സജ്നയെ മുൻനിർത്തി റസൂൽ പൂക്കുട്ടി കളിക്കുന്ന കളി! എംഡിഎംഎ വിവാദത്തിൽ പ്രതികരിച്ച് ദിയ സന
മുൻ ബിഗ് ബോസ് മത്സരാർത്ഥിയും സാമൂഹ്യ പ്രവർത്തകയുമായ ദിയ സനയും നടി സജ്ന നൂറും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ദിയ സന തനിക്ക് എംഡിഎംഎ എന്ന മാരക ലഹരിമരുന്ന് നൽകിയെന്ന സജ്നയുടെ ഗുരുതരമായ ആരോപണങ്ങൾക്ക് മറുപടിയുമായാണ് ദിയ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഈ വിവാദങ്ങൾക്ക് പിന്നിൽ ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണെന്ന വമ്പൻ വെളിപ്പെടുത്തലാണ് ദിയ സന ഇപ്പോൾ നടത്തിയിരിക്കുന്നത്.
തന്റെ ജീവിതത്തെ ചോദ്യചിഹ്നമാക്കുന്ന രീതിയിലാണ് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നതെന്നും, ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും ദിയ വ്യക്തമാക്കുന്നു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലൂടെയാണ് താരം തന്റെ ഭാഗം വിശദീകരിച്ചത്.
റസൂൽ പൂക്കുട്ടിക്കെതിരെ ഗുരുതര ആരോപണങ്ങൾ
ജീവിതത്തിൽ താൻ ഇപ്പോൾ കടുത്തൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ദിയ സന പറയുന്നു. വലിയ സ്വാധീനമുള്ള റസൂൽ പൂക്കുട്ടിയെപ്പോലെയുള്ള ഒരാളോടാണ് താൻ ഫൈറ്റ് ചെയ്യുന്നത്. സജ്നയുടെ ഭർത്താവായ ഫിറോസ് ഖാനെതിരെ റസൂൽ പൂക്കുട്ടി നടത്തുന്ന കളികളുടെ ഭാഗമായാണ് തന്നെ ഇതിലേക്ക് വലിച്ചിഴച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി സോഷ്യൽ മീഡിയയിൽ കാണുന്ന വിവാദങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യം ഇതാണെന്നും ദിയ ആരോപിക്കുന്നു.

ഒരു സുഹൃത്ത് എന്ന നിലയിലും സാമൂഹ്യ പ്രവർത്തക എന്ന നിലയിലുമാണ് താൻ സജ്നയുടെ വീട്ടിൽ പോയിട്ടുള്ളത്. സജ്ന ആത്മഹത്യക്ക് ശ്രമിച്ചപ്പോഴും അവരുടെ മാനസികാരോഗ്യം മോശമായ ഘട്ടത്തിലും റസൂൽ പൂക്കുട്ടി ഉൾപ്പെടെയുള്ളവർ വിളിച്ച് ആവശ്യപ്പെട്ടതുകൊണ്ടാണ് താൻ അവിടെ പോയത്. അതല്ലാതെ സജ്ന ആരോപിച്ചതുപോലെ ആർക്കും താൻ ലഹരിമരുന്ന് കൊടുത്തിട്ടില്ലെന്നും ബിഗ് ബോസ് താരങ്ങളെയൊന്നും അവിടെ കൊണ്ടുപോയിട്ടില്ലെന്നും ദിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
'എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവർ മാത്രമാണ് ഉത്തരവാദികൾ'
യാതൊരു തെളിവുകളുമില്ലാതെയാണ് തനിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. തങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് മറച്ചുവെക്കാൻ റസൂൽ പൂക്കുട്ടിയും സജ്നയും കൂടി തന്നെ കരുവാക്കുകയായിരുന്നു. സമൂഹത്തിൽ എപ്പോഴും പ്രതികരിക്കുന്ന ഒരു സ്ത്രീയായതുകൊണ്ട് തന്നെ താൻ നിരന്തരം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും താനിപ്പോൾ വെറുമൊരു തെറ്റിദ്ധരിക്കപ്പെട്ട സ്ത്രീ മാത്രമാണെന്നും ദിയ സന പറയുന്നു.
ഈ വിഷയത്തിൽ പൂർണ്ണമായും നിയമവഴിയിലൂടെ മാത്രമായിരിക്കും താൻ മുന്നോട്ട് പോകുക. സർക്കാരിനോടും പോലീസിനോടും സുഹൃത്തുക്കളോടും പൊതുജനങ്ങളോടുമായി തനിക്ക് ഒരു കാര്യം മാത്രമാണ് പറയാനുള്ളതെന്ന് ദിയ കൂട്ടിച്ചേർത്തു. ഈ വിവാദങ്ങൾക്ക് ശേഷം തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം റസൂൽ പൂക്കുട്ടിക്കും സജ്നയ്ക്കും ഈ വ്യാജ അഭിമുഖം സംപ്രേഷണം ചെയ്ത ഓൺലൈൻ ചാനലിനും മാത്രമായിരിക്കുമെന്നും പറഞ്ഞാണ് ദിയ സന തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications