'അച്ഛനുമമ്മയും തിരഞ്ഞെടുത്ത പെൺകുട്ടിയെ വിവാഹം കഴിച്ചു, പ്രേമവിവാഹമല്ല', സംഗീതയെ കുറിച്ച് വിജയ്
ഏതാനും നാളുകളായി തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയുടെ കുടുംബജീവിതവും വിവാഹമോചന നീക്കങ്ങളുമെല്ലാം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞ് നില്‍ക്കുന്ന വാര്‍ത്തയാണ്. വിജയില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീതയാണ് കുടുംബകോടതിയെ സമീപിച്ചത്.
2021 മുതല്‍ വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്നും അതില്‍ നിന്ന് പിന്മാറാമെന്ന് പറഞ്ഞിട്ടും തുടരുകയാണെന്നും വിവാഹമോചന ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. വിജയ്‌ക്കൊപ്പമുളള പല ചിത്രങ്ങള്‍ പുറത്ത് വന്നതും മുഖ്യമന്ത്രിയായുളള സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയതും തൃഷയാണ് ആ നടിയെന്ന പ്രചാരണത്തിന് ശക്തിയേകി.
എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ച് കൊണ്ട് കഴിഞ്ഞ ദിവസം വിവാഹ മോചന ഹര്‍ജി സംഗീത പിന്‍വലിച്ചിരിക്കുകയാണ്. വിജയില്‍ നിന്ന് അകന്ന് ലണ്ടനില്‍ താമസിക്കുകയായിരുന്ന സംഗീത ചെന്നൈ നീലങ്കരയിലെ വീട്ടിലേക്ക് തിരിച്ച് എത്തിയതായും വിജയുടെ അമ്മയാണ് പ്രശ്‌നപരിഹാരത്തിന് മുന്‍കൈ എടുത്തത് എന്നും വാര്‍ത്തകളുണ്ട്.

എന്തായാലും പുതിയ ഈ ട്വിസ്റ്റുകള്‍ക്കിടെ വിജയുടെ പഴയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സംഗീതയുമായുളള വിവാഹത്തെ കുറിച്ചുളള ചോദ്യത്തിന് സിനിസ്ട്രീറ്റിന് നല്‍കിയ അഭിമുഖത്തിലെ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്റെ മാതാപിതാക്കളാണ് സംഗീതയെ തന്റെ വധുവായി തിരഞ്ഞെടുത്തത് എന്നാണ് വിജയ് പറയുന്നത്.
ഇതൊരു പ്രണയവിവാഹം ആയിരുന്നില്ല. വിവാഹ കാര്യത്തില്‍ താന്‍ ഒരിക്കലും അച്ഛനമ്മമാരുടെ ഇഷ്ടത്തിന് എതിര് നിന്നിട്ടില്ല. എന്റെ അച്ഛനമ്മമാര്‍ തിരഞ്ഞെടുത്ത പെണ്‍കുട്ടിയെ ആണ് ഞാന്‍ വിവാഹം കഴിച്ചത്. എന്റെ ആരാധകരോട് ഞാന്‍ എപ്പോഴും പറയാറുളളത് മാതാപിതാക്കള്‍ തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ ജീവിതം മനോഹരമാകും എന്നാണ്, വിജയ് പറഞ്ഞു.
വിജയുടെ കടുത്ത ആരാധിക ആയിരുന്ന സംഗീതയെ 1990കളിലാണ് താരം പരിചയപ്പെടുന്നത്. ലണ്ടനില്‍ നിന്നും ചെന്നൈയില്‍ സിനിമാ ഷൂട്ടിംഗിലായിരുന്ന വിജയെ കാണാന്‍ സംഗീത പറന്നെത്തുകയായിരുന്നു. ഈ പരിചയം പിന്നീട് പ്രണയമായി വളര്‍ന്നു. സംഗീതയെ വിജയ് അച്ഛനായ എസ്എ ചന്ദ്രശേഖറിനേയും അമ്മ ശോഭയേയും പരിചയപ്പെടുത്തി. ഇരുവര്‍ക്കും സംഗീതയെ ഇഷ്ടമായതോടെയാണ് വിവാഹത്തിലേക്ക് കാര്യങ്ങളെത്തിയത്.
1998ല്‍ യുകെയില്‍ വെച്ച് സംഗീതയും വിജയും വിവാഹം രജിസ്റ്റര്‍ ചെയ്തു. അതിന് ശേഷം 1999 ആഗസ്റ്റ് 25ന് ചെന്നൈയില്‍ വെച്ച് ആഘോഷപൂര്‍വ്വം വിവാഹ ചടങ്ങും നടത്തി. ജേസണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നീ രണ്ട് മക്കളാണ് ഇവര്‍ക്കുളളത്. നീണ്ട 28 വര്‍ഷത്തെ വിവാഹ ബന്ധത്തിനാണ് അടുത്തകാലത്തായി വിളളല്‍ വീണത്. കുടുംബപ്രശ്‌നങ്ങളും അവിഹിത ആരോപണങ്ങളും വിജയുടെ പ്രതിച്ഛായയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി.




Click it and Unblock the Notifications