'യൂസഫലി ഇക്കയെ പ്രാകിപ്പോയി, കൊച്ചി ലുലു മാളിലെ അന്യായ പണപ്പിരിവ്', സിനിമ കാണാൻ പോയ ദുരിതം പറഞ്ഞ് നടി

കൊച്ചി ലുലുമാളിലെ തിയറ്ററിൽ സിനിമ കാണാൻ പോയ ദുരിതാനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടി സരിത ബാലകൃഷ്ണൻ. മാളിലെ പാർക്കിലേക്കുളള എൻട്രി ഗേറ്റിൽ ടോൾ ബൂത്തിലേത് പോലുളള പഴഞ്ചൻ സംവിധാനമാണെന്നും അരമണിക്കൂറോളമാണ് മാളിന്റെ ഗേറ്റിൽ നിന്ന് പാർക്കിംഗ് സ്ലോട്ട് വരെ സമയമെടുത്തതെന്നും നടി കുറിക്കുന്നു.

മാത്രമല്ല തിരിച്ച് ഇറങ്ങുമ്പോൾ പാർക്കിംഗ് ഫീസായി 50 രൂപ ഈടാക്കുന്നത് അന്യായ പണപ്പിരിവ് ആണെന്നും സരിത കുറ്റപ്പെടുത്തുന്നു. അറിയാതെ മനസ്സിൽ ലുലു ഉടമ എംഎ യൂസഫലിയെ പ്രാകിപ്പോയെന്നും സരിത കുറിക്കുന്നു.

സരിത ബാലകൃഷ്ണൻ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' കൊച്ചി ഇടപ്പള്ളിയിലെ ലുലു മാളിൽ ഒരു സിനിമ കാണാൻ പോയ എന്റെ അനുഭവം! കൊച്ചി ലുലു മാളിൽ സമാധാനമായി രണ്ടു മണിക്കൂർ ഇരുന്ന് സിനിമ കാണുക എന്ന മണ്ടത്തരം ചെയ്ത എന്റെ മനസ്സിന്റെ രോദനം . കൃത്യസമയത്ത് തിയേറ്ററിൽ എത്തണമെന്ന പരമഭ്രാന്തമായ ഉദ്ദേശത്തോടെ കൃത്യം നാലുമണിക്ക് ഞാൻ വീട്ടിൽ നിന്നിറങ്ങി. ഞായറാഴ്ചയുടെ സുഖകരമായ ബ്ലോക്കിലും ആവതുപോലെ പെട്ട്, ഗൂഗിളിന്റെ വഴി തെറ്റലുകൾക്കും നന്ദി പറഞ്ഞ് ഒടുവിൽ ലുലുവിന്റെ ഗേറ്റിന് മുന്നിലെത്തിയപ്പോൾ സമയം നാലരക്കടുത്തു. അവിടുന്ന് അങ്ങോട്ടാണ് യഥാർത്ഥ കോമഡി തുടങ്ങുന്നത്.

Lulu

ഉച്ചക്ക് കഴിച്ച കോഴിയുടെ പ്രാക്ക് ആണോന്ന് അറിയില്ല അവിടുന്ന് അങ്ങോട്ട് ദുരിതം തുടങ്ങി. മാളിന്റെ ഗേറ്റിൽ നിന്ന് പാർക്കിംഗ് സ്ലോട്ട് വരെയുള്ള ആ അരമണിക്കൂർ നീണ്ട യാത്ര ഉണ്ടല്ലോ, അതൊരു കിടിലൻ അനുഭവമാണ്! വണ്ടി മുന്നോട്ട് എടുക്കാൻ പറ്റാതെ, എസിയുടെ തണുപ്പും ആസ്വദിച്ച് ഇരിക്കുമ്പോഴാണ് കാറിന്റെ ടാങ്കിൽ നിന്നും പെട്രോളും കൂടെ കത്തിത്തീരുന്ന ആ കൊടും ക്രൂരത ഓർത്തത്. വണ്ടി ഓടാതെ കത്തിയെരിഞ്ഞ ആ പെട്രോളിന് ആരാണ് കണക്കു പറയുക? ഞാൻ മനസ്സിൽ അറിയാതെ ആണെങ്കിലും യൂസഫലി ഇക്കയെ പ്രാക്കി പോയി.

അരമണിക്കൂർ നിരങ്ങലിന്റെ അവസാനം പാർക്കിംഗ്ടോ എൻട്രിയിൽ എത്തിയപ്പോൾ അല്ലേ കഥ മനസ്സിലായത്, ടോൾ ഗേറ്റിലെപ്പോലെ ഓരോ വണ്ടിയെയും തടഞ്ഞുനിർത്തി നമ്പർ നോക്കി, സമയം രേഖപ്പെടുത്തി, 'ബൂം ബാരിയർ' പൊക്കി വിടുന്ന ആ അതി-ആധുനിക (പഴഞ്ചൻ) സംവിധാനം കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. ഒരു വണ്ടിക്ക് ആ ഗേറ്റിൽ അരമണിക്കൂർ നഷ്ടപ്പെടുന്നുണ്ടെങ്കിൽ, മുന്നിൽ നിൽക്കുന്ന ഇരുന്നൂറോ മുന്നൂറോ വണ്ടികൾ കഴിഞ്ഞു പാർക്കിംഗിൽ എത്തുമ്പോഴേക്കും ഇന്ധനവും സമയവും പാഴായി ആവിയായിട്ടുണ്ടാകും!

പുറത്ത് റോഡിൽ ടോൾ പ്ലാസയിൽ അല്പനേരം ക്യൂ നിന്നാൽ പോലും വലിയ രാഷ്ട്രീയ പ്രസംഗങ്ങളും പ്രതിഷേധങ്ങളും നടത്തുന്നവരാണ് നമ്മൾ. എന്നാൽ, ഇതേ നാട്ടിൽ ലുലു മാളിന്റെ ഗേറ്റിന് മുന്നിൽ മണിക്കൂറുകളോളം വണ്ടി ബ്ലോക്കിൽ കിടക്കുമ്പോൾ ആരും ഒന്നും മിണ്ടുന്നില്ല. ജനങ്ങൾ എന്തുകൊണ്ട് ഇത്ര നിശബ്ദരായി സഹിക്കുന്നു? മലയാളീടാ. പാർക്കിംഗ് സ്ലോട്ടിൽ എത്തിയപ്പോഴേക്കും വിയർത്തുകുളിച്ചു തളർന്നിരുന്നു. പിന്നെ തിയേറ്ററിലേക്ക് ഓട്ടപ്രദക്ഷിണമായിരുന്നു.

പിവിആർ മുകളിലത്തെ നിലയിലായതുകൊണ്ട്, ഒളിമ്പിക്‌സിൽ സ്വർണ്ണം നേടാനുള്ള വേഗത്തിലാണ് ഞാൻ ഓടിയെത്തിയത്. ലിഫ്റ്റിന് വേണ്ടി കാത്തുനിൽക്കാൻ സമയമില്ലാത്തതുകൊണ്ട് പടവുകൾ കയറി ശ്വാസം മുട്ടി തിയേറ്ററിൽ ചെന്നിരുന്നപ്പോഴേക്കും സിനിമയുടെ ടൈറ്റിൽ എഴുതിക്കാണിക്കുന്ന സമയം! ആ ടെൻഷനും ദേഷ്യവും കാരണം, ഹെവി എസിയുടെ തണുപ്പിലും ഞാൻ അഗ്നിപർവ്വതത്തിന് നടുവിലായിരിക്കുന്നതു പോലെയാണ് തോന്നിയത്. മനസ്സൊന്ന് ശാന്തമാകാൻ പിന്നീട് അരമണിക്കൂർ വേണ്ടി വന്നു.

ഏറ്റവും വലിയ തമാശ എന്തെന്നാൽ, ഇത്രയും കഷ്ടപ്പെട്ട് അകത്ത് കയറി സിനിമ കണ്ട് തിരികെ ഇറങ്ങുമ്പോൾ, ആ പാർക്കിംഗ് ഫീസായി 50 രൂപയും അവർ ഈടാക്കുന്നു. ടോൾ പ്ലാസയിൽ അല്പനേരം ക്യൂ നിന്നാൽ വലിയ പ്രതിഷേധം നടത്തുന്നവരാണ് നമ്മൾ, എന്നാൽ ഈ കൊള്ളമുതൽ പിരിവ് മാത്രം നമ്മൾ നിശബ്ദരായി സഹിക്കുന്നു. ഈ അന്യായമായ പണപ്പിരിവും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയും ഇനിയും തുടർന്നാൽ, സ്വന്തം സ്വാതന്ത്ര്യം പണയം വെച്ച് ഞാൻ ഇനി ലുലുവിൽ സിനിമ കാണാൻ പോകില്ല! എന്തായാലും ഇക്കയെ നല്ലത് പോലെ പ്രാക്കി പോയി. നിങ്ങളുടെ നാട്ടിലെ മറ്റു ഷോപ്പിങ് കോംപ്ലക്സ്കളിലും ഇങ്ങനെ ആണോ?''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+