'ഒരു യാത്രയിൽ ലാലേട്ടനോട് ഈ സങ്കടം പറഞ്ഞു', ലാലേട്ടൻ ചെയ്തത്.. അനുഭവം പങ്കുവെച്ച് സിദ്ധു പനയ്ക്കൽ
മോഹൻലാലിനെ കുറിച്ച് ഹൃദ്യമായ അനുഭവക്കുറിപ്പ് പങ്കുവെച്ച്
പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. സൂപ്പർതാരം എന്നതിനപ്പുറം മോഹൻലാൽ ആളുകളോട് പെരുമാറുന്ന രീതിയിലെ ഊഷ്മളത സിനിമയ്ക്ക് അകത്തും പുറത്തും കയ്യടി നേടിയിട്ടുളളതാണ്. അത്തരത്തിലൊരു അനുഭവം ആണ് സിദ്ധു പനയ്ക്കൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
സിദ്ധു പനയ്ക്കലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ' 2018 ലൂസിഫർ ഷൂട്ടിംഗ് കുട്ടിക്കാനത്ത് നടക്കുമ്പോൾ എന്റെ പിറന്നാൾ വന്നു. ഞാൻ അന്നുവരെ ഷൂട്ടിംഗ് സെറ്റുകളിൽ പിറന്നാൾ ആഘോഷിച്ചിട്ടില്ല. ലൂസിഫർ ഷൂട്ടിംഗ് സമയത്ത് പിറന്നാൾ ആഘോഷിക്കാം എന്ന് തീരുമാനിച്ചു.
വലിയ കേക്ക് വാങ്ങിപ്പിച്ചു ആന്റണി പെരുമ്പാവൂർ. ഷൂട്ടിംഗ് കഴിഞ്ഞ് ഈവനിംഗ് ഞങ്ങളെല്ലാവരും ഒത്തുകൂടി ലാലേട്ടന്റെ പ്രാർത്ഥനയോടെ ആഘോഷത്തിന് ആരംഭമായി. ഞാൻ കേക്ക് കട്ട് ചെയ്തപ്പോൾ ലാലേട്ടൻ ആദ്യം കേക്ക് എടുത്ത് എനിക്ക് തന്നു. കേക്ക് തന്നതിനോടൊപ്പം എന്റെ കവിളിൽ അദ്ദേഹം ഒരു ഉമ്മയും തന്നു. തുടർന്ന് രാജു, ആന്റണി,മുരളിയേട്ടൻ, ക്യാമറാമാൻ സുജിത്ത് വാസുദേവ് തുടങ്ങി അവിടെ ഉണ്ടായിരുന്നവർ എല്ലാവരും എനിക്ക് കേക്ക് തന്നു.

പിറ്റേന്ന് സ്റ്റിൽ ഫോട്ടോഗ്രാഫർ സീന്നറ്റ് സേവിയർ ആ ഫോട്ടോകൾ എല്ലാം എനിക്ക് അയച്ചു തന്നു. എല്ലാ ഫോട്ടോകളും ഉണ്ടായിരുന്നു പക്ഷേ ലാലേട്ടൻ എനിക്ക് ഉമ്മ തന്ന ഫോട്ടോ അതിൽ ഉണ്ടായിരുന്നില്ല. ചോദിച്ചപ്പോൾ അത് എടുത്തില്ല എന്നാണ് പറഞ്ഞത്. സത്യത്തിൽ എനിക്ക് വലിയ സങ്കടമായി. ലാലേട്ടന്റെ കൂടെ നൂറുകണക്കിന് ഫോട്ടോ ഞാൻ എടുത്തിട്ടുണ്ട്. പക്ഷേ ഇതുപോലൊരു ഫോട്ടോ അപൂർവങ്ങളിൽ അപൂർവമായി മാത്രമേ കിട്ടു. ഇനിയൊരിക്കൽ ഇങ്ങനെ ഒരു ഫോട്ടോ കിട്ടണമെന്നുമില്ല. ആ ഫോട്ടോ ഇല്ല എന്നറിഞ്ഞപ്പോൾ സത്യത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞു.
ഷൂട്ടിങ്ങിനു പോകുമ്പോൾ ഞാൻ പലപ്പോഴും ലാലേട്ടന്റെ കൂടെ അദ്ദേഹത്തിന്റെ കാറിൽ പോകാറുണ്ട്. അങ്ങനെ ഒരു യാത്രയിൽ ഞാൻ ലാലേട്ടനോട് ഈ സങ്കടം പറഞ്ഞു. ആ ഫോട്ടോ കിട്ടാത്തതിലുള്ള എന്റെ പ്രയാസം മനസ്സിലാക്കിയ ലാലേട്ടൻ അതിനെന്താ നമുക്ക് അങ്ങനെ ഒരു ഫോട്ടോ എടുത്തു കളയാം എന്ന് പറഞ്ഞു.. പിറ്റേന്ന് ലാലേട്ടന്റെ കാരവാനിൽ വെച്ച് സിന്നറ്റ് സേവിയർ തന്നെ എടുത്തതാണ് ഈ ഫോട്ടോ. ഇതിന്റെ തന്നെ മറ്റൊരു ഫോട്ടോയാണ് എന്റെ വാട്സ്ആപ്പ് ഡിപി'.


Click it and Unblock the Notifications
