ആദ്യം ദുൽഖറിന് മുന്നിൽ വീണ നിവിൻ, പിന്നെ കുതിപ്പ്, റിലീസ്ദിനം കിംഗ് ഓഫ് കൊത്തയേക്കാളും പിന്നിലായി 'അയാം ഗെയിം'
3 വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ നായകനായി എത്തുന്ന ചിത്രം എന്ന ഒറ്റക്കാരണം കൊണ്ട് തന്നെ വലിയ ഹൈപ്പോടെ തിയറ്ററിലെത്തിയ ചിത്രമാണ് അയാം ഗെയിം. ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ ഭാഗം ഗംഭീരമായെന്നും രണ്ടാം ഭാഗം അത്ര പോരെന്നും ഉളള പ്രതികരണങ്ങളുണ്ട്. 2023ല്‍ പുറത്തിറങ്ങിയ കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ അഭിനയിച്ച അവസാന ചിത്രം. ഇതും വലിയ ഹൈപ്പോടെ തിയറ്ററിലെത്തിയ ചിത്രമാണ്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച പോലെ തിളങ്ങാന്‍ കിംഗ് ഓഫ് കൊത്തയ്ക്ക് സാധിച്ചിരുന്നില്ല.
അതിന് ശേഷം തമിഴിലും തെലുങ്കിലുമൊക്കെയായി തിരക്കിലായ ദുല്‍ഖര്‍ സല്‍മാന്‍ ഹിറ്റ് സംവിധായകനായ നഹാസ് ഹിദായത്തിനൊപ്പം എത്തുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചത് ഒരു സൂപ്പര്‍ ഹിറ്റ് മാത്രമാണ്. എന്നാല്‍ ഒരു ദുല്‍ഖര്‍ സിനിമയ്ക്ക് പ്രതീക്ഷിക്കുന്ന ആദ്യ ദിന ഓപ്പണിംഗ് അല്ല അയാം ഗെയിമിന് ലഭിച്ചിരിക്കുന്നത് എന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇത്തവണത്തെ ഓണം റിലീസുകള്‍ക്കൊപ്പം തിയറ്ററിലേക്ക് എത്തേണ്ടതായിരുന്നു അയാം ഗെയിമും. ഓണച്ചിത്രമായി എത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന നിവിന്‍ പോളി-മമിത ബൈജു ചിത്രം ബോക്‌സ് ഓഫീസ് തകര്‍ത്ത് കുതിക്കുകയാണ്. റിലീസ് മാറ്റി വൈകി എത്തിയിട്ടും ദുല്‍ഖര്‍ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ വന്‍ ഓളമുണ്ടാക്കാനായിട്ടില്ലെന്ന് വേണം പറയാന്‍.
റിലീസ് ദിവസം കിംഗ് ഓഫ് കൊത്തയുടെ കളക്ഷനെ മറികടക്കാന്‍ അയാം ഗെയിമിന് സാധിച്ചിട്ടില്ല. റിലീസിംഗ് ദിവസമായ സെപ്റ്റംബര്‍ 3 വ്യാഴാഴ്ച അയാം ഗെയിമിന്റെ ഇന്ത്യയിലെ ആകെ കളക്ഷന്‍ 5.40 കോടിയാണ്. കേരളത്തിന് അകത്തും പുറത്തുമായി 2714 തിയറ്ററുകളിലാണ് ചിത്രം റിലീസായത്. മലയാളം പതിപ്പ് 4.55 കോടിയും തെലുങ്ക് പതിപ്പ് 75 ലക്ഷവും ഹിന്ദി പതിപ്പ് 10 ലക്ഷവുമാണ് കളക്ഷന്‍ നേടിയത്.
അതേസമയം പരാജയ ചിത്രമായ കിംഗ് ഓഫ് കൊത്തയ്ക്ക് റിലീസ് ദിവസം ലഭിച്ച കളക്ഷന്‍ 6.85 കോടി രൂപയാണ്. അയാം ഗെയിമിനേക്കാള്‍ 1.45 കോടി അധികം ആണ് ആദ്യ ദിവസം കൊത്ത നേടിയത്. കിംഗ് ഓഫ് കൊത്തയുടെ ആകെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 31.35 കോടിയാണ്.
അതേസമയം റിലീസ് ദിവസം ബെത്ത്‌ലഹേം കുടുംബ യൂണിറ്റിനേക്കാളും പൃഥ്വിരാജിന്റെ ഖലീഫയേക്കാളും കളക്ഷന്‍ നേടാന്‍ ദുല്‍ഖറിനായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇപ്പോള്‍ മറ്റ് രണ്ട് ചിത്രങ്ങളേയും പിന്നിലാക്കിയാണ് ബെത്ത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നതെങ്കിലും റിലീസ് ദിവസം ഗിരീഷ് എഡിയുടെ ചിത്രത്തിന് കളക്ഷന്‍ 4.05 കോടി മാത്രമാണ്. വൈശാഖ് ചിത്രം ഖലീഫ റിലീസ് ദിവസം 5.35 കോടി കളക്ഷന്‍ സ്വന്തമാക്കി. അയാം ഗെയിമിനേക്കാള്‍ 5 ലക്ഷത്തിന്റെ കുറവ് മാത്രം. വമ്പന്‍ ചിത്രങ്ങളൊന്നും ഇപ്പോള്‍ റിലീസിന് ഇല്ലെന്നിരിക്കേ ദുല്‍ഖര്‍ ചിത്രത്തിന് തിയറ്ററുകളില്‍ പിടിച്ച് നില്‍ക്കാന്‍ സാധിച്ചേക്കും.



Click it and Unblock the Notifications