പണത്തിനും പബ്ലിസിറ്റിക്കും വേണ്ടിയാണോ അത് ചെയ്തത്? വിഡിയോ വിവാദത്തിൽ ഒടുവിൽ മനംതുറന്ന് ഹൻസിക കൃഷ്ണ!
സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായ ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിഡിയോ വിവാദത്തിൽ ഒടുവിൽ മനംതുറന്ന് നടൻ കൃഷ്ണകുമാറിന്റെ ഇളയമകൾ ഹൻസിക കൃഷ്ണ. കഴിഞ്ഞ കുറച്ചു ആഴ്ചകളായി വലിയ രീതിയിലുള്ള വേദനയും കുറ്റബോധവും പേറിയാണ് താൻ ജീവിക്കുന്നതെന്നും, തന്റെ ഭാഗത്തുനിന്നുണ്ടായ ഒരു നിമിഷത്തെ വിവേകശൂന്യതയായിരുന്നു ആ വിഡിയോയെന്നും ഹൻസിക വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് താരം തന്റെ ഭാഗം വിശദീകരിച്ചത്.
സംഭവത്തിന്റെ സത്യാവസ്ഥ ഇങ്ങനെ
തന്റെ സഹോദരി അഹാന കൃഷ്ണ ഒരു വർഷത്തിലേറെയായി കഠിനാധ്വാനം ചെയ്ത, താൻ കൂടി അഭിനയിച്ച മ്യൂസിക് വിഡിയോ റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് ഈ നിർഭാഗ്യകരമായ സംഭവമുണ്ടായത്. ബോധപൂർവ്വമായിരുന്നില്ല താൻ ഇത് ചെയ്തതെന്നും, തന്റെ പ്രവർത്തി സഹോദരിയുടെ കരിയറിനെ ബാധിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ താൻ ഒരിക്കലും അതിന് മുതിരില്ലായിരുന്നുവെന്നും ഹൻസിക പറയുന്നു. പണത്തിനും പബ്ലിസിറ്റിക്കും വേണ്ടിയാണ് താൻ ഇത് ചെയ്തതെന്നുള്ള സോഷ്യൽ മീഡിയയിലെ ആരോപണങ്ങളെ ഹൻസിക ശക്തമായി നിഷേധിച്ചു. ഇരുപതാം വയസ്സിൽ സ്വന്തം കാര്യങ്ങൾ നോക്കാനുള്ള വരുമാനം തനിക്കുണ്ടെന്നും, വർഷങ്ങളായി പ്രേക്ഷകർ നൽകുന്ന സ്നേഹം ഉള്ളതുകൊണ്ട് പ്രശസ്തിക്ക് വേണ്ടി തങ്ങൾ കൊതിക്കുന്നില്ലെന്നും താരം കുറിപ്പിൽ വ്യക്തമാക്കി.
താൻ എന്തിനാണ് ആ വിഡിയോ പോസ്റ്റ് ചെയ്തതെന്ന് എനിക്ക് ഇപ്പോഴും അറിയില്ലെന്ന് ഹൻസിക പറയുന്നു. അതൊരു വലിയ തെറ്റായിരുന്നു. തികച്ചും ചിന്താശൂന്യമായി, ഒരു നിമിഷത്തെ എടുത്തുചാട്ടത്തിൽ ചെയ്തുപോയതാണ്. പോസ്റ്റ് ചെയ്തയുടൻ തന്നെ ചെയ്തത് തെറ്റാണെന്ന് തിരിച്ചറിയുകയും വെറും അഞ്ച് മിനിറ്റിനുള്ളിൽ തന്നെ വിഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. നിർഭാഗ്യവശാൽ, ആ ചുരുങ്ങിയ സമയത്തിനുള്ളിൽ സബ്‌സ്‌ക്രിപ്ഷൻ ഗ്രൂപ്പിലുണ്ടായിരുന്ന ചിലർ അത് സ്ക്രീൻ റെക്കോർഡ് ചെയ്യുകയും പിന്നീട് അത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

സൈബർ ആക്രമണങ്ങൾക്കും മറുപടി
ഈ സംഭവത്തിന് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ നടന്ന കടുത്ത സൈബർ ആക്രമണങ്ങളെക്കുറിച്ചും ഹൻസിക പ്രതികരിച്ചു. ഒരു പബ്ലിക് ഫിഗർ എന്ന നിലയിൽ വിമർശനങ്ങൾ സ്വാഭാവികമാണ്. എന്നാൽ ചിലർ ഇതൊരു 'പ്രൊജക്റ്റ്' പോലെ ഏറ്റെടുത്ത്, തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ റീച്ച് കൂട്ടാൻ വേണ്ടി മാത്രം ക്രൂരമായ ഭാഷയിൽ വീഡിയോകൾ ചെയ്തതിനെ താരം വിമർശിച്ചു. തങ്ങളെ വ്യക്തിപരമായി ബാധിക്കാത്ത ഒരു വിഷയത്തിൽ ആളുകൾക്ക് എങ്ങനെ ഇത്രയും വെറുപ്പ് കാണിക്കാൻ സാധിക്കുന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും താരം കൂട്ടിച്ചേർത്തു.
തന്റെ പ്രവർത്തി കാരണം വിഷമമോ നിരാശയോ തോന്നിയ എല്ലാവരോടും ഹൻസിക ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമ ചോദിച്ചു. പ്രതിസന്ധി ഘട്ടത്തിൽ കരുത്തായി കൂടെ നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും താരം നന്ദി അറിയിച്ചു. അച്ഛൻ കൃഷ്ണകുമാറിനും അമ്മ സിന്ധു കൃഷ്ണയ്ക്കും സഹോദരിമാർക്കും ഒപ്പം നിൽക്കുന്ന വലിയൊരു ആരാധകവൃന്ദം തന്നെ ഹൻസികയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ സംഭവത്തിൽ നിന്നും വലിയൊരു പാഠം പഠിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications