'ആ 15 ലക്ഷം വന്നിരുന്നെങ്കിൽ മാടമ്പികളുടെ കളി നടക്കില്ലായിരുന്നു, ശ്വേത തുടരുമായിരുന്നു..പക്ഷെ..';ലക്ഷ്മിപ്രിയ
മലയാള സിനിമാ ലോകത്തെ അമ്പരപ്പിച്ച സംഭവമാണ് താരസംഘടനയായ അമ്മയിലെ കൂട്ടരാജി. ജനറൽ ബോഡി യോഗത്തിന് ശേഷം ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയ നീക്കം നടക്കുന്നതിനിടയിലാണ് പ്രസിഡൻ്റ് ശ്വേത മേനോൻ അടക്കമുള്ളവർ നാടകീയമായി രാജിവെച്ചത്. പിന്നീട് ശ്വേതയും വൈസ് പ്രസിഡന്റായ ലക്ഷ്മിപ്രിയയും സംഘടനയിൽ നിന്ന് തന്നെ തങ്ങൾ രാജിവെയ്ക്കുകയാണെന്ന് അറിയിച്ചു.
ഇപ്പോഴിതാ രാജിയിൽ പ്രതികരിക്കുകയാണ് ലക്ഷ്മിപ്രിയ. അമ്മ പിരിച്ചുവിട്ടതിൽ തനിക്ക് വലിയ ദുഃഖമുണ്ടെന്നും ചിലരുടെ ഗൂഢനീക്കമാണ് രാജിവെയ്ക്കേണ്ട അവസ്ഥയിലേക്ക് ഭരണസമിതിയെ എത്തിച്ചതെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. അവരുടെ വാക്കുകളിലേക്ക്

'അമ്മ പിരിച്ചുവിട്ടതിൽ എനിക്ക് ദുഃഖമുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനം ഞാൻ അതിനു മുന്നേ തന്നെ രാജി വെക്കാനായിട്ട് തയ്യാറായിരുന്നു. അമ്മയിലെ അംഗത്വവും രാജി വെക്കാൻ തയ്യാറായിരുന്നു. കണക്ക് അവതരിപ്പിക്കുന്നതിന് വേണ്ടിയിട്ട് ഒരു 45 ദിവസം അനുവദിക്കാൻ ശ്വേത ചേച്ചി ഏഴു മണിക്കൂർ നിന്ന് റിക്വസ്റ്റ് ചെയ്തിരുന്നല്ലോ .അത് കിട്ടുവായിരുന്നെങ്കിൽ ജൂലൈ മാസം 14 ാം തീയതി അമ്മയുടെ അക്കൗണ്ടിലേക്ക് അദാനി ഗ്രൂപ്പിന്റെ ഒരു 15 ലക്ഷം രൂപ ചാരിറ്റി ആയിട്ട് ഞങ്ങൾക്ക് ലഭിക്കുമായിരുന്നു .
അമ്മയിലേക്ക് അത് വന്നിരുന്നെങ്കിൽ ശ്വേതാ മേനോൻ എന്ന് പറയുന്ന പ്രസിഡൻറ് വർഷങ്ങളോളം ഇന്നസെന്റ് അങ്കിൾ പ്രസിഡൻറ് ആയിട്ടിരുന്ന പോലെ ആ സ്ഥാനത്ത് തുടരുമായിരുന്നു. വേറെ മാടമ്പിമാർക്ക് ഒന്നും അങ്ങോട്ട് കയറാനായിട്ട് പറ്റില്ല. ഇതൊരു വലിയ സംഖ്യയാണല്ലോ, ഒരു ഷോ നടത്തിയിട്ട് കിട്ടുന്ന ഒന്നുമല്ല, ശ്വേതാ മേനോൻ എന്ന വ്യക്തിയുടെ കോൺടാക്റ്റിൽ കിട്ടുന്ന ഒരു എമൗണ്ട് ആണ്. അതുകൊണ്ടുതന്നെ ഇറക്കി വിട്ടതാണ് .സിദ്ധിഖ് ഇക്ക, ഇടവേള ബാബു, ബാബു രാജ് എന്നിവരുടെം നേതൃത്വത്തിലാണ് നീക്കം നടന്നത്.
യോഗത്തിൻ്റെയന്ന് വളരെ നേരത്തേ എത്തി, സമാന്തരമായിട്ട് വേറൊരു കൗണ്ടർ ഇവർ ഉണ്ടാക്കി. രജിസ്ട്രേഷൻ കൗണ്ടറിൽ ഒപ്പിടാൻ വരുന്നവരെ ഒക്കെ ഇവർ അങ്ങോട്ട് വിളിച്ചിട്ട് തെറ്റിധരിപ്പിച്ചാണ് അവിശ്വാസ പ്രമേയത്തിൽ ഒപ്പുവെപ്പിച്ചത്. ഇതെന്താണെന്ന് വായിച്ച് പോലും നോക്കാതെ പലരും ഒപ്പിട്ടു കൊടുത്തിട്ടുണ്ട്.
പേപ്പർ മടക്കി പിടിച്ചിട്ട് ഇതിലൊന്ന് ഒപ്പിട്ടിട്ട് പോണ എന്ന് പറഞ്ഞു ഒപ്പിടീപ്പിച്ചു. ഒരു അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെങ്കിൽ തീർച്ചയായിട്ടും തലേദിവസം അജണ്ടയിൽ അത് ഉൾപ്പെടുത്തണമെന്നും പ്രയർ നോട്ടീസ് തന്നിരിക്കണമെന്നും ആണ് നിയമം. പക്ഷേ അങ്ങനെ ഒരു അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിനെ പറ്റിയിട്ട് യാതൊരു സൂചനകളും ഞങ്ങൾക്ക് തന്നിരുന്നില്ല. ഈ നീക്കത്തിനെതിരെ ഞങ്ങൾ പ്രതികരിക്കാനൊന്നും പോയില്ല. ഒരു സംഘം ചേർന്നിട്ട് വലിയ ഗൂഢലക്ഷ്യത്തോടുകൂടിയിട്ട് ഞങ്ങൾ തെറ്റായിട്ട് ഇടപെടുമ്പോൾ എന്ത് ചെയ്യാനാണ്. ഒരു കാര്യം പോലും ഞങ്ങൾ തെറ്റായിട്ട് ചെയ്തിട്ടില്ല.
ചാർട്ടേഡ് അക്കൗണ്ടൻറ് ആണ് കണക്കുകളെല്ലാം ക്രോഡീകരിക്കുന്നത്. ആൾ ആദ്യം തന്നെ സ്റ്റേജിൽ വന്നു നിന്നിട്ട് പറയുകയാണ് ഈ കണക്ക് തെറ്റാണ് എന്ന് .അദ്ദേഹം തന്നെ അ് പറയുമ്പോൾ ഞങ്ങൾ എന്ത് പറഞ്ഞിട്ട് അംഗീകരിക്കും? അയാളെക്കൊണ്ട് പറയിപ്പിച്ചതായിരിക്കാം. കാരണം അദ്ദേഹത്തിന് തന്നെ തോന്നിക്കാണും ഈ കമ്മിറ്റി പോയി കഴിഞ്ഞാലും അദ്ദേഹത്തിന് ഇവിടെ നിലനിൽക്കണമല്ലോ', ലക്ഷ്മിപ്രിയ പറഞ്ഞു.












Click it and Unblock the Notifications