മുരുകനെ ഉത്തരേന്ത്യക്കാരനാക്കാൻ നോക്കേണ്ട; ജൂനിയർ എൻടിആർ ചിത്രത്തിന്റെ ടാഗ്‌ലൈനെതിരെ തമിഴ് ആരാധകർ, വൻ വിവാദം
ചെന്നൈ: തെലുങ്ക് താരം ജൂനിയർ എൻടിആറും സംവിധായകൻ ത്രിവിക്രമും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൻ വിവാദം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം അണിയറപ്രവർത്തകർ നൽകിയ വരികളാണ് മുരുകൻ എവിടെയാണ് ജനിച്ചതെന്നതിനെച്ചൊല്ലിയുള്ള വലിയ തർക്കങ്ങൾക്ക് കാരണമായിരിക്കുന്നത്.
"ശിവന്റെ മകൻ, പാർവ്വതിയുടെ അഭിമാനം, നിത്യനായ സേനാപതി" എന്ന അടിക്കുറിപ്പോടെയാണ് ജൂനിയർ എൻടിആർ പോസ്റ്റർ പങ്കുവെച്ചത്. മുരുകന്റെ പുരാണ കഥകളുമായും അദ്ദേഹത്തിന്റെ വേലുമായും ബന്ധപ്പെട്ടായിരിക്കും ചിത്രത്തിന്റെ കഥയെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. എന്നാൽ നിർമ്മാതാവ് നാഗ വംശി പങ്കുവെച്ച ക്യാപ്ഷനാണ് തമിഴ് ആരാധകരെ ചൊടിപ്പിച്ചത്. "വടക്ക് ജനിച്ചു, ഹൃദയഭൂമിയിൽ രൂപപ്പെട്ടു, തെക്ക് ആരാധിക്കപ്പെടുന്നു... ഇപ്പോൾ പ്രപഞ്ചത്തിന്റേതാകാൻ പോകുന്ന ഒരു കഥ" എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

മുരുകൻ "വടക്ക് ജനിച്ചു" എന്ന പരാമർശത്തിനെതിരെ വലിയ വിമർശനമാണ് തമിഴ്നാട്ടിൽ നിന്ന് ഉയരുന്നത്. മുരുകൻ ദക്ഷിണേന്ത്യയുമായി, പ്രത്യേകിച്ച് തമിഴ് സംസ്‌കാരവുമായാണ് ഏറ്റവും കൂടുതൽ അടുത്തുനിൽക്കുന്നതെന്ന് ഇവർ വാദിക്കുന്നു. മുരുകനെ തമിഴ് ദൈവമായി കാണുന്ന തങ്ങളെ അധിക്ഷേപിക്കുന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈനെന്നും സിനിമയ്ക്ക് വേണ്ടി ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കരുതെന്നും ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
സിനിമയിൽ മുരുകനെ ഉത്തരേന്ത്യക്കാരനായി ചിത്രീകരിക്കാനാണ് ശ്രമമെങ്കിൽ ചിത്രം തിയേറ്റർ കാണിക്കില്ലെന്ന് ഒരു വിഭാഗം മുന്നറിയിപ്പ് നൽകി. തമിഴ് ചരിത്രത്തെയും സംസ്‌കാരത്തെയും ഇല്ലാതാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്നും ജൂനിയർ എൻടിആർ ചിത്രങ്ങൾ ബഹിഷ്‌കരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഒന്നാം നൂറ്റാണ്ടിലെ സംഗ സാഹിത്യമായ തൊൽകാപ്പിയത്തിൽ മുരുകൻ കുറിഞ്ചി മലനിരകളിൽ നിന്നുള്ള ആളാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും മുരുകന്റെ ആറ് പുണ്യക്ഷേത്രങ്ങളും (അറുപടൈ വീട്) തമിഴ്‌നാട്ടിലാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ചിത്രത്തിന്റെ അണിയറപ്രവർത്തകരെ പിന്തുണച്ചും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. മുരുകന് തമിഴ് സംസ്‌കാരത്തിൽ വലിയ സ്ഥാനമുണ്ടെന്നത് ശരിയാണെങ്കിലും, കാർത്തികേയനായും സുബ്രഹ്മണ്യനായും ഇന്ത്യയിലുടനീളം അദ്ദേഹത്തെ ആരാധിക്കുന്നുണ്ടെന്നാണ് ഇവരുടെ വാദം. അതുകൊണ്ടുതന്നെ കഥയ്ക്ക് ദേശീയ തലത്തിലുള്ള പ്രാധാന്യം നൽകുന്നതിൽ തെറ്റില്ലെന്നും ഇവർ പറയുന്നു. എന്നാൽ വിവാദങ്ങളോട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications