കമാണ് അമ്മയിൽ നടക്കുന്നതെന്നും രാജിവെയ്ക്കാൻ താൻ സന്നദ്ധയാണെന്നും ശ്വേത പ്രതികരിച്ചു.

മുതിർന്ന താരങ്ങളുടെ മൌനം

സംഘടനയിലെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് മുതിർന്ന താരങ്ങളുടെ നിലപാടാണ്. മുൻകാലങ്ങളിൽ വലിയ പ്രതിസന്ധികൾ ഉണ്ടായപ്പോൾ ഇടപെട്ട് സമവായ ശ്രമങ്ങൾ നടത്തിയിരുന്ന പ്രമുഖ താരങ്ങൾ ഇത്തവണ പരസ്യ പ്രതികരണങ്ങളിൽ നിന്ന് അകലെയാണെന്നാണ് സംഘടനയ്ക്കുള്ളിൽ തന്നെ ഉയരുന്ന വിമർശനം.

ദിലീപിൻ്റെ തിരിച്ചുവരവ് വീണ്ടും ചർച്ചയിൽ

ഇപ്പോഴത്തെ പ്രതിസന്ധികൾക്കിടയിൽ വീണ്ടും ഉയരുന്ന പ്രധാന ചോദ്യം ദിലീപിൻ്റെ തിരിച്ചുവരവിനെചുറ്റിപ്പറ്റിയാണ് . ദിലീപ് സംഘടനയിൽ നിന്ന് പിന്മാറിയെങ്കിലും അദ്ദേഹത്തെ പിന്തുണച്ചിരുന്ന വിഭാഗത്തിന് ഇന്നും 'അമ്മ'യ്ക്കുള്ളിൽ സ്വാധീനമുണ്ട്. നിലവിലെ അവ്യക്തതയും നേതൃത്വ പ്രതിസന്ധിയും ശക്തമാകുന്ന സാഹചര്യത്തിൽ പഴയ ശക്തികേന്ദ്രങ്ങൾ വീണ്ടും രംഗത്തിറങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന അഭിപ്രായവും ഉയരുന്നു.

ഇടവേള ബാബുവും വീണ്ടും സജീവമാകുമോ?

സംഘടനയുടെ മുൻ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിൻ്റെ പേരും പുതിയ ചർച്ചകളിൽ ഇടംപിടിക്കുന്നുണ്ട്. സംഘടനയുടെ അച്ചടക്കവും ആഭ്യന്തര നിയന്ത്രണവും ശക്തമായി കൈകാര്യം ചെയ്തിരുന്ന കാലഘട്ടം വീണ്ടും ആവശ്യമാണെന്ന അഭിപ്രായം ചില അംഗങ്ങൾക്കിടയിൽ ഉയരുന്നുവെന്നാണ് സൂചന. ഒരു വശത്ത് നേതൃത്വ പ്രതിസന്ധിയും മറുവശത്ത് പഴയ ശക്തികേന്ദ്രങ്ങളുടെ തിരിച്ചുവരവ് സംബന്ധിച്ച ചർച്ചകളും ശക്തമാകുമ്പോൾ 'അമ്മ' വീണ്ടും വലിയ മാറ്റങ്ങളുടെ വക്കിലാണെന്നാണ് സിനിമാ മേഖലയിലെ വിലയിരുത്തൽ. സംഘടനയുടെ ഐക്യം പുനഃസ്ഥാപിക്കുമോ, അതോ ഭിന്നതകൾ കൂടുതൽ രൂക്ഷമാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+