ഹെലൻ ഓഫ് സ്പാർട്ട, ശാലു കുര്യൻ, തൊപ്പി, ജാസി.. ബിഗ് ബോസ് മലയാളം സീസണ്‍ 8ൽ ആരൊക്കെ? മുൻതാരങ്ങളുടെ പ്രവചനം
ബിഗ് ബോസ് മലയാളം സീസണ്‍ 7 കഴിഞ്ഞ് മാസങ്ങളായെങ്കിലും ഷോയിലെ മത്സരാര്‍ത്ഥികള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ബിഗ് ബോസ് പ്രേക്ഷകര്‍ ഇനി കാത്തിരിക്കുന്നത് സീസണ്‍ 8ന് വേണ്ടിയാണ്. ഇപ്പോള്‍ തന്നെ ആരൊക്കെയാവും പുതിയ മത്സരാര്‍ത്ഥികള്‍ എന്നുളള പ്രവചനങ്ങള്‍ക്കൊക്കെ സോഷ്യല്‍ മീഡിയയില്‍ തുടക്കമായിട്ടുണ്ട്.
അതിനിടെ ബിഗ് ബോസ് മുന്‍കാല സീസണുകളിലെ മത്സരാര്‍ത്ഥികള്‍ സീസണ്‍ 8ല്‍ മത്സരിക്കുന്നവര്‍ ആരൊക്കെയായിരിക്കും എന്ന് പ്രവചനം നടത്തി രംഗത്ത് വന്നിരിക്കുകയാണ്. ബിഗ് ബോസ് റിവ്യൂവറായ അന്‍സിഫ് മൂണ്‍ലെറ്റ് മീഡിയ യൂട്യൂബ് ചാനലിലാണ് പ്രവചനപ്പട്ടിക പുറത്ത് വിട്ടിരിക്കുന്നത്.
അവതാരകന്‍ മിഥുന്‍ രമേശിന്റെ ഭാര്യയും വ്‌ളോഗറുമായ ലക്ഷ്മി മേനോന്‍ ബിഗ് ബോസ് സീസണ്‍ 8ല്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് ശോഭാ വിശ്വനാഥിന്റെ പ്രവചനം. മാത്രമല്ല യൂട്യൂബര്‍ തൊപ്പിയ്ക്കും സാധ്യത ഉണ്ടെന്ന് ശോഭാ വിശ്വനാഥന്‍ പറയുന്നു. വൈറല്‍ താരമായ ജാസി പുതിയ സീസണില്‍ വരുമെന്നാണ് രേണു സുധിയുടെ പ്രവചനം.

അതേസമയം തന്റെ ഭാര്യയും നടിയുമായ അമേയ ബിഗ് ബോസിലേക്ക് വരണമെന്ന് ആഗ്രഹം ഉണ്ടെന്നാണ് ജിഷിന്റെ അഭിപ്രായം. ഷോയിലേക്ക് വിളിക്കുമോ എന്ന് അറിയില്ലെന്നും വിളിച്ചാല്‍ പോകുമെന്നും ജിഷിന്‍ പറയുന്നു. ആര്‍ജെ ശംഭുവിന് ബിഗ് ബോസില്‍ ഒരു ചാന്‍സ് ലഭിക്കണം എന്ന് ആഗ്രഹിക്കുന്നുവെന്ന് ബിഗ് ബോസ് സീസണ്‍ 4 താരം വിനയ് മാധവ് പറയുന്നു.
ബിഗ് ബോസ് സീസണ്‍ 7ലെ ഫൈനലിസ്റ്റും ഗായകനുമായ അക്ബറിന് അവതാരകനായ രോഹന്‍ ലോണ പുതിയ സീസണിലുണ്ടാകണം എന്നാണ് ആഗ്രഹം. കഴിഞ്ഞ സീസണില്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അക്ബര്‍ ഖാന്‍ പറയുന്നു. തൊപ്പി ബിഗ് ബോസിലുണ്ടായാല്‍ നന്നാകുമെന്നാണ് സീസണ്‍ 7ലെ വൈല്‍ഡ് കാര്‍ഡ് ആയിരുന്ന സാബുമാന്‍ പറയുന്നത്.
ഏഷ്യാനെറ്റിലെ തന്നെ കുക്ക് വിത്ത് കോമഡി ഷോയിലെ താരങ്ങള്‍ ബിഗ് ബോസ് പുതിയ സീസണില്‍ ഉണ്ടായേക്കാം എന്നാണ് സീസണ്‍ 6ലെ മത്സരാര്‍ത്ഥിയായ സിജോ ജോണ്‍ പറയുന്നത്. വൈറല്‍ താരം കൂടിയായ സന്ധ്യാമ്മ വരാന്‍ സാധ്യതയുണ്ട്. മാത്രമല്ല നാഗ സൈരന്ധ്രി വരണമെന്നും ആഗ്രഹിക്കുന്നതായി സിജോ പറയുന്നു. വ്‌ളോഗറായ ഹെലന്‍ ഓഫ് സ്പാര്‍ട്ട വരണമെന്ന് ഹനാന്‍ പറയുന്നു. ഹെലന്‍ ഒരു ചുണക്കുട്ടിയാണെന്ന് ഹനാന്‍ പറഞ്ഞു.
വിജയ് ഫാന്‍ എന്ന നിലയ്ക്ക് വൈറലായ ഉണ്ണിക്കണ്ണന്‍ ബിഗ് ബോസിലേക്ക് വരണമെന്നാണ് മുന്‍ സീസണിലെ മത്സരാര്‍ത്ഥിയായ അഭിശ്രീ പറയുന്നത്. യൂട്യൂബ് താരമായ കൊമ്പന്‍, ഹിപ്സ്റ്റര്‍ ഒക്കെ ബിഗ് ബോസിലെത്തണമെന്നാണ് ബിഗ് ബോസിലെ ആദ്യ കോമണര്‍ മത്സരാര്‍ത്ഥിയായ ഗോപിക പറയുന്നത്. നടി ശാലു കുര്യന്‍ ഷോയിലേക്ക് വരണമെന്ന് നടി കൂടിയായ യമുന അഭിപ്രായപ്പെടുന്നു.














Click it and Unblock the Notifications