'ഇപ്പോ ബിജെപിയുടെ ആളാണെന്ന് തോന്നില്ലേ മമ്മൂക്കാ'? മമ്മൂട്ടി സിപിഎമ്മിനോട് അകൽച്ചയിലാണോ?

ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനൊപ്പമുളള നടന്‍ മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അതിനൊപ്പം ഇടത് അണികളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനവും മമ്മൂട്ടിക്ക് നേരെ ഉയരുന്നുണ്ട്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ മേളയുടെ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രത്തില്‍ ഇരുവരും ചിരിച്ച് തോളില്‍ കയ്യിട്ട് നില്‍ക്കുകയാണ്.

'സ്നേഹം സൗഹൃദം സ്വാഭാവികമാണ്. പക്ഷെ എളിമ അത് അപൂർവ്വമാണ്. അതാണ് എനിക്കിഷ്ടം ഞങ്ങളുടെ ബന്ധത്തിന് ദൃഢതയും അതു തന്നെ മമ്മുക്കയിൽ നിന്ന് അത് അനുഭവിക്കുന്നത് ഒരു സുഖമാണ്'- എന്ന കുറിപ്പിനൊപ്പം ബി ഗോപാലകൃഷ്ണന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. കമന്റ് ബോക്‌സിലും ഇടത് ഹാന്‍ഡിലുകളിലും ഇതോടെ മമ്മൂട്ടി രൂക്ഷമായി വിമര്‍ശിക്കപ്പെടുകയാണ്.

കൈരളി ടിവിയുടെ ചെയര്‍മാനും ഏറെക്കാലമായി ഇടത് സഹയാത്രികനുമായ മമ്മൂട്ടി അടുത്ത കാലത്തായി കോണ്‍ഗ്രസ്, ബിജെപി നേതാക്കളോട് അടുപ്പവും പൊതുമധ്യത്തില്‍ സിപിഎം നേതാക്കളോട് പ്രകടമായ അകല്‍ച്ചയുമാണ് കാണിക്കുന്നതെന്നാണ് ഇടതുപക്ഷക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ തുടക്കമാകട്ടെ വയനാട്ടില്‍ നിന്നാണ്.

മുണ്ടക്കൈ ദുരിതബാധിതര്‍ക്കായ് കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാന്‍ എത്തിയ മമ്മൂട്ടി, തനിക്ക് സമീപത്ത് നിന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറിയോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. ഒരുമിച്ച് നിന്നാല്‍ നിങ്ങളുടെ ആളാണെന്ന് തോന്നുമെന്ന് പറഞ്ഞായിരുന്നു മമ്മൂട്ടിയുടെ ഈ പെരുമാറ്റം. റഫീഖിനെ അപമാനിച്ചതിന് മമ്മൂട്ടിക്കെതിരെ അതിശക്തമായ സൈബര്‍ ആക്രമണമാണ് പിന്നാലെ നടന്നത്. തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ മമ്മൂട്ടിയോട് ക്ഷമ പറയുന്നതിലേക്ക് വരെ കാര്യങ്ങളെത്തി.

Mammootty

ഇടതുപക്ഷത്തിന്റെ സ്വന്തം ആളെന്ന് കരുതുന്ന മമ്മൂട്ടിക്ക് സിപിഎം ജില്ലാ സെക്രട്ടറി സമീപത്ത് നിന്നത് കൊണ്ട് പൊതുജനത്തിന് എന്ത് തെറ്റിദ്ധാരണ ഉണ്ടാകുമെന്നാണ് കരുതേണ്ടത് എന്നാണ് സൈബര്‍ സഖാക്കള്‍ ഒന്നാകെ ഉന്നയിച്ച ചോദ്യം. പിണറായി മാപ്പ് പറഞ്ഞതിലും അണികളില്‍ വലിയൊരു വിഭാഗം അസ്വസ്ഥരായിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയേക്കാള്‍ വലുതല്ല ഒരു സിനിമാ നടന്‍ എന്നതാണ് ഇവര്‍ മുന്നോട്ട് വെയ്ക്കുന്ന വാദം.

അവിടെയും തീര്‍ന്നില്ല കാര്യങ്ങള്‍.. നാലാമത്തെ ദേശീയ പുരസ്‌ക്കാരം ഗുജറാത്തില്‍ ചെന്ന് ഏറ്റുവാങ്ങി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ മമ്മൂട്ടിയെ സ്വീകരിക്കാന്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷും മറ്റ് നേതാക്കളും എത്തിയിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് എസ് സതീഷ് മമ്മൂട്ടിക്ക് ബൊക്കയും കൈമാറി. എന്നാല്‍ അവിടെയും മമ്മൂട്ടിയുടെ പെരുമാറ്റവും ശരീരഭാഷയും തീരെ താല്‍പര്യം ഇല്ലാത്ത തരത്തിലായിരുന്നുവെന്ന് ഇടത് അണികള്‍ ആരോപിക്കുന്നു.

റഫീഖിന്റെ അനുഭവത്തില്‍ നിന്നും മമ്മൂട്ടിക്ക് സിപിഎമ്മിനോടുളള താല്‍പര്യം മനസ്സിലായതാണെന്നും സിപിഎം നേതാക്കള്‍ ഇനിയും മമ്മൂട്ടിക്ക് മുന്നിലേക്ക് വിനീത വിധേയത്വവുമായി ചെല്ലരുത് എന്നുമാണ് സൈബര്‍ സഖാക്കള്‍ ഇപ്പോള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. വാര്‍ത്തകളില്‍ പ്രചരിക്കുന്നത് പോലെ അല്ല കാര്യങ്ങളെന്നും, മമ്മൂട്ടിയെ വിമാനത്താവളത്തിനുളളില്‍ വെച്ച് കണ്ട് സംസാരിച്ചിട്ടാണ് പുറത്തേക്ക് വന്നത് എന്നുമുളള വിശദീകരണങ്ങള്‍ ജില്ലാ സെക്രട്ടറി നല്‍കിയിട്ടും അണികള്‍ തൃപ്തരല്ല.

ഇതൊന്നും പോരാതെയാണ് സമീപകാലത്ത് ചില ബിജെപി നേതാക്കള്‍ക്കൊപ്പമുളള മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വരുന്നത്. ഇതോടെ ഇടത് അണികള്‍ മമ്മൂട്ടിയെ സോഷ്യല്‍ മീഡിയയില്‍ പൂര്‍ണമായും തള്ളിപ്പറയുന്ന മട്ടിലേക്കാണ് കാര്യങ്ങളെത്തി നില്‍ക്കുന്നത്. ഗുജറാത്തില്‍ ദേശീയ പുരസ്‌ക്കാരം വാങ്ങാന്‍ പോയ മമ്മൂട്ടി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ കാണാന്‍ പോയ ചിത്രങ്ങളില്‍ എറണാകുളത്തെ ബിജെപി നേതാവും മുന്‍ സ്ഥാനാര്‍ത്ഥിയുമായ രാജഗോപാലിനേയും കാണാം.

ഈ ചിത്രം വൈറലായതിനൊപ്പം കൊച്ചിയിലെ ആര്‍എസ്എസ് ആസ്ഥാനം മമ്മൂട്ടി സന്ദര്‍ശിച്ചിരുന്നുവെന്നും സവര്‍ക്കറുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നുമുളള പ്രചാരണം മീഡിയാ വണ്‍ ചാനലിന്റെ ഔട്ട് ഓഫ് ഫോക്കസ് പരിപാടിയിലൂടെ അടക്കം പ്രചരിച്ചതോടെ മെഗാസ്റ്റാര്‍ അക്ഷരാര്‍ത്ഥത്തില്‍ എയറിലാണ്. ഈ സംഭവം യഥാര്‍ത്ഥത്തിലുളളതാണോ എന്നതിന് സ്ഥിരീകരണം ഇല്ലെങ്കിലും ഇടത് സൈബറിടങ്ങള്‍ മമ്മൂട്ടിക്കെതിരെ വാളെടുത്തിരിക്കെയാണ് എരിതീയില്‍ എണ്ണ പോലെ ബി ഗോപാലകൃഷ്ണനുമൊപ്പമുളള ചിത്രവും പുറത്ത് വന്നിരിക്കുന്നത്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ നിന്നുളള ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ബി ഗോപാലകൃഷ്ണന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പച്ചയായ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ ഗോപാലകൃഷ്ണന്റെ പേരില്‍ പോലീസ് കേസെടുത്തിരുന്നു. ഗുരുവായൂരില്‍ 50 വര്‍ഷക്കാലമായി ഇടത്- വലത് മുന്നണികള്‍ ഒരു ഹിന്ദു എംഎല്‍എയെ പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്നും ഗുരുവായൂരിലെ ഹിന്ദുക്കള്‍ക്കായി ഒരു ഹിന്ദു എംഎല്‍എ വേണം എന്നുമാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

വര്‍ഗീയത പറയുന്ന ബിജെപി നേതാവിനൊപ്പം നില്‍ക്കുമ്പോള്‍ അവരുടെ ആളാണെന്ന് തോന്നുമോ എന്നുളള ആശങ്ക മമ്മൂട്ടിക്ക് ഇല്ലേ എന്ന ചോദ്യമാണ് ഇടത് അണികള്‍ ഉയര്‍ത്തുന്നത്. ദാദ സാഹേബ് പുരസ്‌ക്കാരം കൂടി കിട്ടാനുണ്ട് അതിന് വേണ്ടിയാണ് കേന്ദ്രം ഭരിക്കുന്ന കക്ഷിക്കൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ ശ്രമിക്കുന്നത് എന്ന തരത്തിലേക്ക് വരെ മമ്മൂട്ടിക്ക് എതിരെയുളള വിമര്‍ശനങ്ങള്‍ പോകുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma