Drishyam 3 Review: ഇന്റര്‍വെല്‍ കത്തിച്ചു, ക്ലൈമാക്‌സ് പക്ഷേ പാളിപ്പോയോ? ദൃശ്യം 3 അടിക്കില്ലേ 100 കോടി?
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്രൈം ത്രില്ലർ ഫ്രാഞ്ചൈസികളിലൊന്നായ ദൃശ്യം പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഭാഗമായ ദൃശ്യം 3 തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ഒരു ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന് വേണ്ടി ഉറക്കിളച്ച് കാത്തിരുന്ന പ്രേക്ഷകരെ ഇത്തവണ തൃപ്തിപ്പെടുത്താന്‍ ജീത്തു ജോസഫിന് സാധിച്ചോ? മോഹന്‍ലാലിന്റെ പിറന്നാള്‍ ദിവസം പുറത്തിറങ്ങിയ ദൃശ്യം 3യുടെ ആദ്യഷോ അവസാനിച്ചപ്പോള്‍ എന്താണ് പ്രേക്ഷക പ്രതികരണം?
ദൃശ്യം 2ലെ സംഭവങ്ങൾക്ക് ശേഷം നാലര വർഷങ്ങൾ കഴിഞ്ഞുള്ള ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതമാണ് 'ദൃശ്യം 3' പറയുന്നത്. പുറമേക്ക് അവർ സമാധാനപരമായ ജീവിതം നയിക്കുകയാണെന്ന് തോന്നുമെങ്കിലും, കഴിഞ്ഞകാലത്തെ ഭീകരമായ ഓർമ്മകളും ഭയവും അവരെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു.
വരുണിന്റെ കൊലപാതകത്തിന് ജോർജുകുട്ടിയുടെ കുടുംബത്തെ എങ്ങനെയെങ്കിലും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെ ഗീതാ പ്രഭാകറും (ആശാ ശരത്), പ്രഭാകറും (സിദ്ദിഖ്) പുതിയ നീക്കങ്ങളുമായി രംഗത്തിറങ്ങുന്നു. ഒടുവിൽ ജോർജുകുട്ടി തന്റെ കുടുംബത്തെ സംരക്ഷിക്കാൻ നടത്തുന്ന അവസാനത്തെ ബുദ്ധിപരമായ നീക്കങ്ങളാണ് സിനിമയുടെ കാതൽ.

തിയേറ്ററുകളിൽ നിന്ന് ഉയരുന്ന ഏറ്റവും വലിയ കൈയടി മോഹൻലാൽ എന്ന നടന്റെ പ്രകടനത്തിനാണ്. ജോർജുകുട്ടിയുടെ ആകുലതകളും, ഭയവും, ഒപ്പം ശത്രുക്കളെ നേരിടാനുള്ള ബുദ്ധിപരമായ നീക്കങ്ങളും അദ്ദേഹം തന്മയത്വത്തോടെ സ്ക്രീനിൽ എത്തിച്ചു. മോഹൻലാലിന്റെ ഇൻട്രോ സീൻ തിയേറ്ററുകളെ ഇളക്കി മറിച്ചു.
സിനിമയുടെ ആദ്യ പകുതി തികച്ചും ഒരു ഫാമിലി ഡ്രാമയുടെ സ്വഭാവത്തിലാണ് മുന്നോട്ട് പോകുന്നത്. എന്നാൽ ഇന്റർവെല്ലിലേക്ക് അടുക്കുമ്പോൾ കഥാഗതി മാറുകയും, ഒരു അപ്രതീക്ഷിത ട്വിസ്റ്റിലൂടെ പ്രേക്ഷകരിൽ വലിയ ആകാംഷ ജനിപ്പിക്കാൻ ജിത്തു ജോസഫിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ പലരും ഇന്റർവെൽ സീനിനെ 'അബ്സല്യൂട്ട് സിനിമ' എന്നാണ് വിശേഷിപ്പിക്കുന്നത്.
ദൃശ്യം സീരിസിലെ ഏറ്റവും മികച്ചത് ഇതാണെന്നും മൂന്നാം വരവ് ജോർജ് കുട്ടി തൂക്കിയെന്നും പറയുന്ന പ്രേക്ഷകരുണ്ട്. ഇതിലും മികച്ച ഒരു പിറന്നാൾ സമ്മാനം മോഹൻലാലിന് കൊടുക്കാനില്ലെന്നും പ്രേക്ഷകർ പറയുന്നു. മുൻ ഭാഗങ്ങളിലെപ്പോലെ തന്നെ ഈ ചിത്രത്തിന്റെയും ക്ലൈമാക്സ് തന്നെയാണ് പ്രധാന ആകർഷണം. ഒരു വലിയ കടങ്കഥ പൂർത്തിയാക്കുന്ന രീതിയിലാണ് ജിത്തു ജോസഫ് ഈ ട്രിളോജി അവസാനിപ്പിച്ചിരിക്കുന്നത്.
അതേസമയം മുൻ ഭാഗങ്ങളെ അപേക്ഷിച്ച് സിനിമയുടെ ആദ്യ പകുതി വളരെ പതുക്കെയാണ് സഞ്ചരിക്കുന്നത്. കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയതിനാൽ ചിലയിടങ്ങളിൽ ലാഗ് അനുഭവപ്പെട്ടതായി ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. ഒന്നും രണ്ടും ഭാഗങ്ങൾ നൽകിയതുപോലെയുള്ള വൌ ഫാക്ടർ ഈ മൂന്നാം ഭാഗത്തിൽ പൂർണ്ണമായി കൊണ്ടുവരാൻ സാധിച്ചിട്ടില്ലെന്നും, ചില രംഗങ്ങൾ പ്രവചനീയമായിരുന്നു എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ അനിൽ എന്നിവർ തങ്ങളുടെ മുൻ ഭാഗങ്ങളിലെ വേഷങ്ങൾ ഭംഗിയായി നിലനിർത്തി. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. അനിൽ ജോൺസന്റെ പശ്ചാത്തല സംഗീതം സിനിമയുടെ മൂഡിന് അനുയോജ്യമായ രീതിയിൽ സസ്പെൻസ് നിലനിർത്താൻ സഹായിച്ചു. എന്തായാലും മോഹൻലാൽ ദൃശ്യം 3ലൂടെ അടുത്ത നൂറ് കോടി ഉറപ്പിച്ചു എന്ന് തന്നെയാണ് സോഷ്യൽ മീഡിയ പറയുന്നത്.














Click it and Unblock the Notifications